ശാലിനി ആര്യനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് “പോടാ പട്ടീ” എന്ന് ചുണ്ടനക്കി. അത് ആര്യന് മനസ്സിലാവുകയും ചെയ്തു.
“എങ്കിൽ പിന്നെ നമ്മൾക്ക് ഇറങ്ങിയാലോ…” ആര്യൻ ലിയയോട് ചോദിച്ചു.
“ആടാ ഇറങ്ങാം…” ലിയ മറുപടി നൽകി.
“എടാ ഒരു മിനുട്ട്…ചേച്ചി നൈറ്റിയും പാവാടയും ഇങ്ങു തന്നേക്ക് ഞാൻ ഇപ്പൊ അങ്ങ് കൊണ്ടുപോയേക്കാം…” ശാലിനി പെട്ടെന്ന് ഓർത്തപോലെ പറഞ്ഞു.
“ഹാ അത് ഞാൻ മറന്നു…ഇപ്പോ കൊണ്ടുവരാം…” എന്ന് പറഞ്ഞിട്ട് ലിയ അകത്തേക്ക് പോയി.
“ഞാൻ കരുതി എന്നെക്കൊണ്ട് അലക്കിപ്പിക്കുമെന്ന്…” ആര്യൻ മെല്ലെ ശാലിനിയോട് പറഞ്ഞു.
“അയ്യോ…എന്നിട്ട് വേണം ഇനി അതിനും ഞാൻ നിൻ്റെ പുറകെ നടക്കാൻ…” ശാലിനി പറഞ്ഞത് കേട്ട് ആര്യൻ ചിരിച്ചുപോയി. അപ്പോഴേക്കും ലിയ തിരികെ വന്നു.
“ഞാൻ കൊണ്ടുപോയി നനച്ചുകൊണ്ട് വന്നേനേം…ശാലിനി വേണ്ടാന്ന് പറഞ്ഞതുകൊണ്ടാ കേട്ടോ…” ലിയ ശാലിനിയോടായി പറഞ്ഞു.
“എൻ്റെ ചേച്ചീ അതൊന്നും വേണ്ടന്ന് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…ഇങ്ങു തന്നേ അത്…” എന്നും പറഞ്ഞ് ശാലിനി തുണി ലിയയുടെ കൈയിൽ നിന്നും വാങ്ങി ചുരുട്ടി പിടിച്ചു.
“മ്മ്…ഇനി അതിന് തർക്കിച്ച് നിൽക്കാനൊന്നും സമയമില്ല…ചേച്ചി ഇറങ്ങിക്കേ ഇങ്ങോട്ട്…” ആര്യൻ ലിയയോട് പറഞ്ഞിട്ട് വാതിൽ അടച്ചു.
“ഹഹ…എങ്കിൽ ഞങ്ങള് പോട്ടേ ശാലിനി…വൈകിട്ട് കാണാം…” എന്ന് പറഞ്ഞുകൊണ്ട് ലിയ മുറ്റത്തേക്ക് ഇറങ്ങി.
“മ്മ് ശരി ചേച്ചീ…ഞാനും പോയേക്കുവാ അങ്ങോട്ട്…അപ്പൊ ടാറ്റാ…” ശാലിനിയും മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് പറഞ്ഞു.
“ഹഹ…ടാറ്റ…” ലിയ ചിരിച്ചു.
“അപ്പോ എനിക്ക് ടാറ്റ ഇല്ലേ…” വീട് പൂട്ടിയ ശേഷം മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് ആര്യൻ ശാലിനിയോട് ചോദിച്ചു.
“നിനക്ക് ഞാൻ തരുന്നുണ്ട്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ലിയയെ കൈ വീശി കാണിച്ചിട്ട് വീട്ടിലേക്ക് നടന്നു.
ലിയയും ആര്യനും അതുകേട്ട് ചിരിച്ച ശേഷം ആര്യൻ സൈക്കിൾ എടുത്ത് അവർ രണ്ടുപേരും അതിൽകയറി ഓഫീസിലേക്ക് യാത്രയായി.
ഓഫീസിലെത്തിയ ലിയയും ആര്യനും പതിവ് പോലെ അവരുടേതായ തിരക്കുകളിലേക്ക് കടന്നു. കത്ത് വിതരണം എല്ലാം കഴിഞ്ഞ് തിരികെ വന്ന ആര്യൻ ലിയയുടെ അടുത്തായി ഇരുന്നിട്ട് അവൻ ലിയയെ തന്നെ നോക്കിയിരുന്നുകൊണ്ട് പുഞ്ചിരിച്ചു.