ഒടുക്കം ഞാനവസാന പിടിവള്ളിയെന്നപോലെ എന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു, ചുറ്റും ഏതു കാലാൾപ്പട വീണാലും രാജാവിനെ സംരക്ഷിയ്ക്കുകയാണല്ലോ മന്ത്രിയുടെ ദൗത്യം.. അതെ ചുവടു തന്നെ ഞാനുമിവിടെ പ്രയോഗിച്ചു…
“”…എടോ.. എന്നാലും അതങ്ങനെയല്ലല്ലോ.. മറ്റൊരു പെണ്ണിനെ മനസ്സിൽക്കൊണ്ടു നടക്കുന്ന എന്നെപ്പോലൊരുത്തനെ തനിയ്ക്കെങ്ങനെയാ അക്സെപ്റ്റു ചെയ്യാൻ പറ്റുന്നെ..?? ഇനിയെന്തൊക്കെ ന്യായംപറഞ്ഞാലും അതൊന്നും നടക്കുന്ന കാര്യമല്ല..!!”””_ എറിഞ്ഞത് കൃത്യസ്ഥാനത്ത് കൊള്ളാനായി മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാനങ്ങനെ പറയുമ്പോൾ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.. ശേഷം പിന്നെയുമെന്റെ നേരെ തിരിഞ്ഞു.
“”…തനിയ്ക്കറിയാമോ..?? എനിയ്ക്കും ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾ ഇതുപോലൊരു റിലേഷൻഷിപ്പുണ്ടായിരുന്നതാ.. പക്ഷെയത് എന്റെ പണവും സൗന്ദര്യവും മാത്രംകണ്ടിട്ട് പിന്നാലേകൂടിയതാ.. ആദ്യമതൊന്നും കാര്യമാക്കീല.. പിന്നെ തപ്പലും തടവലുമൊക്കെ തുടങ്ങിയതോടെ മെല്ലെയൊഴിവാക്കി..!!”””_ ഒന്നുചിരിച്ചശേഷം കോഫിയവൾ ചുണ്ടോടുചേർത്തു.. ഒരു മിടയിറക്കിയശേഷം അവൾ വീണ്ടും തുടർന്നു;
“”…ഇപ്പൊ ഇവിടെത്തന്നെ ഡേയ്ലി എന്തോരം പ്രേമം ഞാൻ കാണുന്നതാ.. അവരിൽപ്പലർക്കും അതൊക്കെയൊരു നേരംപോക്കാ.. പലരും എങ്ങനെയെങ്കിലുമത് ബ്രേക്കപ്പാവാൻ വേണ്ടി കാത്തിരിക്കുവാ.. അതുകൊണ്ടുതന്നെ എനിയ്ക്കീ പ്രേമത്തിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല.. എന്നാൽ ഇന്നലെവന്നിട്ട് താൻ പറഞ്ഞില്ലേ, തനിയ്ക്കാ പെണ്ണിനെയല്ലാതെ വേറൊരാളെ അക്സെപ്റ്റ് ചെയ്യാൻ പറ്റത്തില്ലായെന്ന്.. സത്യംപറഞ്ഞാൽ എനിയ്ക്കതുകേട്ടപ്പോൾ അത്ഭുതമാണ് തോന്നിയെ.. അപ്പൊപ്പിന്നെ പ്രേമിച്ച പെണ്ണിനോടിത്രയും ആത്മാർത്ഥത കാണിയ്ക്കുന്നത് എങ്ങനെയാണൊരു നെഗറ്റീവാകുന്നത്..?? ഏതൊരു പെണ്ണും ആഗ്രഹിയ്ക്കുന്നത് ഇതുപോലൊരു ചെക്കനെയല്ലേ..?? ഞാനും അതുപോലെ ആഗ്രഹിച്ചു.. അതൊരു തെറ്റായിപ്പോയെന്ന് എനിയ്ക്കു തോന്നുന്നുമില്ല..!!
..പിന്നൊന്നുകൂടി പറയാം.. തനിയ്ക്കെന്തു ചെയ്തിട്ടു വേണമെങ്കിലും ഈ റിലേഷൻഷിപ്പിൽ നിന്നും പിന്മാറാം.. ഞാൻ എന്തായാലും കടിച്ചു തൂങ്ങി കിടക്കുന്നൊന്നുമില്ല.. അതുകൊണ്ട് താനൊരു കാര്യംചെയ്യ്, തന്റെ വീട്ടിൽപ്പറഞ്ഞ് ഇതെങ്ങനെയെങ്കിലും മുടക്കാൻ നോക്ക്..!!”””_ നിർവികാരമായ ചിരിയോടെയവൾ പറഞ്ഞുനിർത്തുമ്പോൾ ശെരിയ്ക്കും എനിയ്ക്കവളെ മനസ്സിലാകുന്നില്ലായിരുന്നു..
…ഇവളിതെന്തു തേങ്ങയാ പറയുന്നേ..?? എന്നെയിഷ്ടമാണ് കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ട്.. എന്നാൽ ഞാനായ്ട്ട് വേണ്ടാന്നുവെച്ചാൽ അവൾക്കതു പ്രശ്നമില്ല..
എന്താണിതിന്റെയൊക്കെ അർത്ഥം..??
“”…എടോ.. താനിങ്ങനെ ചിന്തിച്ചു തലപുണ്ണാക്കണ്ട.. താനായിട്ടിത് മുടക്കിയാൽ താനെന്നോടീ പറഞ്ഞതും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യാനൊന്നും ഞാൻ വരാമ്പോണില്ല.. അതോർത്തു താൻ പേടിയ്ക്കണ്ട..!!”””_ അവൾ കണ്ണിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞവസാനിപ്പിച്ചു…