“നീ റെഡി ആകുന്നില്ലേ…?” ലിയ അവൻ്റെ നിൽപ്പ് കണ്ട് ചോദിച്ചു.
“ഉണ്ട്…”
“പിന്നെന്താ ഇങ്ങനെ നിൽക്കുന്നെ…?”
“എനിക്ക് പിന്നെ എളുപ്പം ആണല്ലോ…ഒരു ഷർട്ടും പാൻ്റും വലിച്ച് കയറ്റിയാൽ മതിയല്ലോ…!” ആര്യൻ കുറച്ച് മുന്നേ ലിയ പറഞ്ഞ അതേ വാക്കുകൾ അതേ ഈണത്തിൽ തന്നെ പറഞ്ഞു.
“ഹഹ…അതുകൊണ്ട്…?”
“അതുകൊണ്ട് വേഗം കഴിച്ചിട്ടാ പാത്രം തന്നിട്ട് ചേച്ചി പോയി റെഡി ആകാൻ നോക്ക്…” ആര്യൻ തുടർന്നു.
“അതൊക്കെ ഞാൻ കഴുകിക്കോളാം നീ പോയി റെഡി ആയിക്കൊ…” എന്ന് പറഞ്ഞുകൊണ്ട് ലിയ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് നടക്കാൻ ആഞ്ഞതും സാരിയുടെ താഴത്തെ തുമ്പിൽ ചവിട്ടി അവൾ മുൻപോട്ട് വീഴാൻ പോയി.
പക്ഷേ തൊട്ടുമുന്നിൽ തന്നെ ആര്യൻ നിന്നിരുന്നതിനാൽ അവൻ അവളുടെ തോളിൽ താങ്ങി പിടിച്ചതുകൊണ്ട് ലിയ വീണില്ല. പക്ഷേ ഒരു അഡ്ജസ്റ്റ്മെൻ്റിൽ ഉടുത്തിരുന്ന ലിയയുടെ സാരിയുടെ ഞൊറി അരയിൽ നിന്നും കുത്തഴിഞ്ഞ് താഴേക്ക് വീഴാൻ തുടങ്ങി.
“എടാ…പിടിച്ചേ പിടിച്ചേ…” ഇടതുകൈയിൽ പാത്രവും, വലതുകൈയിൽ കഴിച്ചതിൻ്റെ അവശിഷ്ടവുമായി നിന്നുകൊണ്ട് ലിയ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
“പിടിച്ചിട്ടുണ്ട് ചേച്ചീ…വീണില്ലല്ലോ…” ലിയയുടെ ശബ്ദം കേട്ട് ഞെട്ടിയ ആര്യൻ ഒന്നുകൂടി മുറുകി അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“എടാ പൊട്ടാ എന്നെ പിടിക്കാനല്ല…സാരി അഴിയുന്നു അതിൽ പിടിക്കാൻ…” ലിയ വീണ്ടും ശബ്ദം ഉയർത്തി ചിരി കടിച്ചുപിടിച്ച് പറഞ്ഞു.
“ഓ അതായിരുന്നോ…സോറി…” ആര്യൻ പെട്ടെന്ന് തന്നെ അവളുടെ അഴിഞ്ഞു വീണ സാരിയുടെ ഞൊറികളിൽ പിടുത്തമിട്ടു.
“കഷ്ടപ്പെട്ട് ഞൊറിഞ്ഞതെല്ലാം പോയെന്ന് തോന്നുന്നു നാശം…” ലിയ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പാത്രം എൻ്റെകൈയിൽ തന്നേക്കാൻ…കേട്ടില്ലല്ലോ…?” ആര്യൻ കണക്കായിപ്പൊയി എന്ന മട്ടിൽ പറഞ്ഞു.
“കേട്ടാൽ മതിയാരുന്നു…” ലിയ ദയനീയമായി പറഞ്ഞു.
“ഹാ ഇനിയെങ്കിലും അതിങ്ങു തന്നിട്ട് ചേച്ചി പോയി ഇത് ശരിയാക്ക്…” ലിയ അവളുടെ പാത്രത്തിലേക്ക് നോക്കി പറഞ്ഞു.
“അതിന് ഈ എച്ചിൽകൈയുമായി ഞാൻ എങ്ങനെ ഇത് ശരിയാക്കാനാ…?” ലിയ വീണ്ടും ശബ്ദമുയർത്തി.