അങ്ങോട്ട് വിളിക്കാന്‍ തോന്നിയെങ്കിലും വേണ്ടെന്ന് തീരുമാനിച്ചു. കഴിഞ്ഞ രാത്രി അവളുടെ പേടിയും വിഷമവും ഞാൻ മനസ്സിലാക്കിയതാണ്. അവള്‍ ചിലപ്പോ എന്റെ കോൾ എടുക്കില്ല…. എന്റെ മെസേജ് പോലും ശല്യമായി അവള്‍ക്ക് തോന്നാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ഞാൻ മെസേജും അയച്ചില്ല. അവള്‍ക്ക് വേണ്ട സ്പേസ് കൊടുക്കാന്‍ ഞാൻ തീരുമാനിച്ചു.
മാളിൽ ഒന്നും കൂടി വെറുതെ ചുറ്റി നടന്ന ശേഷം ഞാൻ വിനിലയുടെ വീട്ടിലേക്ക് വിട്ടു.
തീര്‍ത്ഥയാത്ര കഴിഞ്ഞു വന്ന അങ്കിളും ആന്‍റിയേയും കാണാന്‍ പോയില്ലെങ്കില്‍ മോശമായി പോകും. എല്ലാ പ്രാവശ്യവും അവർ തിരികെ വന്ന ദിവസം തന്നെ അവരെ ചെന്ന് കാണുന്നത് എന്റെ പതിവായിരുന്നു. പക്ഷേ ഇപ്രാവശ്യം ഇതുവരെ ഞാൻ പോയില്ല.
പോരാത്തതിന് ആന്റിക്ക് സുഖമില്ലാതെയാണ് തിരികെ വന്നിരിക്കുന്നത്. എന്നോട് നല്ല കാര്യവും സ്നേഹവും ആന്റിക്കുണ്ട്. നോക്കാൻ പോയില്ലെങ്കിൽ സാഹചര്യം കിട്ടുമ്പോൾ എല്ലാം ആന്റി ഇക്കാര്യത്തെ പിന്നെയും പിന്നെയും കുത്തി കാണിക്കുകയും സങ്കടം പറയുകയും ചെയ്തു കൊണ്ടേയിരിക്കും.
വിനിലയുടെ കോമ്പൗണ്ട് ഗേറ്റ് പകുതി തുറന്ന് കിടന്നത് കൊണ്ട് നിറുത്തേണ്ടി വന്നില്ല. ബൈക്ക് നേരെ അകത്ത് കേറ്റി മുറ്റത്ത് കൊണ്ട് നിർത്തി.
അന്നേരം എങ്ങോട്ടോ പോകാൻ തയാറായി ഇറങ്ങുകയായിരുന്നു അങ്കിള്‍. എന്നെ കണ്ടതും പൂമുഖത്ത് തന്നെ അങ്കിള്‍ നിന്നു. എന്റെ ബൈക്കിന്‍റെ ശബ്ദം കേട്ട് ആന്‍റിയും വിനിലയും അകത്ത് നിന്നും പൂമുഖത്തേക്ക് വന്നു.
ആന്റിയും വിനില യും എന്നെ കണ്ട ഉടനെ പുഞ്ചിരിച്ചു. അങ്കിളിന്റെ മുഖത്ത് മാത്രം എന്തോ ഗൗരവം…. എന്നോട് എന്തോ സീരിയസ്സായി പറയാൻ ഉണ്ടെങ്കിൽ മാത്രം കാണാറുള്ള ഗൗരവം ആയിരുന്നു അത്.
“ആഹാ… തേടിയ പന്നി വീട്ടില്‍ എത്തി…!!” അങ്കിള്‍ പറഞ്ഞിട്ട് മുഖത്തിലെ ഗൗരവം കളഞ്ഞിട്ട് ഉറക്കെ ചിരിച്ചു.
“തേടിയ വള്ളി കാലില്‍ ചുറ്റി, എന്നല്ലേ…?” ബൈക്കില്‍ നിന്നിറങ്ങി പൂമുഖത്തേക്ക് കേറുന്നതിനിടെ തല ചൊറിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.
“നിനക്ക് പന്നിയേ ചേരൂ…!” അങ്കിള്‍ അല്‍പ്പം കാര്യമായി പറഞ്ഞു, “നിന്നെ വന്നു കാണാന്‍ വേണ്ടി ഞാൻ ഇറങ്ങുവായിരുന്നു. ആദ്യം അകത്ത് കേറ് ചിലതൊക്കെ നമുക്ക് ചർച്ച ചെയ്യാനുണ്ട്.”