മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]

Posted by

“ആ നമ്മുടെ തൂപ്പുകാരന്‍ ഇവിടെത്തന്നെയുണ്ടല്ലോ!”

ഫിലിപ്പ് ഉച്ചത്തില്‍പ്പറഞ്ഞ് നെവിലിന്റെ നേരെ കൈ ഉയര്‍ത്തി.

ഫിലിപ്പ് പറഞ്ഞത് കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.

“സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍…”

ഹെലന്‍ തന്‍റെ വിവരണം തുടര്‍ന്നു.

“മെര്‍ക്കുറിയും ജൂപ്പിറ്ററും പടിഞ്ഞാറേ ചക്രവാളത്തില്‍ കാണാന്‍ സാധിക്കും, ഈ സ്റ്റാര്‍ ഫ്രെയിം കൊണ്ട് നോക്കിയാല്‍…”

“ഓഹോ, അങ്ങനെയാണോ,”

ഹെലന്‍റ്റെ തൊട്ടുപിമ്പില്‍ എത്തി, അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്ന് ഫിലിപ്പ് ചോദിച്ചു.

“വലിയ പ്രാര്‍ത്ഥനക്കാരിയല്ലേ? ഇതുവച്ച് നോക്കിയാല്‍, സ്വര്‍ഗ്ഗത്തില്‍ മാലാഖമാരൊക്കെ പറന്നു നടക്കുന്നതും കാണാമായിരിക്കും, അല്ലെ?”

ഹെലന്‍ അത് കേട്ട് ഫിലിപ്പിന്റെ നേരെ തിരിഞ്ഞു. അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“കാണാം, ഫിലിപ്പ്…”

അവള്‍ പറഞ്ഞു.

“അങ്ങനെ ചിലതൊക്കെ ഉണ്ട് നമുക്ക് മുകളില്‍…നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരല്ല, ഐന്‍സ്റ്റീനെപ്പോലുള്ള വലിയ ആളുകള്‍ പറഞ്ഞിട്ടുണ്ട്, യൂനിവേഴ്സിനെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോള്‍ അതിനെ നിയന്ത്രിക്കുന്ന ശക്തിയിലുള്ള വിശ്വാസവും അദ്ദേഹത്തിന് കൂടിയെന്ന്…”

“ഓഹോ! അത് കൊള്ളാല്ലോ!”

പരിഹാസത്തില്‍ കുതിര്‍ന്ന സ്വരത്തില്‍ ഫിലിപ്പ് വീണ്ടും ചോദിച്ചു.

“എങ്കില്‍ ഹെലന്‍, എനിക്കൊരു ക്വസ്റ്റ്യനുണ്ട്…”

അവന്‍ അവളുടെ നേരെ ഒരു ചുവട് അടുത്തു.

“ചോദിക്ക്…”

അവന്‍റെ കണ്ണുകളില്‍ നിന്ന് നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു.

“ഇത്രേം വലിയ ശക്തിയൊക്കെ മുകളില്‍ ഉണ്ടെങ്കില്‍, ആ ശക്തി നിനക്ക് പുതിയ ഒരു സ്വെറ്റര്‍ പോലും തരുന്നില്ലല്ലോ!”

സാന്ദ്രയൊഴികെയുള്ള കൂട്ടുകാര്‍ മുഴുവനും ഫിലിപ്പ് പറഞ്ഞത് കേട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.

“അത് ഫിലിപ്പെ…”

ഹെലന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദൈവം ഒന്ന് ഫ്രീ ആകണ്ടേ എന്‍റെ കാര്യം ശ്രദ്ധിക്കാന്‍? ദൈവം അതി കഠിനമായ, അടുത്ത കാലത്തൊന്നും തീര്‍ക്കാന്‍ പറ്റാത്ത മറ്റൊരു പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്…”

“അതെന്ത് പണി?”

ഫിലിപ്പ് ചോദിച്ചു.

“അതേ…”

പുഞ്ചിരി വിടാതെ ഹെലന്‍ പറഞ്ഞു.

“ഫിലിപ്പിനെപ്പോലെയുള്ളവരുടെ തലമണ്ടയ്ക്കകത്ത് എന്തെങ്കിലുമുണ്ടോ എന്നറിയാനുള്ള പണി. എന്തോരം കഷ്ട്ടപ്പെട്ടിട്ടാണ് ദൈവം ആ പണി ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയാമോ? അടുത്ത കാലത്തൊന്നും ആ പണി തീര്‍ത്ത് വേറെ എന്തേലും ചെയ്യാന്‍ പറ്റും ദൈവത്തിനു എന്ന് എനിക്ക് തോന്നുന്നില്ല…”

ഇത്തവണ കൂട്ടുകാര്‍ ഫിലിപ്പിന്റെ നേരെ പരിഹാസത്തോടെ നോക്കി. ഒന്നടങ്കം അവര്‍ അവനെ നോക്കി പൊട്ടിച്ചിരിച്ചു, സാന്ദ്രയൊഴികെ.

Leave a Reply

Your email address will not be published. Required fields are marked *