ഞാൻ ബൈക്ക് അകത്തു കേറ്റി മുറ്റത്ത് നിർത്തി. സന്തോഷ ചിരിയോടെ ആന്റി വേഗം എന്റെ അടുത്തു വന്നു.
“കേറി വായോ… അകത്തിരിക്കാം…” അതും പറഞ്ഞ് ആന്റി എന്റെ തോളില്‍ പതിയെ തട്ടി.
ഞങ്ങൾ ഒരുമിച്ച് അകത്ത് കേറി ഹാളില്‍ ഇരുന്നു.
“മുളകൾ കൊണ്ട് പണിത ഈ കസേരയാണോ നിനക്ക് കൂടുതൽ ഇഷ്ട്ടം…? അന്നും ഇതിൽ ആണല്ലോ നീ ഇരുന്നത്…?” ആന്റിയും എന്റെ അടുത്തുള്ള മുള കസേരയില്‍ ഇരുന്ന ശേഷം ചോദിച്ചു.
“അതുപിന്നെ… അന്ന് ആന്റിയെ പേടിച്ച് കഴിയുന്നത്ര അകലത്തിൽ ചെന്നിരിക്കാൻ ശ്രമിച്ചാണ് ഇതിൽ വന്നിരുന്നത്. പക്ഷേ ഇരുന്നപ്പോ ശെരിക്കും ഇഷ്ട്ടപ്പെട്ടു. അതുകൊണ്ടാണ് ഇന്നും ഇതിനെ സെലക്ട് ചെയ്തത്.”
ഞാൻ പറഞ്ഞത് കേട്ട് ആന്റി പൊട്ടിച്ചിരിച്ചു.
“ഇപ്പൊ പേടിയെല്ലാം മാറിയല്ലോ, അല്ലേ..?” ആന്റി കളിയാക്കി.
“തുടക്കത്തിൽ ആന്റിയെ പേടിയും…. പിന്നെ അത്ര നല്ല അഭിപ്രായം തോന്നിയില്ലെങ്കിലും… പിന്നീട് ആന്റിയോട് സംസാരിക്കാന്‍ തുടങ്ങിയതും അതൊക്കെ മാറിയിരുന്നു. പുറമെ കാണുന്ന ആന്റി അല്ല അകത്തെന്നും മനസ്സിലായി.. പിന്നെ ആന്റിയുടെ മരുമകള്‍ ദേവിയെ ഉൾപ്പെടുത്തി ആന്റി ഓരോ കാര്യങ്ങൾ പറഞ്ഞപ്പോഴും ആന്റിക്ക് ദേവിയോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന് മനസ്സിലായി. അപ്പോ സ്വന്തം മക്കളേയും എത്രമാത്രം സ്നേഹിച്ചാണ് വളർത്തിയിട്ടുണ്ടാവുക എന്നും ഞാൻ ഊഹിച്ചു. അപ്പോ എന്റെ മനസ്സും ഇങ്ങനെ ഒരു അമ്മയെ വേണമെന്ന് ആശിച്ചു പോയി.” അല്‍പ്പം ചമ്മലോടെ ഞാൻ പറഞ്ഞു.
സത്യങ്ങൾ തുറന്നു പറഞ്ഞ എന്നെ തന്നെ കുറെ നേരം ആന്റി നോക്കിയിരുന്നു. എന്നാൽ എന്റെ ചിന്തകൾ മറ്റെവിടേക്കോ സഞ്ചരിച്ചു.
അപ്പോൾ ആന്റി എന്നോട് എന്തോ പറഞ്ഞത് എനിക്ക് കേട്ടില്ല. പെട്ടന്ന് ചോദ്യ ഭാവത്തില്‍ ഞാൻ അവരെ നോക്കി.
“ഈ വഴിക്ക് പോയപ്പോ വെറുതെ കേറിയതാണോ…?” ആന്റി ചോദ്യം ആവര്‍ത്തിച്ചു.
“അല്ല ആന്റി, നിങ്ങളെ കാണാന്‍ തന്നെയാ വന്നത്.”
ഞാൻ പറഞ്ഞതും ആന്റിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രകാശം പരത്തുന്ന ചന്ദ്രനെ പോലെ സുന്ദരമായി പ്രകാശിച്ചു. വാത്സല്യപൂർവ്വം മകനെ നോക്കുന്ന അമ്മയെ പോലെ ആന്റി എന്നെ നോക്കി. പക്ഷെ അവസാനം ആന്റിയുടെ നെറ്റി ചുരുങ്ങി ചുളിവുകൾ പ്രത്യക്ഷപ്പെട്ടു.