“പോടാ ചെക്കാ അവിടുന്ന്…” ലിയയും ആ തമാശയ്ക്ക് ചിരിച്ചെങ്കിലും അവൻ്റെ ഈ വക തമാശകൾ അവൾ മുൻപ് ആഗ്രഹിച്ചിരുന്നതിനാൽ അവൻ അങ്ങനെ പറഞ്ഞതിൻ്റെ സന്തോഷം ആയിരുന്നു ആ ചിരിയിൽ കൂടുതലും.
“ഹാ എന്തായാലും പഴയ പോസ്റ്റ് മാൻ പോയത് അപ്പോ നന്നായി അല്ലേ…?” ആര്യൻ ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു.
“സത്യം…അതാ പറഞ്ഞത് നീ എനിക്കൊരു ശല്യവും അല്ല ബുദ്ധിമുട്ടും അല്ലാന്ന്…മനസ്സിലായോ ചെക്കാ…” ലിയ അവൻ്റെ നെറ്റിയിൽ പതിയെ തള്ളി.
“ചേച്ചിക്ക് ബുദ്ധിമുട്ടില്ലേൽ പിന്നെ എനിക്കെന്ത് കുഴപ്പം…ഞാൻ വേണേൽ വെളുപ്പിനെ വരെ സംസാരിച്ചിരിക്കും എന്താ കാണണോ…?” ആര്യൻ അവളെ വെല്ലുവിളിക്കുന്ന പോലെ ചോദിച്ചിട്ട് കൈയുടെ മുകളിൽ മുഖം അമർത്തി കട്ടിലിൽ കിടന്നു.
“ഉം…” ലിയ കാണണം എന്ന രീതിയിൽ മൂളി.
അത് കേട്ട ആര്യൻ ഞെട്ടി മുഖം ഉയർത്തി പറഞ്ഞത് അബദ്ധം ആയോ എന്ന മട്ടിൽ ലിയയെ ഒന്ന് നോക്കി. ആര്യൻ കണ്ണ് തള്ളി നോക്കി കിടക്കുന്ന കാഴ്ച കണ്ട ലിയ പൊട്ടി ചിരിച്ചുപോയി. അത് കണ്ട ആര്യൻ ലിയ തമാശിച്ചതാണെന്ന് മനസ്സിലാക്കിയ ശേഷം “ഹോ ഞാനൊന്ന് പേടിച്ചു…” എന്ന് പറഞ്ഞു.
“ഞാൻ വെളുപ്പിനെ വരെ ഇരിക്കണം എന്ന് പറഞ്ഞാൽ നീ ഇരിക്കില്ലേ…?” ലിയ അവനോട് ചോദിച്ചു.
“പിന്നെന്താ ഇരിക്കാലോ…എന്നിട്ട് നാളെ ഓഫീസിൽ പോയി കിടന്നുറങ്ങാം നമുക്ക്…” ആര്യൻ പരിഹാസരൂപേണ മറുപടി നൽകി.
ലിയ അതിനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് തലയിണ എടുത്ത് ചുവരിനോട് ചേർത്ത് വെച്ച ശേഷം അതിലേക്ക് പുറം ചാരി ഇരുന്നു.
“ചേച്ചി ഇന്ന് ഇല്ലാത്തതുകൊണ്ട് അവിടെ കൊച്ചൻ ഇന്ന് നേരത്തെ ഉറങ്ങിക്കാണും അല്ലേ…?” ആര്യൻ വീണ്ടും തുടർന്നു.
“അതെന്തേ…?” ലിയ ചോദിച്ചു.
“ഇന്ന് അമ്മേടെ കഥ കേട്ടോണ്ട് ഇരിക്കണ്ടല്ലോ…”
“നീ കളിയാക്കണ്ട…അല്ലെങ്കിലും അവൻ നേരത്തേ കിടന്നുറങ്ങും…പിന്നെങ്ങനെ കഥ പറയാനാ ഞാൻ…” ലിയ മുഖത്ത് പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ലാതെ പറഞ്ഞു.
“അത് ശരി…അപ്പൊ ഇത് സ്ഥിരം അല്ലായിരുന്നു അല്ലേ…ഞാൻ കരുതി മോനോട് എന്നും കഥ പറഞ്ഞ് കൊടുക്കുന്നതുകൊണ്ട് അതിൻ്റെ ഒരു ഫ്ലോയിൽ എന്നെയും പിടിച്ച് ഇരുത്തിയതാണെന്ന്…” ആര്യൻ കിടന്നുകൊണ്ട് തന്നെ തല ഉയർത്തി ചോദിച്ചു.