“ഒന്നും ആലോചിച്ച് വിഷമിക്കാതെ വേഗം കിടന്നുറങ്ങിക്കോളണം കേട്ടോ…” ആര്യൻ അവളുടെ ചെവിയിൽ പറഞ്ഞു.
“ഉം…” ലിയ ഒന്ന് മൂളുക മാത്രം ചെയ്തിട്ട് അങ്ങനെ തന്നെ കണ്ണുകളടച്ച് ഇരുന്നു.
ആര്യൻ “ഉം…ഉം…ഉം…” എന്ന് ഈണത്തിൽ മൂളിക്കൊണ്ട് ഇരുവശങ്ങളിലേക്കും അവളെയും ചേർത്ത് ആടിക്കളിച്ചു. അതിഷ്ടപ്പെട്ട ലിയയുടെ ചിരി അവൻ്റെ കാതുകളിൽ കേട്ടു. രണ്ടു മൂന്നു തവണകൾ കൂടി അങ്ങനെ ചെയ്ത ശേഷം “മതി രസിച്ചത്…” എന്ന് പറഞ്ഞ് ആര്യൻ അവളിൽ നിന്നും വിട്ടകന്നു.
“കിടന്നോ…ഞാൻ ലൈറ്റ് ഓഫ് ആക്കിയേക്കാം…” ആര്യൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഉം…” ലിയ തലയാട്ടി.
ആര്യൻ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷം വാതിലടച്ച് അപ്പുറത്തെ മുറിയിലേക്ക് നടന്നു.
ഉറങ്ങാനായി കിടക്കുമ്പോൾ അവൻ്റെ മനസ്സിൽ അന്നാദ്യമായി ലിയയുടെ മുഖം കടന്നുവന്നു…അല്ല, ലിയയുടെ മുഖം നിറഞ്ഞുനിന്നു. താൻ ഇവിടെ വന്നതിന് ശേഷം അടുത്തിടപഴകിയിട്ടുള്ള സ്ത്രീകളിൽ തനിക്കാരോടാണോ ഇതുവരെയും മറ്റൊരു തരത്തിലുള്ള വികാരമോ സ്നേഹമോ തോന്നാതിരുന്നത്, ഒടുവിൽ ആ വ്യക്തിയോടും മറ്റൊരു തരത്തിലുള്ള ഇഷ്ടം ഇന്ന് തോന്നിയിരിക്കുന്നു എന്ന് ആര്യൻ മനസ്സിലാക്കി.
******* ******* ******* *******
“ആര്യാ…ആര്യാ…”
ലിയയുടെ വിളി കേട്ടാണ് ആര്യൻ ഉറക്കമുണരുന്നത്. അവൻ വളരെ പ്രയാസപ്പെട്ടുകൊണ്ട് അവൻ്റെ കണ്ണുകൾ തുറന്നു.
“എന്താ ചേച്ചീ എന്ത് പറ്റി…?” ആര്യൻ ചോദിച്ചു.
“എന്ത് പറ്റിയെന്നോ…സമയം ആറായി…ദാ കാപ്പി…” ലിയ അവളുടെ കൈയിലിരുന്ന കാപ്പി അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ദൈവമേ ഇത്ര പെട്ടെന്നോ…ഇപ്പോ അങ്ങോട്ട് കണ്ണടച്ചതല്ലേയുള്ളൂ…!” ആര്യൻ ഉറക്കച്ചടവോടെ മെല്ലെ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു.
“എങ്കിൽ കിടന്നോടാ…ഇന്നലെ ഞാൻ കാരണം താമസിച്ച് കിടന്നതല്ലേ അതാവും ക്ഷീണം…” ലിയ അവനോട് പറഞ്ഞു.
“ഏയ്…ഞാൻ ഈ സമയത്ത് തന്നെയാ എഴുന്നേൽക്കുന്നത്…എന്നാലും പെട്ടെന്ന് നേരം വെളുത്തപോലെ ഒരു തോന്നൽ…അതുകൊണ്ട് ചോദിച്ചതാ…” ആര്യൻ എന്തോ തിരഞ്ഞുകൊണ്ട് പറഞ്ഞു.