“അതെന്ത് പറ്റി…കഴിക്ക് ചേച്ചീ അതുകൂടി അല്ലേ ഉള്ളൂ…” ആര്യൻ അവിടെ ഇരുന്നുകൊണ്ട് പറഞ്ഞു.
“വേണ്ടടാ…വയറു നിറഞ്ഞു…നീ കഴിച്ചോ ദാ…” ലിയ ദോശ അവന് നേരെ നീട്ടി.
“ഞാൻ ദേ കഴിച്ച് കഴിഞ്ഞ് പാത്രം വടിച്ച് വൃത്തിയാക്കി…ഇനി എനിക്ക് വേണ്ട ചേച്ചീ…അതങ്ങ് കഴിക്ക്…” ആര്യൻ അവളെ കഴിക്കാനായി നിർബന്ധിച്ചു.
“എങ്കിൽ പിന്നെ കളഞ്ഞേക്കാം വാ…” ലിയ തിരിച്ച് അത് പാത്രത്തിലേക്ക് തന്നെ ഇട്ടുകൊണ്ട് പറഞ്ഞു.
“കളയാനോ…അത് വേണ്ട…ഒരു കാര്യം ചെയ്യ് ചേച്ചി പകുതി കഴിക്ക് പകുതി ഞാനും കഴിക്കാം…”
“മ്മ്…ശരി…”
ലിയ ഒരു മൂന്ന് മുറി ദോശ കൂടി അതിൽ നിന്നും പിച്ചി എടുത്ത് കഴിച്ചു.
“ദാ ഇനി നീ കഴിക്ക്…” അവൾ അവനെ നോക്കി പറഞ്ഞു.
“അതിന് പകുതി കഴിച്ചില്ലല്ലോ…” ആര്യൻ അവളുടെ പാത്രത്തിലേക്ക് നോക്കി പറഞ്ഞു.
“എനിക്ക് അത്രയും മതി നീ കഴിക്ക് ഇനി…വേണ്ടാഞ്ഞിട്ടല്ലല്ലോ എന്നെക്കൊണ്ട് കഴിപ്പിക്കാൻ വേണ്ടിയല്ലേ…” ലിയ അവനെ നോക്കി ദയനീയമായി പറഞ്ഞു.
“ഉം..ശരി ശരി…ഇങ്ങു താ എങ്കിൽ…” ആര്യൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.
“ഇനി പാത്രം വടിച്ച് വൃത്തിയാക്കി വെച്ചത് വൃത്തികേടാക്കണ്ട…ഞാൻ തന്നെ തരാം പോരേ…?” എന്ന് പറഞ്ഞുകൊണ്ട് ലിയ ബാക്കി ഉണ്ടായിരുന്ന ചമ്മന്തി കൂടി അവളുടെ പാത്രത്തിലേക്ക് ഒഴിച്ച ശേഷം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
“ഹഹ…അത് സാരമില്ല ചേച്ചീ…ഇങ്ങു തന്നേക്ക്…” ആര്യൻ പുഞ്ചിരിച്ചു.
“വേണ്ടാ…ഉം വാ തുറക്ക്…” അവൾ ആര്യൻ്റെ അരികിൽ ചെന്ന് നിന്നുകൊണ്ട് പറഞ്ഞു.
“ശെടാ…ഞാൻ കഴിച്ചോളാമെന്നേ…” ആര്യൻ ഒന്നുകൂടി അവളോട് പറഞ്ഞു.
“അതെന്താ ഞാൻ വായിൽ വെച്ച് തന്നാൽ നീ കഴിക്കില്ലേ…?” ലിയ ഒരൽപ്പം കനപ്പിച്ച് ചോദിച്ചു.
“ദേ തുടങ്ങി…കഴിച്ചോളാമേ ഞാൻ…” ആര്യൻ അവളുടെ ആ ചോദ്യത്തിൽ വീണു.
“മ്മ്…എങ്കിൽ വാ തുറക്ക്…”
“ആ………” ആര്യൻ ഒരു ഈണത്തിൽ മൂളിക്കൊണ്ട് വാ തുറന്നു പിടിച്ചു.
ലിയ അതുകണ്ട് ചിരിച്ചിട്ട് ദോശ മുറിച്ച് ഓരോ കഷ്ണങ്ങളായി അവൻ്റെ വായിൽ വെച്ചുകൊടുത്തു. ആര്യൻ മിണ്ടാതെ ഇരുന്ന് അത് ഓരോന്നും കഴിച്ചു. അതിലൊരു കഷ്ണം വായിൽ വെച്ച് കൊടുക്കുന്ന സമയത്ത് ആര്യൻ ലിയയുടെ വിരലുകളിൽ പതിയെ കടിച്ചു.