“ചേട്ടാ ഞാൻ… ഞാൻ—” പക്ഷേ ഒന്നും പറയാനാവാതെ എന്റെ പിന്നില്‍ മുഖം അമർത്തി അവള്‍ നിശബ്ദയായി കരയുന്നത് എനിക്കറിയാൻ കഴിഞ്ഞു.
അവൾ കരഞ്ഞു തീരട്ടെ എന്നു കരുതി ഞാൻ വളരെ സ്ലോ ആയിട്ടാണ് ഓടിച്ചത്. എന്റെ മനസ്സിലും വലിയൊരു യുദ്ധം തന്നെ അരങ്ങേറി കൊണ്ടിരുന്നു.
ഒടുവില്‍ ഏറെകുറെ വീടിനടുത്ത് വന്നതും അവള്‍ മുഖം തുടച്ച് നേരെ ഇരുന്നു.
ബൈക്കില്‍ നിന്നിറങ്ങിയതും അവള്‍ വേഗം നടന്ന് വീട്ടില്‍ കേറി. ഭാരിച്ച മനസ്സോടെ ഞാനും ചെന്നു കേറി.
ഹാളില്‍ ആരും ഇല്ലായിരുന്നു. ഞാൻ എന്റെ റൂം ലക്ഷ്യം വച്ചു നടന്നു. ആദ്യം അമ്മായിയുടെ റൂമിന് മുന്നില്‍ വന്നതും അകത്തു നിന്നും അമ്മായിയും ജൂലിയും സംസാരിക്കുന്ന നേരിയ ശബ്ദം കേട്ട് എത്തി നോക്കി.
കട്ടിലിനടുത്ത് അമ്മായിയുടെ വലിയ സ്റ്റഡി ടേബിള്‍ വലിച്ചിട്ടിട്ടുണ്ട്. അതിൽ ലാപ്ടോപ്പും വച്ച് രണ്ടുപേരും ബെഡ്ഡിലിരുന്ന് ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്നു. അമ്മായിയുടെ തന്നെ ഒരു ചെറിയ സ്കേനും പ്രിന്റും ചെയ്യുന്ന വയർലെസ് സ്കാനറും ഉണ്ടായിരുന്നു. അതുകൂടാതെ ടേബിളില്‍ കുറെ കട്ടിയുള്ള ബുക്സും കുറെ പേപ്പറും എല്ലാം നിരത്തി വച്ചിരുന്നു.
എന്നെ കണ്ടതും ജൂലി നിറഞ്ഞൊഴുകുന്ന സ്നേഹത്തോടെ പുഞ്ചിരിച്ചു. ജോലിയുടെ സ്നേഹവും ശാന്തവും നിഷ്കളങ്കമായ മുഖത്തെ കണ്ടതും എന്റെ മനസ്സ് പെട്ടന്ന് ശാന്തമായി. ഒരു പുഞ്ചിരി താനെ ചുണ്ടില്‍ വിരിഞ്ഞു. അവളുടെ സ്നേഹം ഒരു ഊര്‍ജ്ജമായി എന്നിലേക്ക് പടര്‍ന്ന് ഉള്ളില്‍ സന്തോഷം നിറച്ചു.
അന്നേരം അമ്മായിയും എന്നെ കണ്ടു. അവരും പുഞ്ചിരിച്ചു.
“എന്റെ അമ്മായി, വര്‍ഷങ്ങളായി നടക്കുന്ന നിങ്ങളുടെ ഈ പഠിത്തം ഒരിക്കലും അവസാനിക്കില്ല, അല്ലേ…! ഒന്നിന് പുറകെ ഓരോന്നായി എന്തെങ്കിലും ഒക്കെ പഠിച്ചു കൊണ്ടിരിക്കുവാണല്ലോ..? പഠിത്തം അല്ലെങ്കിൽ എന്തെങ്കിലും റിസര്‍ച്ച്… അതും അല്ലെങ്കിൽ മറ്റ് സ്കൂളുകളും ആയി ബന്ധപ്പെട്ട് എന്തെങ്കിലും ഒക്കെ ചെയ്യും…. അമ്മായിക്ക് മടുപ്പ് തോന്നുന്നില്ലേ…!? പിന്നെ കൂട്ടിന് അമ്മായിയുടെ ഈ ജൂലി ശിങ്കിടിയും.” റൂം നടയില്‍ നിന്നു കൊണ്ട് ഞാൻ പ്രസംഗിച്ചു.
എന്റെ പ്രസംഗം കേട്ട് അമ്മായിയും ജൂലിയും മിഴിച്ചിരിക്കുകയാണ് ചെയ്തത്.
“ചേട്ടൻ ഒന്ന് പോയേ..! വെറുതെ ഞങ്ങളെ കളിയാക്കുകയൊന്നും വേണ്ട… ഇതിന്റെയൊക്കെ ത്രില്ല് ചേട്ടന് മനസ്സിലാവില്ല.” ജൂലി കൊഞ്ഞനം കുത്തി കാണിച്ചു.