“അതിന് ഞാൻ ഈ നൈറ്റി കുറച്ച് കാലങ്ങളായി ഇടാറില്ലല്ലോ പിന്നെ നീ എങ്ങനെ എൻ്റെ ചേർച്ച കണ്ടു…?” ശാലിനി ഇടുപ്പിന് കൈ കുത്തി നിന്നുകൊണ്ട് ചോദിച്ചു.
അവരുടെ കളിയാക്കലുകളും പരിഹാസങ്ങളും കേട്ട് ഈറനായ മുടിയിൽ തോർത്തും കെട്ടി, മുഖത്തിലും കഴുത്തിലൂടെയും ചെറു ചെറു വെള്ളത്തുള്ളികൾ ഒഴുകിക്കൊണ്ട് ശാലിനിയുടെ വെള്ള നൈറ്റിയിൽ ഒരു മാലാഖയെ പോലെ ലിയ അവിടെ നിന്നു.
“എന്തിനാ ഇനി ചേച്ചി ഇടുന്നത് കാണേണ്ട ആവശ്യം!…ദേ അങ്ങോട്ട് നോക്ക് കുളിച്ചൊരുങ്ങി വന്ന തമ്പുരാട്ടിയെ പോലെ നിൽക്കണ നിൽപ്പ് കണ്ടോ…പക്ഷേ തമ്പുരാട്ടി നൈറ്റിയിൽ ആണെന്ന് മാത്രം…” ആര്യൻ ലിയയെ നോക്കി പറഞ്ഞുകൊണ്ട് ചിരിച്ചു.
“പോടാ അവിടുന്ന്…” ആര്യൻ പറഞ്ഞത് ഉള്ളാൾ സുഖിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ ലിയയും ചിരിച്ചു.
“അതിൻ്റെയത്രയും വരുമോ ഇനി ചേച്ചി അതിട്ട് നിന്നാൽ…?” ആര്യൻ ശാലിനിയോട് ലിയയെ ചൂണ്ടി ചോദിച്ചു.
“അത്രയും വരില്ലെന്ന് നീ പറയാതെ തന്നെ എനിക്കറിയാം…അവനൊരു വലിയ ഫാഷൻ ഡിസൈനർ വന്നിരിക്കുന്നു…ഹും…” ശാലിനി ലിയ അടുത്ത് നിൽക്കുന്നത് കൊണ്ട് കൂടുതലൊന്നും പറഞ്ഞില്ല.
“ഒന്ന് പോയേ ശാലിനി…അവൻ ശാലിനിയെ വഴക്കടിക്കാൻ വേണ്ടി ഓരോന്ന് പറയുന്നതല്ലേ ശാലിനി അത് ശരി വെച്ച് കൊടുക്കാതെ…ശാലിനിക്കും ഇത് നന്നായി തന്നെ ചേരുമെന്ന് എനിക്കറിയാം പോരേ…!” ലിയ ശാലിനിയെയും പുകഴ്ത്താൻ പറഞ്ഞു.
“എന്തോന്ന് വഴക്കിടാൻ…ഞാനുള്ള കാര്യമാ ചേച്ചീ പറഞ്ഞത്…പിന്നെ ചേച്ചി എന്തിട്ടാലും അതിനൊരു പ്രത്യേക ഭംഗിയാ…അതിൻ്റെ ഏഴയലത്ത് പോലും ചാളിനി വരുമോ…!” ആര്യൻ വീണ്ടും ശാലിനിയെ കളിയാക്കി.
ആര്യൻ ഇതെല്ലാം തന്നെ ചൂടാക്കാനും തമാശക്കും വേണ്ടിയാ പറയുന്നതെന്ന് അറിയാമെങ്കിൽ കൂടി അത് ശാലിനിക്ക് ചെറിയ രീതിയിൽ ഒരു വിഷമം ഉണ്ടാക്കി.
“എങ്കിൽ ഇനി എൻ്റെ ഏഴയലത്ത് പോലും വരാതെ നീയും മാറി നടന്നോ അതാ നിനക്ക് നല്ലത്…” വിഷമം പുറത്ത് കാണിക്കാതെ ഒരു തമാശ രീതിയിൽ തന്നെ അവളതിന് മറുപടി കൊടുത്തു.
പക്ഷേ ശാലിനിയുടെ ചെറിയ ചില ചേഷ്ടകൾ പോലും മനസ്സിലാകുന്ന ആര്യന് അവളുടെ കണ്ണുകളിൽ നിന്നും ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും താൻ പറഞ്ഞത് ശാലിനിയെ വേദനിപ്പിച്ചു എന്ന് മനസ്സിലായി.