അങ്കിള്‍ മുഖം ചുളിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാൻ തുടർന്നു, “ഒരുപക്ഷേ പപ്പയുടെ സ്വത്തുക്കള്‍ എല്ലാം മൂത്ത മകനായ ഞാൻ അപഹരിച്ച് എടുക്കുമെന്ന ഭയം കാരണമാകാം പണ്ട് മുതലേ ഇളയമ്മയുടെ മനസ്സിൽ എനിക്ക് സ്ഥാനം ലഭിക്കാതെ പോയത്…” എന്റെ സംശയം ഞാൻ പറഞ്ഞതും അങ്കിള്‍ ദേഷ്യത്തില്‍ എന്നെ തുറിച്ചു നോക്കി.
അത് കാര്യമാക്കാതെ ഞാൻ പറഞ്ഞു, “എനിക്ക് എന്റെ പപ്പയുടെ സ്വത്തിൽ നിന്നും ഒരു തരി പോലും വേണ്ടെന്ന് അങ്കിള്‍ ഇളയമ്മയോട് പറയണം.”
അത്രയും പറഞ്ഞിട്ട് ഞാൻ വേഗം വീട്ടില്‍ നിന്നിറങ്ങി.
“എടാ സാം…!!” വിനില വിഷമത്തിൽ വിളിച്ചു. അങ്കിളും ആന്റിയും എന്നോട് എന്തോ പറഞ്ഞു. പക്ഷേ അതൊന്നും ചേച്ചി കൊള്ളാതെ ഞാൻ വേഗം മുറ്റത്തിറങ്ങി എന്റെ ബൈക്കും എടുത്ത് വേഗം വിട്ടു.
എന്റെ നല്ല മൂഡ് പൂര്‍ണമായും നശിച്ച് കഴിഞ്ഞിരുന്നു. സങ്കടവും വേദനയും എന്റെ ഹൃദയത്തെ വേവിച്ച് കൊണ്ടിരുന്നു.
എന്റെ മാളിലേക്ക് തിരിയുന്ന മൂന്ന് മുക്ക് റോഡ് എത്തിയപ്പോൾ ഞാൻ ബൈക്കിനെ ഒതുക്കി നിർത്തി. ചിലപ്പോ എന്നെ തിരക്കി അങ്കിള്‍ മാളിലേക്ക് വരാൻ സാധ്യതയുണ്ട്…. അങ്കിള്‍നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്… അങ്കിളോട് തര്‍ക്കിക്കുന്നത് എനിക്ക് ഇഷ്ട്ടം ഇല്ലാത്ത കാര്യവും. പക്ഷേ അങ്കിള്‍ പിന്നെയും എന്നെ കുറ്റപ്പെടുത്തിയാൽ ഞാൻ പിന്നെയും എന്തെങ്കിലും പറഞ്ഞു പോകും.
അതുകൊണ്ട് ഇപ്പോൾ മാളിൽ പോകാൻ എനിക്ക് തോന്നിയില്ല. എങ്ങോട്ട് പോണം എന്നും അറിയില്ലായിരുന്നു. ഒറ്റക്ക് എവിടെയെങ്കിലും ചെന്നിരിക്കാനും എന്റെ മനസ്സ് അനുവദിച്ചില്ല. എനിക്ക് ഭ്രാന്ത് പിടിക്കും.
അപ്പോഴാണ് ഒരു ചിന്ത എന്നില്‍ ഉണ്ടായത്. മനസ്സിൽ ഒരു ലക്ഷ്യവും തെളിഞ്ഞു. ആ ലക്ഷ്യത്തിലേക്ക് ഞാൻ വണ്ടി വിട്ടു.
ഒടുവില്‍ ലക്ഷ്യ സ്ഥലത്ത് എത്തി ബൈക്ക് നിർത്തി ദേവിയുടെ കോമ്പൗണ്ട് ഗേറ്റ് തുറന്നപ്പോള്‍ പുറത്ത് ചെടികള്‍ നനച്ചു കൊണ്ടിരുന്ന ദേവാംഗന ആന്റി ആശ്ചര്യപ്പെട്ടു. നട്ടുച്ച നേരത്ത് ആന്റി ചെടി നനയ്ക്കുന്നത് കണ്ട് ഞാനും ആശ്ചര്യപ്പെട്ടു.
ചിലപ്പോൾ സമയം കളയാന്‍ വേണ്ടി ആയിരിക്കും.
“എടാ സാം മോനെ…. എന്തൊരു അല്‍ഭുതം…!? മനസ്സിൽ നിന്നെ വിചാരിച്ചതേയുള്ളു… അപ്പോഴേക്കും നി ഇവിടെ എത്തിയല്ലോ…!!” ആന്റി ചിരിച്ചു കൊണ്ട് ഹോസ് ഒരു ചെടി മൂട്ടില്‍ ഇട്ടിട്ട് വേഗം ചെന്ന് പൈപ്പ് അടച്ചു.