അയാൾക്കൊരു നിമിഷം ഒന്നും മനസ്സിലായില്ല…
” വാന്ന്………..”
രാജീവ് അവളുടെ വിളി കേട്ട് യാന്ത്രികമായി സിറ്റൗട്ടിലേക്ക് കയറി…
വിനയചന്ദ്രൻ വെറുമൊരു കുടിയനല്ല എന്ന് ആ നിമിഷം രാജീവിന് വ്യക്തമായി…
തനിക്കു മുൻപേ അയാൾ സഞ്ചരിച്ചിരിക്കുന്നു…
ട്രീസയും അത് കണക്കു കൂട്ടിയാകണം വൈകരുത് എന്ന് പറഞ്ഞതെന്ന് അയാളോർത്തു…
താനറിയാത്തൊരു നാടകം ഇതിനു പിന്നിലുണ്ടോ എന്നൊരു സന്ദേഹം രാജീവിലുണ്ടായി…
അല്ലാതെ തന്റെ നീക്കങ്ങൾ എങ്ങനെ വിനയചന്ദ്രനറിഞ്ഞു… ?
“ചായയെടുക്കട്ടെ… ?”
ശിവരഞ്ജിനിയുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നുണർത്തി.
“വേണ്ട മോളെ…”
അയാളുടെ സ്വരം പതറിയിരുന്നു…
കാഞ്ചനയുടെ മരണം…… !
ശിവരഞ്ജിനിയുടെ അപ്രതീക്ഷിത വരവ്… !
തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കുത്തിയൊലിച്ചു പോകവേ അയാളുടെയുള്ളിൽ പക ഉയർന്നു തുടങ്ങി …
എല്ലാത്തിന്റെയും പിന്നിൽ വിനയചന്ദ്രനാണെന്നു മനസ്സിലാക്കാൻ രാജീവിന് അധികസമയം വേണ്ടി വന്നില്ല…
തകർക്കണം ആ നാറിയെ… !
അയാൾ മനസ്സിൽ മുരണ്ടു കൊണ്ട് പല്ലിറുമ്മി….
“” അച്ഛനെവിടെ………?””
രാജീവിന്റെ ചോദ്യം മുരൾച്ച പോലെയായിരുന്നു…
“” ചേലക്കരയ്ക്ക് പോയെന്നാണ് പറഞ്ഞത്…””
ശിവരഞ്ജിനി തിരിഞ്ഞു…
“” അപ്പോൾ നിന്റെ തള്ളയെ കൊന്നതാരാ…?””
രാജീവിന്റെ ചോദ്യം പൊടുന്നനെയായിരുന്നു…
ശിവരഞ്ജിനിയുടെ മിഴികളിൽ ഒരു നടുക്കം പാളി വീണു…
ഒരു നിമിഷം കാര്യമെന്തെന്ന് മനസ്സിലായില്ല എങ്കിലും അവൾ പിടയുന്ന മിഴികളോടെ അയാളെ നോക്കി… ….
“” എന്താ……….?””
ശിവരഞ്ജിനിയുടെ സ്വരം ചിലമ്പിച്ചിരുന്നു……
“”നിന്റെ തന്ത , തള്ളയുടെ കഴുത്തറത്ത് കൊന്നെന്ന്… ….””
രാജീവ് മുഖത്തിരുന്ന ഗ്ലാസ്സ് ഇടം കൈയ്യുടെ ചൂണ്ടു വിരലാൽ ഒന്നുറപ്പിച്ചു…
“” ഇല്ല….. …… “
ശിരസ്സ് ഇരു വശത്തേക്കുമായി ചലിപ്പിച്ച്, ശിവരഞ്ജിനി പിന്നോട്ടു രണ്ടു ചുവടു വെച്ചു…
“” ഞാനിത് വിശ്വസിക്കില്ല… …. “
“” വേണ്ട………. വിശ്വസിക്കണ്ട… അയാളെ തിരഞ്ഞ് പൊലീസ് ഇവിടെ വരുമ്പോൾ വിശ്വസിച്ചാൽ മതി …””
പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ആന്തലോടെ അവൾ മുഖമുയർത്തി വാതില്ക്കലേക്ക് നോക്കി…
“ നിങ്ങൾ പല കള്ളങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.. അങ്ങനെയാണ് ആ പേപ്പറുകൾ എല്ലാം ഒപ്പിട്ടു മേടിച്ചതും… അതേ പോലെ തന്നെയാണ് ഇതും… …. ഇനിയും എന്നെ വിഡ്ഢിയാക്കാൻ നിങ്ങൾക്ക് കഴിയില്ല… ഞാൻ വിനയചന്ദ്രന്റെ മോളാ… “