“ ചേച്ചി, മെസ്സേജ് അയച്ചിട്ട് രണ്ട് ദിവസമായല്ലോ. റിപ്ലേയൊന്നും കണ്ടില്ല. നമ്മളെയൊക്കെ മറന്നോ?”
അവൾക്ക് ഒന്നും മനസ്സിലായില്ല. നമ്പർ തെറ്റിയതാണോന്ന് സംശയിച്ചപ്പോഴേക്കും വീണ്ടും മറുതലക്കൽ നിന്ന്…
“ ഞാൻ മനു, മനസ്സിലായില്ലേ?” രേണുക ഞെട്ടി. ‘ഇവനെങ്ങനെ എന്റെ നമ്പർ കിട്ടി’ എന്നതായിരുന്നു ആദ്യത്തെ ചിന്ത.
“ഏത് മനു? ഈ നമ്പർ നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നൊക്കെ ഒന്നുമറിയാത്ത പോലെ ചോദിക്കുമ്പോഴും അപ്പുറത്തുനിന്നും നല്ലൊരു ചിരി.
“ ഓ, പിന്നേ…എന്തായാലും എന്നും മെസ്സേജ് അയക്കുന്നവന്റെ പേര് ചേച്ചി മറക്കില്ലെന്നറിയാം. പിന്നെ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ, ചേച്ചിയെന്തിനാ ഫേസ്ബുക്കിൽ ഡീറ്റെയിൽസിന്റെ കൂട്ടത്തിൽ ഫോൺ നമ്പർ കൂടി ആഡ് ചെയ്ത് എല്ലാവർക്കും പാകത്തിന് കാണാൻ ഇട്ടിരുന്നത്? ഒരിക്കലും ഫേസ്ബുക്കിൽ സ്ത്രീകൾ ഫോൺ നമ്പറിടരുത്. അഥവാ നമ്പർ ഇട്ടാൽ തന്നെ ഒൺലി മി എന്ന ഓപ്ഷന്‍ ആക്കി വെക്കണം. ഇല്ലെങ്കിൽ എന്നെപ്പോലെയുള്ളവർ ഈ ശബ്ദം കേൾക്കാൻ വിളിച്ചോണ്ടിരിക്കും.” ചിരിച്ചുകൊണ്ട് അവൻ സംസാരിച്ചുകൊണ്ടിരുന്നു.
“ ഓഹോ. അപ്പൊ പെണ്ണുങ്ങളുടെയൊക്കെ നമ്പർ ഫെയ്സ്ബുക്കിൽ നിന്ന് തപ്പിയെടുത്ത് വിളിയാണല്ലേ പണി?” രേണുക കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു.
“ ഏയ് ഇല്ലില്ല… വേറെ ആർക്ക് അയച്ചില്ലെങ്കിലും ഞാൻ ചേച്ചിക്ക് മെസ്സേജ് അയക്കുമെന്ന് പറയാറില്ലേ? അതുപോലെ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നതും ചേച്ചിയോട് മാത്രം. അതും വേറെ ഒന്നും കൊണ്ടല്ലാട്ടോ, സാധാരണ ഒറ്റവാക്കിലെങ്കിലും സ്ഥിരമായിട്ട് റിപ്ലൈ തരുന്നയാളുടെ വിവരം അറിഞ്ഞിട്ട് രണ്ടുദിവസമായപ്പോൾ ഒരു ഉൾഭയം. മനുഷ്യന്റെ കാര്യമല്ലേ? ചോദിക്കാനാണെങ്കിൽ നമുക്ക് മ്യൂച്ചൽ ഫ്രണ്ട്സും ഇല്ലല്ലോ. അതാ രണ്ടും കല്പിച്ച് വിളിച്ചത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറീട്ടോ…” അവൻ പാവത്താൻ ഭാവത്തില്‍ പറഞ്ഞു.
“ ഹേയ്, ഇഷ്ടപ്പെടായ്ക ഒന്നുമില്ല. സാരമില്ല. വിളിച്ച് തിരക്കുന്നത് കൊണ്ടെന്താ?” ചെറിയ അതൃപ്തി മനസ്സിലുണ്ടെങ്കിലും അവൾ സ്വരം മയപ്പെടുത്തി.
അങ്ങനെ അവർ സംസാരം തുടർന്നു. വർഷങ്ങളായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതെന്ന പോലെ വാതോരാതെ സംസാരിക്കുന്ന അവനോട് ആദ്യം ദേഷ്യമാണ് തോന്നിയതെങ്കിലും ചേച്ചി എന്ന് വിളിയിൽ നിറഞ്ഞുനിൽക്കുന്ന ബഹുമാനം അവളെ ആകർഷിച്ചു. അതുപോലെതന്നെ സംസാരത്തിൽ ചീത്തയായി ഒന്നും തന്നെ പറയാതിരുന്ന അവന്റെ ഡീസന്റ് സ്വഭാവം അവൾക്ക് അത്ഭുതമായിരുന്നു.