“ആ കുട്ടികൾ നിന്നോട് സംസാരിക്കുക പോലും ചെയ്യില്ല എന്നത് സത്യം തന്നെയാണോ…?” ആന്റി വിഷമത്തോടെ ചോദിച്ചു.
“ഇളയമ്മയുടെ സ്വന്തം മകളെയും പിന്നേ എന്റെ അച്ഛനില്‍ അവര്‍ക്ക് ഉണ്ടായ എന്റെ അനിയനും അനിയത്തിയേയും എല്ലാം എന്നില്‍ നിന്നും അകറ്റിയാണ് വളർത്തിയത്. പണ്ടു തൊട്ടെ എന്റെ രണ്ട് അനുജത്തി മാരെയും അനിയനെയും തൊടാൻ പോലും ഇളയമ്മ സമ്മതിച്ചിട്ടില്ല. വളരെ ചെറിയ പ്രായത്തിലെ എന്റെ സഹോദരങ്ങളെ ഹോസ്റ്റലില്‍ നിർത്തിയാണ് ഇളയമ്മ പഠിപ്പിച്ചത്. അവധിക്ക് അവർ മൂന്ന് പേരും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് വരും. രണ്ട് അനുജത്തിയും ഒരു റൂമിലും അനിയന്‍ മറ്റൊരു റൂമിലും പിന്നേ എനിക്ക് വേറെ റൂമും ഉണ്ട്. ഞങ്ങൾ ഒരേ വീട്ടില്‍ ആണെങ്കിലും ആ പിള്ളേര് എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കും…. ഞാനായിട്ട് അവരുടെ റൂമിൽ ചെന്ന് സംസാരിച്ചാൽ എന്റെ മുഖത്ത് നോക്കാതെ മറുപടി മാത്രം തരും. എന്നെ കുറിച്ച് ഒരു കാര്യവും അവർ അന്വേഷിച്ചിട്ടില്ല, ഇന്നേവരെ. ഞാൻ അവരുടെ റൂമിൽ കേറി ചെല്ലുന്നത് ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടാവും പലപ്പോഴും അവർ റൂമും പൂട്ടി ഇരിക്കുന്നത്. കുഞ്ഞു നാൾ തൊട്ടേ ഇങ്ങനെയുള്ള ദുഃഖവും മനക്ലേശം അവജ്ഞയും അനുഭവിച്ചുമാണ് ഞാൻ ജീവിച്ചത്.”
അത്രയും പറഞ്ഞിട്ട് കുറേനേരം എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. ആന്റി ദുഃഖത്തോടെ എന്നെ നോക്കിയിരുന്നു.
“എന്റെ വിവാഹം കഴിഞ്ഞ് അവരൊക്കെ രണ്ടുമാസം എന്റെ വീട്ടിലാണ് താമസിച്ചത്. ജൂലിയോട് അവര്‍ക്ക് അടുപ്പം കാണിക്കാൻ കഴിഞ്ഞെങ്കിലും എന്നോട് പഴയത് പോലെ തന്നെയായിരുന്നു. അവർ തിരികെ പോയ ശേഷവും പല പ്രാവശ്യം ഞാൻ ജൂലിയേയും കൂട്ടി അവരുടെ വീട്ടില്‍ പോയിട്ടുണ്ട്.. പക്ഷേ ഞാൻ ചെന്ന ഉടനെ ആ മൂന്ന് പിള്ളാരും ജൂലിയെ നോക്കി ചിരിച്ചിട്ട് അവരുടെ റൂമിൽ കേറി പോകും. ഇളയമ്മ എന്റെ മുഖത്ത് പോലും ശെരിക്കും നോക്കാതെ എന്തെങ്കിലും സംസാരിച്ചു എന്ന് വരുത്തീട്ട് ജൂലിയെ മാത്രം അവരുടെ റൂമിൽ കൂട്ടിക്കൊണ്ട് പോകും.”
അത്രയും പറഞ്ഞിട്ട് വിഷമത്തോടെ തലയാട്ടിയ ശേഷം ഞാൻ തുടർന്നു,,
“ജൂലിയെ അവർ റൂമിൽ കൂട്ടിക്കൊണ്ട് പോയാല്‍ ഞാനും പപ്പയും അവിടെ സംസാരിച്ചിരിക്കും. സത്യത്തിൽ ഞാനാണ് അധികവും എന്റെ അച്ഛനോട് സംസാരിക്കുന്നത്, പപ്പ എല്ലാം കേട്ടു കൊണ്ടിരിക്കും…. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ വാക്കുകൾ പറയും എന്നല്ലാതെ കൂടുതൽ നേരവും കുറ്റബോധത്തോടെ പപ്പ തലകുനിച്ച് ഇരിക്കാറാണ് പതിവ്.”