കാഞ്ചനയുടെ ബോഡി പൊലീസ് വന്നു മോർച്ചറിയിലേക്ക് മാറ്റിയ ശേഷവും രാജീവിന് അവരുടെ കൂടെ ചിലവിടേണ്ടി വന്നു…
രണ്ടു തവണ ട്രീസയുടെ കോൾ വന്നിട്ടും അയാൾക്ക് എടുക്കാൻ സാധിച്ചില്ല..
പിന്നീട് വാട്സാപ്പിലേക്ക് നോട്ടിഫിക്കേഷൻ അലർട്ട് തുടർച്ചയായി വന്നപ്പോൾ അത് ട്രീസയാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല…
കാരണം അവളുടെ പ്രകൃതം അങ്ങനെയാണ്…
സർക്കിൾ വന്നതിനു ശേഷമാണ് ബോഡി മാറ്റിയത്……
തന്റെ ഓഫീസ് സ്റ്റാഫായിരുന്നു എന്നും കാറെടുക്കാൻ വന്നതായിരുന്നു എന്നും ആവർത്തിച്ച് രാജീവ് മടുത്തു…
പൊലീസ് തന്നെയാണ് രാജീവിനെ കൂട്ടി അനാമികയുടെ സ്കൂളിലേക്ക് തിരിച്ചത്..
പൊലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന അനാമിക ജിത്തുവിനൊപ്പമാണ് വീട്ടിലേക്ക് വന്നത്..
രാജീവിനെ ഇരുവരും പകയോടെ നോക്കുന്നുണ്ടായിരുന്നു…
കാഞ്ചനയെ ഇല്ലാതാക്കാൻ മാത്രം പകയുള്ള ആരെയും രാജീവിന് ഓർമ്മയിൽ കിട്ടിയില്ല…
വിനയചന്ദ്രന്റെ കാര്യം ഓർമ്മയിൽ വന്നെങ്കിലും അയാളത് പൊലീസിനോട് പറഞ്ഞില്ല..
വിനയചന്ദ്രനെ ഒന്നു കാണണമെന്ന് രാജീവ് മനസ്സിലുറപ്പിച്ചു…
ബോഡി മാറ്റിയ ശേഷം രാജീവ് ട്രീസയെ തിരിച്ചു വിളിച്ചു…
ചുരുങ്ങിയ വാക്കുകളിൽ അയാൾ കാര്യമറിയിച്ചത് അവൾ ശ്രദ്ധിക്കുന്നില്ലായെന്ന് സംസാരത്തിൽ അയാൾക്ക് തോന്നി…
” നിനക്കെന്തു പറ്റി… ?”
അയാൾ ചോദിച്ചു…
“നതിംഗ്… ഉടനെ വരണം… ”
ട്രീസ അത്രമാത്രം പറഞ്ഞ് ഫോൺ കട്ടാക്കി…
ട്രീസയുടെ പെരുമാറ്റത്തിൽ രാജീവിന് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.
അവൾ സ്നേഹമുള്ളവളാണ്……
എന്നിരുന്നാലും എങ്ങനെയാണ് ചില സമയങ്ങളിൽ പ്രതികരിക്കുക എന്നത് പ്രവചിക്കാനാവാത്ത കാര്യമാണ്……
അയാൾ ആരോടും ഒന്നും പറയാതെയാണ് അവിടെ നിന്ന് പുറത്തിറങ്ങിയത്……
കാർ വിനയചന്ദ്രന്റെ വീട്ടിലേക്കാണ് അയാൾ ഓടിച്ചത്…
ചുറ്റുമതിലും വീടും പെയിന്റടിച്ച് വൃത്തിയാക്കിയത് കണ്ട് രാജീവ് ഒന്നു പകച്ചു…
വീടു മാറിയോ എന്നൊരു സംശയം അയാൾക്കൊരു നിമിഷം ഉണ്ടായി..
പുറത്ത് ആരെയും കണ്ടില്ല…
അയാൾ ബല്ലടിക്കാൻ ശ്രമിച്ചതും വാതിൽ തുറന്നു…
പുറത്തേക്കു വന്ന ആളെ കണ്ട് രാജീവ് ഒരു നിമിഷം ശ്വാസം വിലങ്ങി നിന്നു…
ശിവരഞ്ജിനി… ….!
ശിവരഞ്ജിനിയും ഒരു നിമിഷം അമ്പരന്നു…
അടുത്ത നിമിഷം അവൾ അയാളെ നോക്കി മന്ദഹസിച്ചു…
” കയറി വാ അങ്കിളേ……….”
തന്റെ പദ്ധതികളെല്ലാം ജലരേഖ പോലെ വഴി മാറുന്നത് രാജീവ് കൺമുന്നിൽ കണ്ടു…