“ഇവിടായോണ്ട് അല്ലേടാ ഞാൻ ഇത്രയും സാവധാനത്തിൽ ഇതൊക്കെ ചെയ്യുന്നത്…വീട്ടിൽ ആയിരുന്നെങ്കിൽ ഇത് വല്ലോം നടക്കുമോ…ഇന്ന് എന്തൊരു ആശ്വാസം ഉണ്ടായിരുന്നു അതുകൊണ്ട്…” ലിയ മുടി ചീകുന്നതിനിടയിൽ തന്നെ പറഞ്ഞു.
“എങ്കിൽ പിന്നെ ഇവിടെ സ്ഥിരമായിട്ട് നിന്നോന്നേ…” ആര്യൻ ചിരിച്ചു.
“ഉം ആലോചിക്കേണ്ടി വരും…” ലിയയും അവൻ്റെയൊപ്പം അതുപറഞ്ഞ് ചിരിച്ചു.
“കുറച്ച് പൗഡർ കൂടി കിട്ടിയിരുന്നെങ്കിൽ…” ലിയ മുടി ചീകി കഴിഞ്ഞ ശേഷം അവനോട് പറഞ്ഞു.
“കുറച്ച് കൺമഷി കൂടി ആയാലോ…?” ആര്യൻ പരിഹാസ രൂപേണ ചോദിച്ചു.
“അയ്യോ വേണ്ടായേ പോയേക്കാം…” ലിയ അവനെ തൊഴുതു.
അവർ രണ്ടുപേരും മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും മുൻവാതിലിൽ മുട്ട് കേട്ടുകൊണ്ട് ആര്യൻ പോയി വാതിൽ തുറന്നു.
“ഹാ ആരിത്…?” ശാലിനിയെ കണ്ട് ആര്യൻ വാ പൊളിച്ച് ചോദിച്ചു.
“മാറിനിക്കെടാ ചെക്കാ അങ്ങോട്ട്…” ശാലിനി അവനെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി.
ആര്യൻ അവളെ നോക്കി മുഖം ചുളിച്ചിട്ട് മാറി നിന്നു. ശാലിനി ഉള്ളിൽ ചിരിച്ചുകൊണ്ട് ലിയയുടെ അരികിലേക്ക് നടന്നു.
“ഹാ വാ…ഞാൻ വിചാരിച്ചു രാവിലെ വരുമായിരിക്കുമെന്ന്…” ലിയ അവളെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
“കുറച്ച് കൂടി നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചതാ ചേച്ചീ…അവിടുത്തെ പണി തീരണ്ടേ…ഞാൻ നിങ്ങള് ഇറങ്ങിക്കാണുമെന്നാ വിചാരിച്ചത്…പിന്നെ ഇവൻ്റെ സൈക്കിൾ കണ്ടപ്പോ പോയിട്ടില്ലെന്ന് മനസ്സിലായി…” ശാലിനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഞങ്ങള് ദേ ഇറങ്ങാൻ തുടങ്ങുവായിരുന്നു…” ലിയ പറഞ്ഞു.
“ആണോ…ചേച്ചിക്ക് പൗഡറോ, ക്രീമോ എന്തെങ്കിലും വേണമെങ്കിൽ അതുംകൊണ്ടാ ഞാൻ വന്നത്…ഇവൻ്റെ കൈയിൽ ഉണ്ടായിരുന്നോ അത് വല്ലോം…?” ശാലിനി അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബാഗ് നീട്ടിക്കൊണ്ട് പറഞ്ഞു.
“ഉം നല്ല സമയത്താ കൊണ്ടുവന്നത്…” പറഞ്ഞത് ആര്യൻ ആയിരുന്നു.
“ഞാൻ ദേ ഇവനോട് ഇപ്പോ കുറച്ച് പൗഡർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞു നാവ് വായിലേക്ക് ഇട്ടതെയുള്ളു…അതിനെന്നെ അവൻ കളിയാക്കിയിട്ട് നിക്കുമ്പോഴാ ശാലിനിയുടെ വരവ്…” ലിയ ചിരിച്ചു.