“ഉം അത് ശരിയാ…” ലിയ അവൻ്റെ അഭിപ്രായത്തോട് യോജിച്ചു.
“കഥ പറയാനുള്ള മോഹം…കണ്ണെഴുതാനുള്ള മോഹം…ഇനി ഇതുപോലെ എന്തെങ്കിലും മോഹങ്ങളോ ആഗ്രഹങ്ങളോ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി…എന്തിനും ഏതിനും ആര്യൻ…” അവൻ പറഞ്ഞിട്ട് ചിരിച്ചു.
“ഓഹോ…എല്ലാത്തിനും നീ ഉണ്ടാവുമോ…?” ലിയ ചെറിയൊരു നാണത്തോടെ ചോദിച്ചു.
“എന്താ സംശയമുണ്ടോ…ഉണ്ടെങ്കിൽ പറഞ്ഞോ…എന്താ ചേച്ചിക്ക് അടുത്ത ആഗ്രഹം…?” ആര്യൻ ചോദിച്ചു.
“ഒരു ആഗ്രഹം ഉണ്ട്…പക്ഷേ അത് ഞാൻ പിന്നെ പറയാം…” ലിയ പുഞ്ചിരിച്ചു.
“ഹാ ഇപ്പൊ പറയന്നേ…” ആര്യൻ അവളെ നിർബന്ധിച്ചു.
“ശെടാ…പറയാമെടാ…നല്ലപോലെ ആഗ്രഹിക്കുമ്പോൾ ഞാൻ പറയാം…പക്ഷേ നടത്തി തരണം നീ…അന്നേരം പറ്റില്ലാ എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞു മാറരുത്…” അവൾ പറഞ്ഞു.
“ഒഴിഞ്ഞുമാറാനോ…ഞാനോ…എപ്പൊ നടത്തി തന്നെന്ന് ചോദിച്ചാൽ മതി…” ആര്യൻ ഉറപ്പ് കൊടുത്തു.
“ഹാ അത് മതി…അപ്പൊ സമയം ആകുമ്പോൾ ഞാൻ പറയാം…” ലിയ അവൻ്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു.
“ഓ മതി…”
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ലിയയുടെ ജോലികളും കുറഞ്ഞു. അവർ മറ്റു പല കാര്യങ്ങളും സംസാരിക്കുകയും അതോടൊപ്പം തന്നെ ആര്യൻ അവളുടെ ഫോണിൽ വീട്ടിലേക്ക് വിളിച്ച് അവൻ്റെ അമ്മയോട് സംസാരിക്കാനും മറന്നില്ല.
ഊണ് കഴിഞ്ഞ ശേഷം അവർ വീണ്ടും പല കാര്യങ്ങളും സംസാരിച്ചിരുന്ന് സമയം മുൻപോട്ട് നീങ്ങി.
“അപ്പൊ ഇന്ന് എങ്ങനാ…ഇവിടാണോ അതോ വീട്ടിലോട്ടാണോ…” ആര്യൻ ലിയയോട് ചോദിച്ചു.
“നീ എന്നെ ഇവിടെ സ്ഥിരതാമസക്കാരി ആക്കുമോ…?” ലിയ ചിരിച്ചു.
“ആയാലും എനിക്ക് പ്രശ്നമൊന്നുമില്ല…” ഒരു പുഞ്ചിരിയോടെ ആര്യനും പറഞ്ഞു.
“ഉം പക്ഷേ എൻ്റെ വീട്ടിലുള്ളവർക്ക് പ്രശ്നമാണ്…” ലിയയുടെ മറുപടി.
“അപ്പോ ചേച്ചിക്ക് പ്രശ്നമില്ല അല്ലേ…” ആര്യൻ ചെറിയൊരു ചിരിയോടെ ചോദിച്ചു.
“പോടാ അവിടുന്ന്…അല്ലാ ഞാൻ എന്നും അവിടെ നിന്നിട്ട് നിനക്കെന്തിനാ…?” ലിയ അവൻ്റെ കണ്ണുകളിലേക്ക് നോക്കി.
“വെറുതേ…എനിക്കൊരു കൂട്ടിന്…പിന്നെ ചേച്ചിക്ക് കഥ പറയാം…” ആര്യൻ പ്രസന്നതയോടെ മറുപടി നൽകി.
“ഓഹോ…ഹാ ഇനി അതൊക്കെ അടുത്ത തവണ ബസ്സ് പണി മുടക്കുമ്പോൾ…” ലിയ ചിരിച്ചെങ്കിലും അവളുടെ മുഖത്ത് ചെറിയൊരു നിരാശ ഉണ്ടായിരുന്നു.