“അങ്കിള്‍…!!” ബാഗ് താഴെ ഇട്ടിട്ട് അവള്‍ ചിരിച്ചു കൊണ്ട് ഓടി അടുത്തേക്ക് വന്നതും ചിരിച്ചുകൊണ്ട് അവളെ ഞാൻ തൂക്കിയെടുത്ത് അവളുടെ കവിളൽ ഉമ്മ കൊടുത്തു.
അവളും എനിക്ക് കുറെ ഉമ്മ തന്നിട്ട് എന്റെ തോളില്‍ അവള്‍ മുഖം വച്ച് പതുങ്ങി കിടന്നു. കുറെ കഴിഞ്ഞ് അവളെ എന്റെ മടിയില്‍ ഞാൻ ഇരുത്തി. പക്ഷേ അവള്‍ ഊർന്നിറങ്ങി ആന്റിയുടെ അടുത്തേക്ക് പോയി.
“പിന്നേ ഞാൻ ചോദിക്കാന്‍ മറന്നു, എന്നെ കാണാന്‍ വരുവായിരുന്നു എന്നല്ലേ അങ്കിള്‍ പറഞ്ഞത്… എന്തു കാര്യത്തിന..?” അങ്കിളെ നോക്കി ഞാൻ ചോദിച്ചു.
അങ്കിള്‍ ഉടനെ ആന്റിയെ ഒന്ന് നോക്കി. എന്നിട്ട് വിനലയേയും. ശേഷം എന്റെ മുഖത്ത് നോട്ടം നട്ടു.
“എടാ മോനെ… രണ്ടുമൂന്ന് മാസമായി നി നിന്റെ പപ്പയെ വിളിച്ച് സംസാരിക്കുന്നില്ല എന്ന പരാതി കിട്ടിയിട്ടുണ്ട്. നിന്റെ പപ്പ നിന്നെ വിളിച്ചാല്‍ മാത്രം നി സംസാരിക്കുന്നു എന്നും പരാതി ഉണ്ട്.” അത്രയും പറഞ്ഞിട്ട് അങ്കിള്‍ അല്‍പ്പം ഗൗരവത്തിൽ എന്നെ നോക്കി.
എന്നിട്ട് തുടർന്നു, “പിന്നേ കഴിഞ്ഞ വര്‍ഷം നിനക്ക് അവകാശപ്പെട്ട നിന്റെ വീതമായ സ്ഥാവര ജംഗമ സ്വത്തുക്കള്‍ നിന്റെ പേരില്‍ എഴുതിത്തരാനായി നിന്റെ പപ്പ നിന്നെ വിളിച്ചപ്പോ അതൊന്നും സ്വീകരിക്കാന്‍ നി തയ്യാറായില്ല എന്നും അളിയന്‍ ഇന്നലെയാണ് എന്നോട് പറഞ്ഞു.”
അത്രയും പറഞ്ഞിട്ട് അങ്കിള്‍ എന്റെ മറുപടിക്ക് വേണ്ടി കാത്തു. പക്ഷേ ഞാൻ മിണ്ടാതെ താഴെ നോക്കിയാണ് ഇരുന്നത്. ടെൻഷൻ കാരണം മുഷ്ടി ചുരുട്ടി പിടിക്കുകയും നിവര്‍ത്തുകയും പിന്നേ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ ശ്വാസം ആഞ്ഞ് എടുക്കുകയും ഞാൻ ചെയ്തു കൊണ്ടിരുന്നു.
ഉടനെ എന്നെ ആശ്വസിപ്പിക്കാൻ എന്നപോലെ വിനില എന്റെ തോളില്‍ കൈ വച്ചു.
ഞാൻ ഒന്നും പറയാതെ ഇരുന്നത് കൊണ്ട് അങ്കിള്‍ തുടർന്നു, “എടാ മോനെ, ഒന്നുമില്ലെങ്കിലും നിന്റെ അനിയനും അനിയത്തിയേയും എങ്കിലും നിനക്ക് ഇടക്കൊക്കെ ചെന്ന് കണ്ട് സംസാരിച്ചു കൂടെ..? അവരൊക്കെ എന്താണ് പഠിക്കുന്നത് എന്നെങ്കിലും നിനക്ക് വല്ല നിശ്ചയവുമുണ്ടോ…? ഒന്നര വര്‍ഷമായി അവരുടെ വീട്ടില്‍ നി പോയിട്ട് പോലുമില്ല എന്നാണല്ലോ നിന്റെ പപ്പ പറഞ്ഞത്…!” അങ്കിള്‍ ഗൗരവമായി പറഞ്ഞു.