“അയ്യോ അത് വേണ്ടാ…ഞാൻ നിർത്തി…അം…” എന്ന് പറഞ്ഞുകൊണ്ട് അവൻ ആ സംഭാഷണത്തിന് അവിടെ തടയിട്ടു.
അതുവരെ അവര് തമ്മിലുള്ള വാഗ്വാദങ്ങൾ ലിയക്ക് ചിരിയാണ് നൽകിയതെങ്കിൽ നേരത്തെ ശാലിനി പറഞ്ഞ കാര്യം ലിയക്ക് തൻ്റെ ശരീരത്തെ പറ്റി ചെറിയൊരു അഭിമാനം ഉണ്ടാക്കുകയും ആര്യൻ പറഞ്ഞ വാക്കുകൾ കൂടുതൽ സന്തോഷവും സമ്മാനിച്ചു. തൻ്റെ വസ്ത്രധാരണത്തെ പറ്റിയൊക്കെ ആര്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ എന്നൊരു തോന്നലും അവൾക്കുണ്ടായി. കാരണം വർഷങ്ങൾക്ക് ശേഷമാണ് ഒരാള് അവളോട് അങ്ങനെയൊക്കെ പറയുന്നത്. അത് അവളുകൂടി ഇഷ്ടപ്പെടുന്ന ഒരാളാകുമ്പോൾ, അതും ആര്യൻ പറയുമ്പോൾ അതിന് മാറ്റ് കൂടും.
“നിങ്ങളിങ്ങനെ വഴക്കിട്ടോണ്ട് നിൽക്കാതെ…” ലിയ രണ്ടുപേരോടുമായി പറഞ്ഞു.
“അതേ…വാ നമുക്കിനി കുറച്ച് നേരം ഇരുന്നോണ്ട് വഴക്കിടാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ കസേരയുടെ അടുത്തേക്ക് നടന്നു.
“പോടാ അവിടുന്ന്…ശാലിനി വാ…” ലിയ അവൻ്റെ മറുപടി കേട്ട് ഒന്ന് ചിരിച്ച ശേഷം ശാലിനിയെയും കൂട്ടി കസേരയിൽ പോയി ഇരുന്നു.
ആര്യൻ ഡൈനിങ് മേശയുടെ ഒരു വശത്തും അവൻ്റെ ഇടതു വശത്തായി ലിയയും അവരുടെ എതിർവശത്തായി ആര്യന് നേരെ ശാലിനിയും ഇരിപ്പുറപ്പിച്ചു.
അവർ മൂവരും ചെറിയ ചെറിയ വിഷയങ്ങളിൽ നിന്നും തുടങ്ങി വലിയ വലിയ കാര്യങ്ങളിലേക്ക് സംസാരം കൊണ്ടുപോയി. അതിൽ ലിയയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളും കടന്നു വന്നു. അത് കേട്ട് കഴിഞ്ഞപ്പോൾ ശാലിനിക്ക് ലിയയോട് ഒരു സഹതാപവും ഒപ്പം കുറച്ചുകൂടി സ്നേഹവും ഉണ്ടായി. ആ സംഭവത്തിന് ശേഷം ആരോടും അങ്ങനെ അധികം മിണ്ടാതെയുള്ള തൻ്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു മാറ്റം കൊണ്ടുവന്നത് ആര്യൻ ആണെന്ന് ലിയ പറഞ്ഞപ്പോൾ അതിൽ വലിയ അത്ഭുതമൊന്നും ശാലിനിക്ക് തോന്നിയില്ല.
സംസാരത്തിനിടയിൽ ഒന്നുരണ്ട് തവണ ആര്യൻ അവൻ്റെ കാൽവിരലുകൾ ഉപയോഗിച്ച് ശാലിനിയുടെ കാലിൽ കളം വരയ്ക്കാനൊരു ശ്രമം നടത്തിയിരുന്നെങ്കിലും ലിയ അടുത്തിരിക്കുന്നതിനാൽ ശാലിനി അവനെ അധികം പ്രോത്സാഹിപ്പിച്ചില്ല. ഒടുവിൽ അവളുടെ കണ്ണുരുട്ടി ദഹിപ്പിച്ചുള്ള നോട്ടം കൂടി കണ്ടപ്പോൾ ആര്യൻ പിന്നെ അതിന് മുതിർന്നതുമില്ല.
അങ്ങനെ ഏതാണ്ടൊരു മണിക്കൂറോളം ശാലിനി അവരോടൊപ്പം അവിടിരുന്ന് കഥ പറഞ്ഞ ശേഷം പോകാനായി എഴുന്നേറ്റു.