ചൊവ്വാഴ്ച രാത്രിയിലെ ട്രെയിൻ ടിക്കറ്റ് അച്ഛൻ തന്നെ പോയി ബുക്ക് ചെയ്ത് കൊണ്ട് വന്നു. രാത്രി കഴിക്കാൻ ഉള്ളത് പൊതിഞ്ഞു അമ്മ ബാഗിൽ വച്ചു. അധിക സാധനം ഒന്നും ബാഗിൽ എടുത്തില്ല ഇടാൻ കുറച്ച് വസ്ത്രം സോപ്പ് ചീപ്പ് അങ്ങനെ കുറച്ച് അവശ്യ സാധനങ്ങൾ മാത്രം .
“സമയത്തിന് വല്ലതും കഴിക്കണം ശരീരം നോക്കണം ചീത്ത പിള്ളേരുമായി കൂട്ട് കൂടരുത്”
പോകുന്നതിനു മുൻപ് അമ്മയുടെ ഭാഗത്ത് നിന്നും കിട്ടി കുറെ ഉപദേശങ്ങൾ. അയല്പക്കത്തെ ഗിരീഷ് ചേട്ടൻ ബൈക്കിൽ റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കി
“ടാ അടുത്ത് വരുമ്പോൾ ജോലി കിട്ടിയതിന്റെ ചിലവ് ചെയ്യണം കേട്ടോ.. “
തിരിച്ചു പോകും മുൻപ് ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു കൊണ്ട് ഗിരീഷേട്ടൻ പോയി. രാത്രി ആയത് കൊണ്ട് അധികം തിരക്ക് ഇല്ലായിരുന്നു. സൈഡിൽ തന്നെ ഉള്ള ഒരു സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു ട്രെയിനിന്റെ ശബ്ദം ഇളം കാറ്റ് എപ്പോഴാ ഉറങ്ങിയത് എന്ന് ഞാൻ പോലും അറിഞ്ഞില്ല രാവിലെ ഉണർന്നപ്പോൾ സ്റ്റേഷൻ എത്തിയിരുന്നു രാത്രി കഴിക്കാൻ കൊണ്ട് വന്നത് അതുപോലെ ബാഗിൽ ഉണ്ടായിരുന്നു. പൊതി ഒന്ന് തുറന്ന് നോക്കി മുട്ടക്കറിയും ചപ്പാത്തിയും. ഉള്ളിയുടെ മണം മൂക്കിൽ അടിച്ചപ്പോഴേ മനസ്സിലായി കറി ചീത്തയായെന്ന് . പൊതി അടച്ചു അടുത്ത് കണ്ട വേസ്റ്റ് ബോക്സിൽ ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങി. നല്ല വിശപ്പ് ഉണ്ടായിരുന്നു അടുത്ത് കണ്ട തട്ടുകടയിൽ കയറി ദോശയും മുറ്റക്കറിയും ചേർത്ത് ഒരു പിടി പിടിച്ചപ്പോൾ വയറു നിറഞ്ഞു. പോകേണ്ട അഡ്ഡ്രസ് നേരത്തെ തന്നെ ഒരു പേപ്പറിൽ കുറിച്ച് വച്ചിരുന്നു. അടുത്ത് കണ്ട ഓട്ടോ സ്റ്റാന്റിൽ കയറ്റി അന്വേഷിച്ചപ്പോൾ 340 രൂപ ആകും എന്നും പറഞ്ഞു. ബസിൽ തപ്പി നടക്കുന്നതിലും നല്ലത് ഇതാണെന്ന് തോന്നി
“ശെരി ചേട്ടാ പോകാം…”
കൃത്യം അര മണിക്കൂർ യാത്ര പറഞ്ഞ സ്ഥലത്ത് അയാൾ എത്തിച്ചു
“ ചേട്ടാ 500 രൂപയെ ഉള്ളൂ ചില്ലറ ഇല്ല. “
“രാവിലത്തെ ഓട്ടം ആണ് മോനെ എന്റെ കൈയിലും ചില്ലറ ഇല്ല. അടുത്തുന്നു എങ്ങാനും വാങ്ങാം പറ്റുമോ എന്ന് നോക്ക് “