പക്ഷേ അപ്പോഴും ഞാൻ മിണ്ടാതെ ഇരുന്നു.
“എന്തെങ്കിലും ഒന്ന് പറയടാ…!!” ഒടുവില്‍ ക്ഷമ നശിച്ചത് പോലെ അങ്കിള്‍ ചൂടായി.
“ദേ ഇച്ചായാ, വേണ്ട ട്ടോ…. എല്ലാ കാര്യവും കാരണങ്ങളും അറിയാവുന്ന നിങ്ങൾ എന്തു വിചാരിച്ച അവനോട് ഇങ്ങനെ ചൂടാവുന്നത്…?” ആന്റി അങ്കിളോട് ദേഷ്യപ്പെട്ടു.
“നി വെറുതെ ഇരിക്ക് എല്‍സ…. കുടുംബത്തിൽ പലതും സംഭവിച്ചു എന്നിരിക്കും. പക്ഷേ ഏറ്റവും മൂത്ത സഹോദരൻ എന്ന നിലക്ക് ഇവനാണ് സഹിക്കേണ്ടത്… ഇവനാണ് അതിനൊക്കെ പരിഹാരം കാണേണ്ടത്.. ഇവന്‍ തന്നെയാണ് കുടുംബത്തെ ഒരുമിച്ച് കൂട്ടി പിടിക്കേണ്ടത്… പക്ഷേ എന്താണ് ഇവന്‍ ചെയ്തത്..? എല്ലാവരില്‍ നിന്നും ഒതുങ്ങി ഒഴിഞ്ഞുമാറി ഇവന്‍ നില്‍ക്കുന്നു…!!” അങ്കിള്‍ നല്ല ദേഷ്യത്തില്‍ പറഞ്ഞു.
അതുകേട്ട് എനിക്കും ദേഷ്യം വന്നു.
“കാര്യങ്ങൾ എല്ലാം അറിയാവുന്ന അങ്കിള്‍ തന്നെ ഇങ്ങനെ കുറ്റപ്പെടുത്തിയത് ശെരിയായില്ല.” ദേഷ്യത്തില്‍ തന്നെ ഞാനും പറഞ്ഞു. “തെറ്റൊന്നും ചെയ്യാത്ത എന്റെ തലയില്‍ തന്നെ അങ്കിള്‍ കുറ്റം എല്ലാം വച്ചു കെട്ടിയത് മോശമായി പോയി. വച്ചു കെട്ടിയ സ്ഥിതിക്ക് എല്ലാം എന്റെ കുറ്റമായി തന്നെ ഇരുന്നോട്ടെ…. എന്തായാലും കൂടുതലായി എനിക്കൊന്നും പറയാനില്ല.” അത്രയും പറഞ്ഞിട്ട് ഞാൻ കസേരയില്‍ നിന്നും ദേഷ്യത്തില്‍ എഴുനേറ്റ്.
അപ്പോൾ ആന്റിയും വിനിലയും വിഷമത്തോടെ പരസ്പരം നോക്കി. അങ്കിളിന്റെ മുഖത്ത് നേരിയ കുറ്റബോധം മിന്നി.
ഞാൻ ദേഷ്യം അടക്കി സാവധാനത്തില്‍ പറഞ്ഞു, “പണ്ട് തൊട്ടേ ഇളയമ്മയ്ക്ക് എന്നോട് സ്നേഹമില്ല… അവരുടെ ആദ്യ ബന്ധത്തില്‍ ജനിച്ച ആ കുട്ടിക്ക് എന്നെ ഇഷ്ട്ടമില്ല എന്നത് പോട്ടെ, പക്ഷേ എന്റെ അപ്പന് ജനിച്ച എന്റെ അനിയനും അനിയത്തിക്ക് പോലും എന്നെ വേണ്ട. പോരാത്തതിന് പണ്ടേ ഇതിനൊക്കെ പരിഹാരം കാണാന്‍ ശ്രമിക്കാതെ കുറ്റബോധത്തിൽ മാത്രം ജീവിക്കുന്ന ഒരു അപ്പനും എനിക്കുണ്ട്. അതുകൊണ്ട് അവരൊക്കെ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ. ആർക്കും ശല്യം ഇല്ലാതെ ഞാനും എന്റെ പാട്ടിന് ജീവിച്ചോളാം. പിന്നെ സ്വത്തിന്റെ കാര്യം — വേണ്ടതിൽ കൂടുതൽ ബാങ്ക് ബാലന്‍സ് എനിക്കുണ്ട്… വസ്തു വകകളും പല ഇടങ്ങളിലായി വാങ്ങിയിട്ടിട്ടുണ്ട്. പിന്നെ മാളിൽ നിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. അത്രയൊക്കെ എനിക്കുമതി. അതുകൊണ്ട് പപ്പയുടെ സ്വത്തുക്കള്‍ എല്ലാം ആ മൂന്ന് മക്കള്‍ക്ക് വീതിച്ചു കൊടുത്താൽ മതി.” ഞാൻ തീര്‍ത്തു പറഞ്ഞു.