“ എന്തായിത് കണ്ണാ…. ഇതിൽ എവിടെയാ മാർക്കിടേണ്ടത്? പറഞ്ഞുതാ!” അവൾ പേപ്പറെടുത്ത് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അവന് ദേഷ്യം സങ്കടവും വന്നു. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം.
“ പത്ത് മാർക്കിന്റെ സിമ്പിൾ ഒരു ചോദ്യത്തിന് പോലും നീ കാണിച്ചുവെച്ചേക്കുന്നത് നോക്ക്!”
“ ഹും. മൂഞ്ചിയ ക്വസ്റ്റ്യൻ ഇട്ടിട്ട് ബാക്കിയുള്ളവരുടെ മണ്ടേൽ വച്ചാൽ മതിയല്ലോ.”
“ കണ്ണാ…! ഇങ്ങനെയാണോ സംസാരിക്കുന്നത്! ഞാന്‍ നിന്റെ ടീച്ചറാ, അതോർമ്മ വേണം.” പാർവ്വതി ശബ്ദമുയർത്തി.
“ ടീച്ചാറാണേൽ അതനുസരിച്ചുള്ള ക്വസ്റ്റ്യൻ ഇടണം.ഈ വന്ന കാലത്താരാ കത്തെഴുതുന്നത്? കഷ്ടപ്പെട്ട് പഠിച്ചോണ്ടു വന്നതൊന്നുമല്ല ചോദിക്കുന്നത്.”
“ ആഹാ, കുറ്റം എനിക്കായോ.. എന്നിട്ട് മറ്റ് കുട്ടികളൊക്കെ നന്നായിട്ട് തന്നെ ആൻസർ ചെയ്തല്ലോ.”
“ അവരൊക്കെ സ്പെഷ്യൽ ട്യൂഷന് പോണുണ്ട്. അതുപോലെയല്ല എന്റെ കാര്യം, ടാക്സിയോടിപ്പും ജിമ്മും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ഒരു നേരമാകും. അല്ലെങ്കില്‍ തന്നെ അതീന്ന് കിട്ടുന്നത് വീട്ടുചിലവിന് പോലും തികയുന്നില്ല. പിന്നെങ്ങനെ ട്യൂഷന്‍ ഫീസ് കൊടുക്കും?!”
അതൂടി കേട്ടപ്പൊ പാർവ്വതിയുടെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്.
“ ഓ പിന്നെ… ഞങ്ങളൊക്കെ ട്യൂഷന്‍ പഠിച്ചിട്ടല്ലേ ഇംഗ്ലീഷ് പാസായത്. ആവശ്യബോധമുണ്ടേൽ എന്തും നടക്കും. അല്ലേ, ഞാൻ പഠിപ്പിക്കുന്നത് കൊള്ളാഞ്ഞിട്ടാണോ ഒരു ട്യൂഷൻ?!”
“ മിസ്സേ, എനിക്കൊരു അവസരം കൂടി താ… സത്യമായിട്ടും പറയുവാ… ഞാൻ നല്ല രീതിയില്‍ പഠിച്ചായിരുന്നു ഇത്തവണ. ഒന്ന് റീടെസ്റ്റ് ഇടുമോ…? ഞാൻ നല്ല മാർക്ക് വാങ്ങിച്ചോളാം.”
“ ദേ, റീടെസ്റ്റിന്റെ കാര്യം മിണ്ടിപ്പോകരുതെന്ന് ഞാൻ ക്ലാസിൽ പറഞ്ഞിട്ടുള്ളതാ.”
“ എങ്ങനേലും പിള്ളാരെ ജയിപ്പിക്കാനല്ലേ നോക്കേണ്ടത്? യൂണിവേഴ്സിറ്റി എക്സാമിന് വിജയശതമാനം കുറഞ്ഞാൽ കോളേജിനും മിസ്സിനും കൂടിയല്ലേ ചീത്തപ്പേര്.. ഞാൻ വാക്ക് തരുവാ… ഇത്തവണ മാർക്ക് കുറഞ്ഞാൽ പഠിത്തം നിർത്തി വീട്ടിലിരുന്നോളാം. കട്ടായം.”
പാർവ്വതി കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഇവൻ ഇത്ര ആത്മവിശ്വാസത്തോടെ പറയുമ്പോൾ ഒരവസരം കൊടുക്കാമെന്ന് അവൾക്കും തോന്നി.
“ ഉം, ശരി… അടുത്ത മാസം റീടെസ്റ്റ്… ഒരു മാസം സമയമുണ്ട്. വൃത്തിക്കിരുന്ന് പഠിച്ചോണം.. എന്നിട്ട് ഈ വർഷമെങ്കിലും ഒന്ന് കടന്നുകൂടാൻ നോക്ക്.”