” ഹ്മ്മ്മ് ” മഹി ഒഴുക്കൻ മട്ടിൽ മൂളിയതേയുള്ളൂ .
” നീ കഴിക്ക് … ” സാവിത്രി അപ്പം പ്ളേറ്റിലിട്ടു
” ഇനിയതൊന്നും ഓര്‍ത്തു വിഷമിക്കണ്ട ” സാവിത്രി അവന്റെ കവിളില്‍ തലോടി .
മഹി അമ്മയെ നോക്കി .
അമ്മക്കിതെങ്ങനെ ലാഖവത്തോടെ കാണാൻ കഴിയുന്നു ? കാലങ്ങളൊന്നുമായില്ല അയാൾ ഇവിടെ വന്നു ബഹളം വെച്ചിട്ട് . അയാൾക്ക് വീണ്ടുവിചാരം വരാൻ മാത്രം ഒന്നും നടന്നിട്ടില്ല . നടന്നത് മാധവിയും താനും തമ്മിലാണ് . അതുകൊണ്ടയാളുടെ സംശയരോഗവും ചീത്തവിളിയും ദേഷ്യവുമൊന്നും കുറയാൻ പോകുന്നില്ല … മാധവിയും താനും തമ്മിൽ നടന്നതൊന്നും അയാൾ അറിയാനിടയില്ല .. അറിഞ്ഞാൽ അയാളുടെ മർദ്ദനവും മറ്റും കൂടാനേ ഇടയുള്ളൂ , ഒരു പക്ഷെ അയാൾ സ്നേഹം നടിച്ചവളെ ഇല്ലാതാക്കാനും .. !
ദൈവമേ …
മഹി പ്ളേറ്റ് സ്ലാബിൽ വെച്ച് ചാടിയിറങ്ങി
”നീയിതെവിടെ പോകുവാ .. കഴിക്കടാ ”’
സാവിത്രിയമ്മ മഹി പ്ളേറ്റ് വെച്ചെണീറ്റതും വിഷമത്തോടെ അവനെ നോക്കി
” വിശക്കുന്നില്ലമ്മേ … ”
”നീയിന്നലേം ഒന്നും കഴിച്ചില്ലല്ലോ ” സാവിത്രിയമ്മ ചട്ടുകത്തിലിരുന്ന അപ്പം കിച്ചൻ സ്ലാബിലേക്ക് വലിച്ചെറിഞ്ഞു .
മഹിയത് കണ്ടെങ്കിലും പുറത്തേക്കിറങ്ങി .
” നീ ഉച്ചക്ക് വരുമോ മോനേ ?”
പെട്ടന്ന് തന്നെ ഡ്രെസ്സും മാറി മഹി ഹാളിലെത്തിയപ്പോൾ സാവിത്രി അവന്റെ പുറകെയെത്തി .
‘ ഇല്ല …അമ്മ കഴിച്ചോ ?” മഹി പടിക്കെട്ടുകൾ ഇറങ്ങി നടന്നകലുമ്പോൾ സാവിത്രി ഉമ്മറത്ത് തന്നെ നിൽക്കുകയായിരുന്നു .
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് മാധവി വാതിൽ തുറന്നത് .
പുറത്തു മഹിയെ കണ്ടതും അവളുടെ മുഖം താമര പോലെ വിടർന്നു .
” ചേച്ചിയിങ്ങോട്ട് വന്നോ ?”
”ഇല്ല … വൈകുന്നേരമല്ലേ വരൂ … മഹി കയറിയിരിക്ക് ”
ഒന്നു ചിരിക്കുക പോലും ചെയ്യാതെ മഹി അകത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചപ്പോൾ മാധവിയുടെ മുഖത്തെ പ്രസാദം മാഞ്ഞു .
” ഇല്ല ..ഞാൻ പിന്നെ വരാം ”
മഹി അകത്തേക്ക് കയറാതെ തിരിഞ്ഞു നടന്നപ്പോൾ മാധവി അവനൊപ്പം ഓടിയെത്തി .