ഞാൻ ആന്റിയെ നോക്കി വെറുതെ നിന്നു.
“ഇപ്പോഴത്തെ കാലത്തുള്ള കുട്ടികള്‍ക്ക് തമാശയും കാര്യവും തമ്മിലുള്ള വ്യത്യാസം അറിയില്ല. സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങൾ വന്നാലേ അവരൊക്കെ പഠിക്കൂ.” ആന്റി തലയാട്ടി കൊണ്ട് സങ്കടം പറഞ്ഞു. എന്നിട്ട് നെടുവീര്‍പ്പോടെ എന്നെ നോക്കി. “ആ… അതൊക്കെ പോട്ടെ. പലരും അങ്ങനെയാണ്. അവരവരുടെ ആഗ്രഹങ്ങള്‍ മാത്രം വലുതായി കണ്ട് മറ്റുള്ളവരെ വേദനിപ്പിക്കും. പക്ഷേ നി ശെരിക്കും നല്ല കുട്ടിയാണ്, സാം. നി എല്ലാവരെയും കുറിച്ചും ചിന്തിക്കുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടും നി മനസ്സിലാക്കാൻ ശ്രമിക്കുന്നു. സത്യസന്ധമായി നി എല്ലാം തുറന്ന് സംസാരിക്കുന്നു.”
അത്രയും പറഞ്ഞിട്ട് ആന്റി എന്നെ ഗൌരവത്തോടെ ഒന്ന് നോക്കി.
ഞാനും ആന്റിയുടെ കണ്ണില്‍ നോക്കി നിന്നു.
“ഇവിടെ വന്നിട്ടുള്ള പല പയ്യന്മാരും ദേവിയെ സ്വാധീനിക്കാന്‍ തന്നെയാണ് വന്നത്, സാം. അങ്ങനെ ഉള്ളവരുടെ നോട്ടവും സംസാരവും എല്ലാം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അവൾ ഇല്ലെങ്കില്‍ പോലും നി ഇവിടെ വന്നു. എന്നെ കാണാന്‍ വന്നു. സ്വന്തം അമ്മയോടെന്ന പോലെ നി എന്നോട് കരുതലും കാണിച്ചു. അതിൽ നിന്നും നി എന്താണെന്നും നിന്റെ നല്ല മനസ്സും ഞാൻ മനസ്സിലാക്കി കഴിഞ്ഞു.”
അത്രയും പറഞ്ഞിട്ട് സ്വന്തം മകനെ പോലെ എന്നെ അവരോട് ചേര്‍ത്തു പിടിച്ച് എന്റെ തലയില്‍ ആന്റി ചുംബിച്ചു. എനിക്ക് അവരോട് വാത്സല്യം തോന്നി. സ്നേഹത്തോടെ ഞാൻ ചിരിച്ചു.
“ഇനി പൊയ്ക്കൊ. പിന്നെ എപ്പോ വേണേലും ഏതു സമയത്ത് വേണേലും നിനക്ക് ഇങ്ങോട്ട് വരാം, കേട്ടോ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “പിന്നേ നിന്റെ ഇളയമ്മയും നിന്റെ സഹോദരങ്ങളേയും ഓര്‍ത്ത് വിഷമിക്കേണ്ട, എല്ലാം ശരിയാവും.” ആന്റി എന്റെ കൈ മടക്കിൽ പിടിച്ചു കൊണ്ട് അത്രയും പറഞ്ഞ ശേഷം വിട്ടു.
മനസ്സിൽ സന്തോഷത്തോടെയാണ് അവിടുന്ന് ഞാൻ ഇറങ്ങിയത്. ശെരിക്കും അവരെ അമ്മ എന്ന് വിളിക്കാൻ കൊതിച്ചു പോയി.
മറ്റുള്ളവര്‍ക്കൊക്കെ അവർ ദേഷ്യക്കാരിയും ഗൗരവക്കാരിയും ആയിരിക്കാം. ആണുങ്ങളെ വീട്ടില്‍ നിന്നും ആട്ടിയോട്ടിക്കുന്ന രാക്ഷസി ആയിരിക്കാം. പക്ഷെ എന്റെ മനസ്സിൽ അവർ എന്റെ സ്വന്തം അമ്മയായി കുടിയേറി. അവരുടെ സ്വന്തം മകനായി ഞാനും അവരുടെ മനസില്‍ ഉണ്ട്. ഓടിപ്പോയ എന്റെ സ്വന്തം അമ്മയും… എന്നെ വേണ്ടാത്ത ഇളയമ്മയേയും ഓര്‍ത്ത് ഇപ്പോൾ വിഷമം തോന്നിയില്ല. രക്തബന്ധം ഇല്ലെങ്കിലും മനസ്സിൽ ഒരു അഗാധമായ ബന്ധം ഞങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു…. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം.