ചാറ്റിംഗിന്റെ ആഴം കൂടിയപ്പോൾ രേണുകയ്ക്ക് പതിയെ അവനൊരു അനിയനാകാൻ തുടങ്ങി. ആദ്യം തോന്നിയ ദേഷ്യം അവനോട് മുറ തൊട്ടാതെ സംസാരിക്കുന്ന ദിശയിലേക്കൊഴുകാൻ അധിക ദിവസം വേണ്ടിവന്നില്ല. ഒറ്റമോളായി പിറന്നത് കൊണ്ട് ഒരു കൂടപ്പിറപ്പില്ലാത്തതിന്‍റെ സങ്കടം മനുവിനോട് സംസാരിക്കുമ്പോൾ രേണുക പറയും. അവൻ തെറ്റിദ്ധരിക്കരുതല്ലോ.
“ അത് സാരമില്ല… എന്നെ അനിയനായി കണ്ടോ ചേച്ചി” എന്നും പറഞ്ഞ് അവനവളെ ആശ്വസിപ്പിക്കും. പിന്നീട് അവൾ എഴുതുന്ന കവിതകൾ ആദ്യം കാണിക്കുന്നത് മനുവിനെയായിരുന്നു. അവനതിന് അഭിപ്രായവും പറഞ്ഞുപോന്നു. ഇപ്പോഴത്തെ ദിനചര്യയിൽ രാവിലെ അവന്റെ മെസ്സേജിൽ ഉണരും, പിന്നെ രാത്രിയാകുന്നത് വരെ ഓരോന്ന് മിണ്ടിയും പറഞ്ഞുമിരിക്കും. ഒടുവില്‍ പലപ്പോഴും അവന്റെ വിളി കിട്ടാതെയാകുമ്പോൾ, അല്ലെങ്കിൽ മെസ്സേജ് കാണാതാകുമ്പോൾ, എന്തുപറ്റി എന്ന് അങ്ങോട്ട് വിളിച്ച് ചോദിക്കുന്നതിൽ വരെയെത്തി അവരുടെ സൗഹൃദം!
രമേശ് പോയതിൽപ്പിന്നെ രേണുകയുടെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ഒരു ചലനം വന്നത് ഫേസ്ബുക്ക് ഗ്രൂപ്പിലെ എഴുത്തുകൾ വഴിയായിരുന്നു. ഇപ്പോള്‍ മനുവിന്റെ രസമുള്ള തമാശകൾ കൊണ്ട് അതിനൊരു നിറവും വന്നു. എന്ത് രസമാണ് അവന്റെ വാക്കുകൾ കേട്ടിരിക്കാൻ!
ലാത്തിയടി മാത്രമല്ല. തന്റെ കാര്യം തിരക്കുകയും ചെയ്യും. വീട്ടിലെ ഓരോ കാര്യങ്ങളും അവനറിയണം. മോളുടെ കാര്യവും രമേശേട്ടന്റെ കാര്യവുമൊക്കെ. കുറച്ചുനേരം സന്തോഷിക്കാൻ ദൈവം കൊണ്ട് തന്ന കുഞ്ഞനിയനാണ് മനുവെന്ന് അവൾക്ക് തോന്നി.
അങ്ങനെയിരിക്കെ ഒരു ദിവസം മനു രേണുകയോട് അവളുടെ ഫോട്ടോ ചോദിച്ചു. ഫേസ്ബുക്കിൽ അവൾ ഫോട്ടോ ഒന്നും ഇട്ടിരുന്നില്ല. എന്തായാലും ഒരു അനിയന് തന്റെ ചേച്ചിയെ കാണാനുള്ള ആകാംക്ഷയ്ക്ക് അപ്പുറമായി അതിലൊരു അസ്വഭാവികതയും രേണുകയ്ക്ക് തോന്നിയതുമില്ല. അതുകൊണ്ടുതന്നെ ഒരു ഫോട്ടോ അയച്ചുകൊടുത്തു. അതിൽ 😍😍😍 ഇങ്ങനെ മൂന്ന് ഇമോജി അയച്ചിട്ട് രേണുകയുടെ ഭർത്താവ് രമേശിനെയും കാണണമെന്നായി അവന്. അങ്ങനെ കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ അയാളുടെ കൂടെ നിന്നെടുത്ത ഒരു ഫോട്ടോ കൂടി അവളവന് അയച്ചുകൊടുത്തു. ഉടനെ അവന്റെ ഫോൺ വന്നു.
“ ഇതെന്താ, ആനയുടെ അടുത്ത് ഒരു ആട്ടിൻകുട്ടി നിൽക്കുന്നത് പോലെ ഉണ്ടല്ലോ, ചേച്ചി.” അവൻ കളിയാക്കി ചിരിച്ചു.
രേണുക ആലോചിച്ചുനോക്കി. ശരിയാണ്. രമേശേട്ടന് നല്ല പൊക്കവും വണ്ണവുമുണ്ട്. തടി കുറയ്ക്കാന്‍ പറഞ്ഞാൽ കേൾക്കില്ല. തനിക്ക് ഏട്ടന്റെ തോളിനൊപ്പം പോലും പൊക്കമില്ല. കല്യാണാലോചന വന്നപ്പോൾ ഇക്കാര്യം താൻ സൂചിപ്പിച്ചെങ്കിലും ബാഹ്യമായ സൗന്ദര്യത്തിൽ അല്ലല്ലോ കാര്യമെന്ന് പറഞ്ഞ് അച്ഛന്റെ കൂട്ടുകാരന്റെ മോനെ വിവാഹം കഴിക്കാൻ അവരെല്ലാം നിർബന്ധിക്കുകയായിരുന്നു. പിന്നെ തനിക്ക് പ്രേമവും മറ്റും ഇല്ലായിരുന്നതുകൊണ്ട് ഒരുപാട് എതിർക്കാതെ അങ്ങ് സമ്മതിക്കുകയും ചെയ്തു. ഒരു നിമിഷം കഴിഞ്ഞ് അല്പം ദേഷ്യത്തോടെ അവൾ പറഞ്ഞു.