രാജീവ് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു…
“” ഞാൻ ചത്താലും നീ സത്യം പറയില്ലല്ലേ… …. ? “
ട്രീസ രോഷമെടുത്തു……
“”നിനക്ക് പുതിയ പുതിയ പെണ്ണുങ്ങളെ വേണം… അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ വേണ്ട… …. “
ട്രീസ അയാളെ തള്ളി മാറ്റി തിരിഞ്ഞതും നിലത്തു പടർന്ന ചോരയിൽ ചവിട്ടി അവൾ തെന്നിവീണു…
“ ഇല്ല ട്രീസാ… …. ഞാൻ പറഞ്ഞത് സത്യമാണ്……”.
രാജീവ് അവളെ പിടിക്കാനായി കൈ നീട്ടിക്കൊണ്ട് പറഞ്ഞു……
“” എനിക്കൊന്നും കേൾക്കണ്ട………. “
അവളുടെ സ്വരം ദുർബലമായിത്തുടങ്ങിയിരുന്നു…
“” നീ വാശിപിടിക്കാതെ…….ഹോസ്പിറ്റലിലേക്ക് പോകാം… “
അയാൾ അവളെ പിടിച്ചുയർത്താൻ ശ്രമിച്ചു…
“” ഞാനെങ്ങോട്ടുമില്ല…””
രക്തം ഊറി നിലത്തേക്ക് വീഴുന്ന തളർച്ചയിൽ അവളുടെ സ്വരവും തളർന്നിരുന്നു…
രാജീവ് അത് വക വെയ്ക്കാതെ, അവളെ വാരിയെടുത്തു..
“” കാഞ്ചനയെ കൊന്നത് വിനയചന്ദ്രനാ. അയാൾ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്……””
ധൃതിയിൽ അയാൾ പറഞ്ഞു, ട്രീസയെ ചുമലിലേക്ക് എടുത്തു.
അടഞ്ഞു വരുന്ന മിഴികൾ ബദ്ധപ്പെട്ട് ട്രീസ വലിച്ചു തുറന്നു…
“” എനിക്കറിയാമായിരുന്നു……………..””
വാതിൽ വലിച്ചു തുറന്ന് രാജീവ് അവളെയും കൊണ്ട് സിറ്റൗട്ടിലേക്കിറങ്ങി…
ട്രീസയുടെ ശരീരത്തിന്റെ ഭാരമേറുന്നതും തണുത്തു തുടങ്ങുന്നതുമറിഞ്ഞ രാജീവിന് ഒരുൾക്കിടിലമുണ്ടായി… ….
“” ഈശ്വരാ………..””
മദിച്ചു നടന്ന ദിനരാത്രങ്ങളിൽ, എന്നോ മറന്നു പോയ പ്രപഞ്ച ശക്തിയെ അയാൾ അറിയാതെ വിളിച്ചു പോയി…
ഹാളിൽ നിന്ന് പുറത്തേക്ക് വീഴുന്ന വെളിച്ചം മാത്രം മുറ്റത്തേക്ക് പാളി വീഴുന്നുണ്ടായിരുന്നു…
സ്റ്റെപ്പിറങ്ങാൻ, ഇരുട്ടുമായി പൊരുത്തപ്പെടാൻ അര നിമിഷം അയാൾക്ക് വേണ്ടി വന്നു…
“” രായാ……. വേ………. ഞാം മരിക്ക്യോ………. “
മരണം തളർത്തിത്തുടങ്ങുന്ന ട്രീസയുടെ തണുത്ത സ്വരം കേട്ടതും രാജീവ് മിന്നലടിച്ചതു പോലെ വിറച്ചു……
ഒന്നുറക്കെ അലറിക്കരയാൻ അയാൾ കൊതിച്ചു… ….
“” ഇല്ല മോളേ………..”.
അവളെ പൂണ്ടടക്കം പിടിച്ച് അയാൾ വാരിപ്പിടിച്ച് ചുംബിച്ചു…
തന്റെ പുറത്തേക്ക് വീണു പരക്കുന്നത് ട്രീസയുടെ ചോരയാണെന്ന നടുക്കത്തോടെ, കാറിന്റെ പിൻ വാതിൽ വലിച്ചു തുറന്ന് രാജീവ് അവളെ അകത്തേക്കിരുത്തി……
ഇരുട്ട് അയാളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു…