പെട്ടെന്ന് ഒരു വലിയ പക്ഷി പറന്നു വന്ന് ഇറങ്ങിയതു പോലെ ഒരു ശബ്ദം അയാളുടെ പിന്നിൽ ഉണ്ടായി. ഏതാണ്ട് ഒപ്പം തന്നെ മാംസളമായ ഒരു ”ക്ര്ർശ്ച്“ ശബ്ദവും. അലീനയുടെ കണ്ണുകളിൽ പെട്ടെന്ന് വന്നു കൂടിയ സംഭ്രമം കണ്ട് ഉയരം കൂടിയ അക്രമി തിരിഞ്ഞു നോക്കി. എന്താണത്! ഒരാൾ ഉയരമുള്ള ഒരു ഭീമൻ പരുന്തോ? അല്ല … ഉടലിനോടൊട്ടുന്ന കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ. തന്‍റെ കൂട്ടാളിയെ അവൾ ഇറുക്കിപ്പിടിച്ചിരിക്കുകയാണ്. അവൾ സ്വന്തം മുഖം കുനിച്ച് അവന്‍റെ കഴുത്തിനോടു ചേർത്തു പിടിച്ചിരിക്കുന്നു … എന്ത്? അവൾ അവന്‍റെ കഴുത്തിൽ കടിച്ചു പിടിച്ചിരിക്കുകയാണല്ലോ! എന്തൊരു നീളമുള്ള കോമ്പല്ലുകളാണ് അവളുടേത്! അവ ഒരു മനുഷ്യസ്ത്രീയുടേതു തന്നെയോ? എന്താണു സംഭവിക്കുന്നത്?
”എടീ!“ അയാൾ അലറി. അവൾ കേട്ട ഭാവം ഇല്ല.
അപ്പോഴാണ് ഉയരം കൂടിയ കൊള്ളക്കാരന്‍റെ തലയിൽ പതിയെ വെളിവു വീണത്. കറുത്ത വേഷം … കടവാവാലിന്‍റേതു പോലുള്ള ചിറകുകൾ … നീണ്ട ദംഷ്ട്രകൾ! കഥകളിൽ താൻ കേട്ടിട്ടുള്ള ഒരു രക്തരക്ഷസ്സോ യക്ഷിയോ ആയിരിക്കില്ലേ ഇവൾ? അതെ — അതു തന്നെ! ആ യക്ഷി തന്‍റെ കൂട്ടുകാരന്‍റെ ചോര കുടിക്കുകയാണ്!
അയ്യോ! നിലവിളിക്കാൻ ശ്രമിച്ച അയാളുടെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തു വന്നില്ല. പുറം തിരിഞ്ഞ് അയാൾ ജീവനും കൊണ്ട് ഓടി. തല കറങ്ങുന്നു … എവിടെയോ കാൽ തടഞ്ഞ് അയാൾ വീണു. വീണ്ടും എഴുന്നേറ്റ് ഓടി. അപ്പോഴേക്കും അയാളുടെ കൂട്ടാളിയുടെ ജീവനറ്റ ശരീരം താഴെയിട്ട് അരുന്ധതി തന്‍റെ രണ്ടാമത്തെ ഇരയെ നോട്ടമിട്ടു കഴിഞ്ഞിരുന്നു. അലീന ഭയന്നു വിറച്ചു കൊണ്ട് നോക്കി നില്ക്കേ അവൾ തന്‍റെ ചിറകുകൾ വിടർത്തി ഉയരം കൂടിയ അക്രമിയെ ലക്ഷ്യമാക്കി പറന്നു.
തന്‍റെ മുന്നിൽ സംഭവിച്ചതൊന്നും വിശ്വസിക്കാനാവാതെ അലീന സ്തംഭിച്ചു നിന്നു. മുറിവേറ്റു വീണ് അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന മനുവിനെ അവൾ കാണുന്നുണ്ടായിരുന്നു. അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചു; പക്ഷേ നിന്നയിടത്തു നിന്നും അനങ്ങാനുള്ള ശേഷി അവളുടെ കാലുകൾക്ക് നഷ്ടപ്പെട്ടിരുന്നു. “മനൂ … .” വേദനയോടെ അവൾ വിളിച്ചു. അലീനയുടെ മിഴികൾ നിറഞ്ഞൊഴുകി. പെട്ടെന്നാണ് ആ ചിറകടിയൊച്ച വീണ്ടും അവളുടെ കാതുകളിൽ അലച്ചത്. യക്ഷി! അവൾ ഞങ്ങളെയും കൊല്ലും! അവളുടെ മനസ്സിൽ ഭീതി വന്നു നിറഞ്ഞു. അലീനയുടെ മുന്നിൽ മനുവിനു തൊട്ടരികിലായി അരുന്ധതി വന്ന് ഇറങ്ങി. അവൾ കാൽമുട്ടുകൾ മടക്കി അവന്‍റെ അരികിൽ ഇരുന്നു.