“ചേട്ടാ…?”
“എന്തടി മോളെ…?”
“ഞാൻ കന്യാസ്ത്രീ ആവുന്നതിൽ എന്താണ് ചേട്ടന്റെ അഭിപ്രായം…?”
അവള്‍ ഗൗരവപൂര്‍വ്വം ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി. പെട്ടന്ന് എനിക്ക് തല ചുറ്റിയത് കൊണ്ട് ഞാൻ വേഗം ബൈക്ക് ഒതുക്കി നിര്‍ത്തി.
കണ്ണില്‍ ഇരുട്ട് കേറിയത് പോലെ എനിക്ക് തോന്നി. ഞാൻ കുനിഞ്ഞ് ബൈക്ക് ടാങ്കിൽ തല മുട്ടിച്ചിരുന്നു. സാന്ദ്ര പേടിച്ചു പോയി.
അവള്‍ വേഗം ഇറങ്ങി മുന്നോട്ട് വന്ന് എന്റെ മുഖം പിടിച്ചുയർത്തി.
“എന്തുപറ്റി ചേട്ടാ..!” അവള്‍ പേടിച്ച് കരയും പോലെ ചോദിച്ചു.
അന്നേരം വഴിയേ പോയ ഒരു ബൈക്കും ഒരു സുമോയും ഒതുക്കി നിർത്തി. സുമോ യില്‍ നിന്നും ഒരു ചേട്ടനും ഭാര്യയും.. പിന്നെ ബൈക്കില്‍ നിന്ന് ഒരു മധ്യവയസ്ക്കനും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടു.
“എന്തുപറ്റി മോളെ…” ആദ്യം അടുത്തെത്തിയ മധ്യവയസ്ക്കൻ സാന്ദ്രയോട് ചോദിച്ചു. എന്നിട്ട് എന്റെ തോളത്ത് പിടിച്ചു കൊണ്ട് എന്നെ നോക്കി. “എന്തുപറ്റി.. ആശുപത്രിയിൽ പോണോ..?” ആശങ്കയോടെ അയാള്‍ ചോദിച്ചു.
അന്നേരം ആ ചേട്ടനും ഭാര്യയും വന്നിട്ട് സാന്ദ്രയോട് കാര്യം അന്വേഷിക്കുന്നത് കേട്ടു. അവളും തിരിച്ച് എന്തോ പറയുന്നുണ്ട്.
അപ്പോഴേക്കും എന്റെ തലകറക്കവും കണ്ണിലെ ഇരുട്ടും മാറി കഴിഞ്ഞിരുന്നു. ഞാൻ നിവര്‍ന്നിരുന്നു.
“ഒന്നുമില്ല ചേട്ടാ.. ചെറിയൊരു തലകറക്കം ഉണ്ടായി. അത് മാറുകയും ചെയ്തു. ഹെല്പ് ചെയ്യാൻ ഓടിയെത്തിയതിന് നന്ദിയുണ്ട്, ചേട്ടാ.” അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടു നിന്ന ആ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണും പിന്നേ അവളുടെ ഭർത്താവും എന്റെ അടുത്തേക്ക് വന്നു.
“നിങ്ങൾ ആ ‘യൂണിക്കോൺ മാൾ’ ഓണർ അല്ലേ..?” ആ പെണ്ണ് ചുണ്ടില്‍ വിരൽ തട്ടി എന്തോ ആലോചിക്കും പോലെ ചോദിച്ചു.”
ആണെന്ന് ഞാൻ തലയാട്ടി.
“ശെരിക്കും തലചുറ്റ് മാറിയോ..?” അവള്‍ ആശങ്കയോടെ ചോദിച്ചു. “നിങ്ങള്‍ രണ്ടുപേരെയും കാറിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. എന്റെ ഹസ്ബന്‍ഡ് നിങ്ങടെ ബൈക്കുമായി പിന്നാലെ വന്നോളും..”
“ചോദിച്ചതിന് നന്ദിയുണ്ട് ചേച്ചി, പക്ഷേ ഇപ്പൊ എനിക്ക് കുഴപ്പമില്ല. എനിക്ക് ഓടിക്കാന്‍ കഴിയും. ഇനി വെറും പത്ത് മിനിറ്റ് പോയാൽ വീടെത്തും.” അവളുടെ സഹായം ഞാൻ പുഞ്ചിരിയോടെ നിരസിച്ചു.