“നിന്റെ പപ്പ നിന്നോട് തെറ്റൊന്നും ചെയ്തില്ല, പിന്നെ എന്തിനാണ് കുറ്റബോധം..?!” ആന്റി സംശയത്തോടെ ചോദിച്ചു.
“എന്നെ പ്രസവിച്ച എന്റെ അമ്മക്ക് പോലും എന്നോട് സ്നേഹം ഇല്ലായിരുന്നു. അമ്മയുടെ കാമുകനെ അവര്‍ക്ക് കിട്ടാത്ത ദേഷ്യം എല്ലാം എന്നെ ഉപദ്രവിച്ചാണ് അമ്മ തീർത്തിരുന്നത്…. അച്ഛൻ അതൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് മൂന്നര വയസ്സുള്ള സമയത്താണ് അച്ഛൻ അമ്മയുടെ തനിക്കൊണം കണ്ടത്. അവർ തമ്മില്‍ വഴക്കായി. അച്ഛൻ അമ്മയെ ശെരിക്കും ഉപദ്രവിച്ചു. ഒരാഴ്ച കഴിഞ്ഞ് അമ്മ കാമുകനോടൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു. അച്ഛന്റെ കുറ്റം അല്ലെങ്കിലും, അമ്മ എപ്പോഴും എന്നെ ഉപദ്രവിച്ചിരുന്നെന്ന വിവരം നേരത്തെ അറിഞ്ഞില്ല എന്നതിനാണ് അച്ഛന്റെ ആദ്യത്തെ കുറ്റബോധം.”
ഒരു സങ്കടം കലര്‍ന്ന ചിരി എന്നില്‍ നിന്നും ഉണ്ടായി. ദേവാംഗന ആന്റി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.
“പിന്നെ എന്റെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റി തന്നെങ്കിലും എനിക്ക് ഒരു തരി സ്നേഹം പോലും തരാത്ത… സ്നേഹത്തോടെ ഒരു ചുംബനം പോലും തരാത്ത രണ്ടാനമ്മയെ ആണല്ലോ എനിക്ക് തന്നത് എന്നതാണ് എന്റെ അച്ഛന്‍റെ രണ്ടാമത്തെ കുറ്റബോധം. പിന്നെ, എന്നെ വെറും ശത്രുവായി എന്റെ സഹോദരങ്ങളുടെ മനസ്സിൽ വിത്ത് പാകിയാണ് സ്വന്തം കുട്ടികളെ ഇളയമ്മ വളര്‍ത്തിയത്… അതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നതാണ് എന്റെ അച്ഛന്റെ മൂന്നാമത്തെ കുറ്റബോധം.”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ആർത്തു കരയാൻ മനസ്സ് വെമ്പി. പക്ഷേ എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു കൊണ്ട് തുടർന്നു,,
“അവരൊക്കെ എന്നോട് ഇങ്ങനെ പെരുമാറാന്‍ മാത്രം എന്തു തെറ്റ് ഞാൻ ചെയ്തെന്നറിയില്ല. ഇളയമ്മയോട് എന്തു ദ്രോഹമാണ് ഞാൻ ചെയ്തത്. ഇളയമ്മ പോട്ടെ… പക്ഷേ ഇത്രയൊക്കെ എന്റെ സഹോദരങ്ങൾ വളർന്നു കഴിഞ്ഞു, ഇപ്പോഴെങ്കിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിച്ച് സത്യം കണ്ടെത്താൻ അവർ ശ്രമിച്ചില്ല. എന്നെ വെറുക്കുന്നതിന്‍റെ കാരണം പോലും അവര്‍ക്ക് അറിയാത്ത സ്ഥിതിക്ക് അവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്നും ഇതുവരെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല…!!” ഞാൻ പറഞ്ഞു നിര്‍ത്തി.
എല്ലാം പറഞ്ഞു കഴിഞ്ഞതും എനിക്ക് അല്‍പ്പം ആശ്വാസം തോന്നി. ഒരു നെടുവീര്‍പ്പോടെ എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. അന്നേരം ആന്റി പെട്ടന്ന് സ്വന്തം കണ്ണുകളെ തുടച്ചു.