“കാണുമ്പോൾ തന്നെ എന്തൊരു ഉന്മേഷം തോന്നും നമ്മൾക്ക്…പിന്നെ കുളിക്കുമ്പോൾ കിട്ടുന്ന ഊർജത്തിൻ്റെ കാര്യം പറയണോ…?” ലിയ ചോദിച്ചു.
“അതേ…”
“എനിക്ക് അവിടെ പോയി കുളിക്കണം എന്ന് ആഗ്രഹമൊക്കെയുണ്ടടാ പക്ഷേ എനിക്കൊരു ചമ്മലാ…പിന്നെ എനിക്ക് നീന്താനും അറിയില്ല…” ലിയ നിരാശയോടെ പറഞ്ഞു.
“അതിനിപ്പോ നീന്താൻ അറിയണമെന്നൊന്നുമില്ല…പിന്നെ ചമ്മലെന്തിനാ…?” ആര്യൻ കാപ്പി കുടിച്ച ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
“ഒന്നാമത് ഞാനീ നാട്ടുകാരി അല്ലല്ലോടാ…പിന്നെ ഞാൻ അങ്ങനെ കുളത്തിലൊന്നും പോയി കുളിച്ചിട്ടില്ല…അതുകൊണ്ടുള്ള ഒരു ചമ്മൽ…”
“അതിപ്പോ ഞാനും ഈ നാട്ടുകാരൻ അല്ലല്ലോ…?” ആര്യൻ ചിരിച്ചു.
“നിന്നെപ്പോലെയാണോ ഞാൻ…നീ പിന്നെ ഇപ്പൊ ഇവിടുത്തുകാരൻ ആണല്ലോ…!” ലിയ അവനെ ഒന്ന് പൊക്കുന്ന രീതിയിൽ പറഞ്ഞു.
“ഓഹോ…എന്തായാലും അടുത്ത തവണ ഇവിടെ നിൽക്കുമ്പോൾ ഞാൻ കൊണ്ടുപോകാം…ചമ്മൽ വരാതിരിക്കാൻ നമുക്ക് രാത്രിയിൽ പോകാം എന്താ…?” ആര്യൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.
“അതുശരി…ഞാൻ ഇനിയും ഇവിടെ നിൽക്കുമെന്ന് നീ അങ്ങ് തീരുമാനിച്ചോ…?” ലിയ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു.
“പിന്നില്ലാതെ…നമ്മൾക്ക് ഇനിയും രാത്രി കഥകൾ പറയണ്ടേ…എന്താ ഇന്നലെക്കൊണ്ട് ചേച്ചീടെ കഥകൾ പറയാനുള്ള കൊതി തീർന്നോ…?” ആര്യൻ കൈലി മടക്കിക്കുത്തി.
“അതീ ജന്മത്തിൽ തീരുമെന്ന് തോന്നുന്നില്ല…” ലിയ മന്ദഹസിച്ചു.
“ഹാ അതാ പറഞ്ഞത്…എനിക്കിനിയും കേൾക്കണം ഇന്നലത്തെ പോലെ…” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“ഉം…” ലിയ സ്നേഹത്തോടെ അവൻ്റെ കണ്ണിലേക്ക് നോക്കി തലകുലുക്കി.
“പക്ഷേ ഇനി ഇവിടെ നിൽക്കാൻ എന്തെങ്കിലും കാരണം വേണ്ടേ…വീട്ടിൽ ഞാൻ എന്ത് പറയും…?” ഉടൻ തന്നെ ലിയ ചോദിച്ചു.
അതിൽ നിന്നും അവൾക്കും ഇവിടെ ഇനിയും നിൽക്കാൻ താൽപര്യം ഉണ്ടെന്ന് ആര്യന് മനസ്സിലായി.
“അത് പ്രശ്നമില്ല…ബസ്സ് പിന്നെയും ബ്രേക്ക് ഡൗൺ ആയെന്നങ്ങ് പറയണം…ബസ്സല്ലേ, ഒരു തവണയെ കേടാകൂ എന്ന് നിർബന്ധം ഒന്നുമില്ലല്ലോ…” ആര്യൻ ചിരിച്ചു.
“ഉം ഉവ്വാ…” ലിയയും അവൻ്റെയൊപ്പം ചിരിച്ചു.
“അപ്പോ ചേച്ചി വരുന്നില്ലല്ലോ…ഞാൻ പോയിട്ട് വരട്ടേ എങ്കിൽ…?” ആര്യൻ മുറിക്ക് പുറത്തേക്ക് നടന്നു.