മന്ദാരക്കനവ് 9 [Aegon Targaryen]

Posted by

 

ലിയ വീണ്ടും ഒന്ന് പുഞ്ചിരിച്ചു. കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു.

 

“സ്ഥിരം ആയിരുന്നു…ഒരു രണ്ട് വർഷം മുൻപ് വരെ…” ലിയയുടെ സ്വരത്തിലെ മാറ്റം ആര്യൻ അറിഞ്ഞു.

 

ആര്യൻ അത് കേട്ടെങ്കിലും അനങ്ങാതെ തന്നെ കിടന്നു.

 

“ഇച്ചായന് എന്നും എന്തെങ്കിലും കഥകൾ ഉണ്ടാകുമായിരുന്നു പറയാൻ…നല്ല രസമാണ് ഓരോന്ന് പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ…നിന്നെ പോലെ തന്നെ വാചകമടിക്കാൻ മിടുക്കൻ ആയിരുന്നു…” ലിയ ഒന്ന് ചിരിച്ചു.

 

അത് കേട്ട ആര്യൻ വീണ്ടും മുഖം ഉയർത്തി ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ അരികിലേക്ക് കുറച്ചുകൂടി നീങ്ങി അതേപോലെ തന്നെ കമിഴ്ന്നു കിടന്നു. ലിയ അവൻ്റെ മുടിയിൽ തഴുകിക്കൊണ്ട് വീണ്ടും തുടർന്നു.

 

“ആദ്യമൊക്കെ ഞാനും വിചാരിച്ചിട്ടുണ്ട് കഥ നിർത്തിയിരുന്നെങ്കിൽ ഒന്ന് ഉറങ്ങാമായിരുന്നു എന്ന്…പക്ഷേ പിന്നീട് കഥ കേൾക്കാതെ ഉറക്കം വരില്ല എന്ന അവസ്ഥയായി…പതിയെ പതിയെ ഞാനും കഥകൾ പറയാൻ തുടങ്ങി…ചില ദിവസങ്ങളിൽ അത് വെളുപ്പിനെ വരെയൊക്കെ പോയിട്ടുമുണ്ട്…”

 

“ശരിക്കും…!” ആര്യൻ അതേ കിടപ്പിൽ തന്നെ ചോദിച്ചു.

 

“അതേടാ…സമയം പോകുന്നത് ശ്രദ്ധിക്കാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും…ഞങ്ങൾക്കിടയിൽ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ ഞങ്ങളത് പ്രകടിപ്പിച്ചിരുന്നത് കഥ പറയാതെ നേരത്തെ കിടന്നുറങ്ങിക്കൊണ്ടാണ്…ആ വഴക്ക് തീരുന്നതാവട്ടെ പിറ്റേന്ന് മറ്റൊരു കഥയിലൂടെ തന്നെ…ഹാം…എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു…” അവസാന വാക്കുകളിൽ ലിയയുടെ സ്വരം ഇടറിയത് ആര്യൻ അറിഞ്ഞു.

 

ആര്യൻ കിടപ്പിൽ നിന്നും എഴുന്നേറ്റിരുന്നുകൊണ്ട് ലിയയെ ഒന്ന് നോക്കി.

 

“അതേ, ശരിയാണ്…ചേച്ചിയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്…” ആര്യൻ മനസ്സിൽ പറഞ്ഞു.

 

“അതേ കഥ പറഞ്ഞ് കരയാനുള്ള പരിപാടി ആണെങ്കിൽ ദേ ഞാൻ ഇപ്പൊ ഇറങ്ങി പോകും കേട്ടോ…” ആര്യൻ വിരൽ ചൂണ്ടി ഒരേസമയം തമാശയായിട്ടും കാര്യമായിട്ടും തോന്നുന്ന രീതിയിൽ അവളോട് പറഞ്ഞു.

 

ലിയ അതുകേട്ട് ഒന്ന് പുഞ്ചിരിച്ചപ്പോഴേക്കും അവളുടെ കണ്ണുകളിൽ നിന്നും അറിയാതെ വെള്ളം പുറത്തേക്ക് ചാടി. അവളത് പെട്ടെന്ന് തന്നെ തുടച്ചിട്ട് ആര്യനെ ഒന്ന് നോക്കി.

 

ആര്യൻ കട്ടിലിൽ നിന്നും പതിയെ ഇറങ്ങാനായി തുടങ്ങുന്നത് കണ്ട ലിയ അവൻ്റെ കൈയിൽ പിടിച്ചിട്ട് “ടാ പോവല്ലേ ഞാൻ കരഞ്ഞതല്ല…” എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *