“”..എടി.. ഇന്നലെയവളുടെ വീട്ടിൽനിന്ന് വിളിച്ചിരുന്നു.. അവർക്കീ കല്യാണത്തിന് താല്പര്യമാന്ന് പറയാൻ.. എത്രയും പെട്ടെന്ന് കല്യാണം നടത്തണമെന്ന് പോലും..!!”””_ അതുപറഞ്ഞൊപ്പിയ്ക്കാൻ എനിയ്ക്കു കുറച്ചുസമയമെടുത്തു.. ആക്കാര്യമോർക്കുമ്പോൾ തന്നെ ഉള്ളിലൊരു പിടപ്പ്…
“”…ഏഹ്..?? അതെന്താ പറ്റിയെ..?? നീയല്ലേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്; അതു മുടക്കിയെന്ന്.. എന്നിട്ടിപ്പോൾ എന്തുപറ്റി..??”””_ കേട്ടതും ഒരു ഞെട്ടലോടെയവൾ തിരക്കി.
“”…അത് ഞാനിന്നലെ അവളോട് നമ്മുടെ കാര്യമെല്ലാം പറഞ്ഞതാ.. എന്നിട്ടപ്പോളെല്ലാം മൂളിക്കേട്ടിട്ട് ഇപ്പൊപ്പറയുവാ, അവളെക്കൊണ്ട് മുടക്കാൻ പറ്റില്ലാന്ന്.. വേണമെങ്കിൽ എന്നോടു മുടക്കിക്കോളളാൻ..!!”””_ കാര്യം വിശദീകരിയ്ക്കുമ്പോഴും എന്നെ അവൾക്കിഷ്ടമായെന്നു പറഞ്ഞത് ഞാൻ മനപ്പൂർവ്വം തന്നെ മറച്ചുപിടിച്ചു.. അതുകൂടി പറഞ്ഞ് വെറുതെയാ പാവത്തിനെ വിഷമിപ്പിയ്ക്കേണ്ടന്നു കരുതി..
“”…അടിപൊളി.! എന്നിട്ട് നീയെന്തു തീരുമാനിച്ചു..??”””_ ഇതൊക്കെ സാധാരണമെന്നോണമായിരുന്നു അവളുടെ മറുചോദ്യം..
“”…ഡീ.. തമാശയല്ല, ഞാൻ കാര്യമായ്ട്ടു തന്നെ പറഞ്ഞതാ… കാര്യങ്ങളൊക്കെ എന്റെ പിടിവിട്ടു പൊയ്ക്കൊണ്ടിരിയ്ക്കുവാ… എത്രയും പെട്ടെന്ന് മുഹൂർത്തം നോക്കാൻ പോകുവാ വീട്ടുകാര്… ഞാൻ പറയാതെതന്നെ നിനക്കറിയാലോ അവരെയെനിയ്ക്ക് തടുക്കാൻ പറ്റില്ലാന്ന്… പിന്നെന്റെ മുന്നിലുള്ള ഒറ്റവഴി നിന്നെയുംകൊണ്ട് നാടുവിട്ടുക എന്നതുമാത്രമാണ്..!!”””_ ഉള്ളിലൊരു പ്രതീക്ഷയോടെ അത്രയും പറഞ്ഞശേഷം ഞാൻ വീണ്ടും കൂട്ടിച്ചേർത്തു,
“”…എടീ.. നീ എന്റൊപ്പമിറങ്ങി വാ..?? നമുക്കെങ്ങോട്ടെങ്കിലും പോകാം.. എനിയ്ക്കു നീയില്ലാണ്ട് പറ്റത്തില്ലടീ.. അതുകൊണ്ടാ..!!”””_ ഒരു വിധം പറഞ്ഞു തീർക്കുമ്പഴെക്കുമെൻറെ സ്വരമിടറി പോയിരുന്നു.
“”…എന്റെ പാർത്ഥീ.. നിനക്കെന്താടാ വട്ടായോ..?? നീയിതെന്തൊക്കെയാ പറയുന്നേ..?? എന്റെ അമ്മയെ ഈ അവസ്ഥയിലിട്ടിട്ട് ഞാനെങ്ങനെ നിന്റൊപ്പം വരുമെന്നാ..?? അങ്ങനെ വന്നാൽത്തന്നെ നമുക്കു സ്വസ്ഥതയുണ്ടാവോ..?? അല്ല.! നിന്റെ വീട്ടുകാര് നമ്മളെ മനസമാധാനത്തോടെ ജീവിയ്ക്കാൻ സമ്മതിയ്ക്കോന്ന് തോന്നുന്നുണ്ടോ..?? അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങളെക്കുറിച്ചൊന്നും തൽക്കാലം നീ ചിന്തിക്കേണ്ട..!!”””_ എന്റെ പ്രതീക്ഷകളെയെല്ലാം തച്ചുടച്ചുകൊണ്ടവൾ പറഞ്ഞതും ഒരുവല്ലാത്ത ശൂന്യതയെന്നെ വന്നു പൊതിഞ്ഞു… വ്യർത്ഥമാണെന്നറിയാമായിരുന്നിട്ടും പിന്നെയും ഞാനെന്തൊക്കെയൊ പുലമ്പി..
“”…എടീ… അതിനു നിൻറെമ്മയെ നമ്മളോടൊപ്പം കൂട്ടിയാൽ പോരേ..?? പിന്നെന്റെ വീട്ടുകാരുടെ കാര്യം.. അതപ്പോഴത്തെ കാര്യമല്ലേ..?? അതിനും ദൈവമെന്തേലുമൊരു വഴി കാണിച്ചുതരും.. അതേക്കുറിച്ചു ചിന്തിയ്ക്കണ്ട നീ.. എടീ.. ഇതല്ലാതെ എൻറെ മുന്നില് മറ്റൊരു മാർഗ്ഗവുമില്ല.. അതുകൊണ്ടു പറയുന്നതാണ്.. പ്ലീസ്..!!”””