അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു..
”അതെന്നാടി…വേറെയാരേം അല്ലല്ലോ…ഞാൻ കെട്ടാൻ പോണ പെണ്ണിനെയല്ലേ…“
”അതൊക്കെ നേര് തന്നെ പക്ഷേങ്കിലീ നേരോം കാലോം നോക്കാതെ ഉള്ള സ്നേഹിക്കൽ വേണ്ട…“
അതും പറഞ്ഞവൾ അവന്റെ കൈ വിടുവിച്ചു റോട്ടിലേക്ക് ഓടി…പെട്ടെന്നായിരുന്നു അവളുടെ കാലുകളാരോ പിടിച്ചു കെട്ടിയത് പോലെ നിന്നത്…അതുവരെ ചിരിച്ചു കൊണ്ടിരുന്ന അവളുടെ കണ്ണുകളിൽ ഭയം അരിച്ചു കയറാൻ തുടങ്ങി
അവളെ തന്നെ നോക്കി നിന്ന ജോയ്ക്ക് പെട്ടെന്നുള്ള ആദിയുടെ മാറ്റത്തിനു കാരണമെന്തെന്ന് മനസിലായില്ല…അവൻ അല്പം മുൻപിലേക്ക് നടന്നു…അവളോട് അടുത്തതും അവന്റെ കണ്ണുകൾ ചെന്നു പതിച്ചത് ബൈക്കിൽ ഇരിക്കുന്ന ഒരുത്തനിൽ ആയിരുന്നു…അതെ അവൻ തന്നെ….മുൻപ് ജോയുമായി അടിയുണ്ടാക്കി പോയവൻ…നെറ്റിയിൽ ഒരു വെളുത്ത തുണി കൊണ്ടുള്ളൊരു കെട്ടുമായി അവൻ ആദിയെ തന്നെ നോക്കി ഇരിക്കുവാണ്..പിറകിൽ തന്നെ മറ്റൊരു ബൈക്കിൽ വേറെ രണ്ടു പേരും….അവരെ മൂന്ന് പേരെയും ജോ ശെരിക്കും നോക്കിക്കണ്ടു
മൂവരും വെള്ളമടിച്ചുള്ള വരവാണെന്ന് അവരുടെ ഇരുത്തത്തിൽ തന്നവന് മനസിലായി…ഏറിപോയാൽ തന്റെ അത്ര തന്നെ പ്രായം കാണും മെലിഞ്ഞ ശരീരം
തനിക്ക് ഇവരെ ഒറ്റക്ക് നേരിടാൻ പറ്റുമെന്നൊരു വിശ്വാസം അവനുണ്ടായിരുന്നു….
“ആദി….!
പേടികൊണ്ട് അനങ്ങാൻ പോലുമാവാതെ നിൽക്കുന്ന ആദിയെ അവൻ വിളിച്ചു…ആ വിളി കേട്ടത് പോലവൾ തല തിരിച്ചവനെ നോക്കി
”നീ പൊയ്ക്കോ….ഞാൻ ഇവരോടൊന്ന് സംസാരിച്ചിട്ട് വന്നേക്കാം…“
അവൻ ചിരിക്കുന്ന മുഖത്തോടെ അവളെ നോക്കിയവൻ പറഞ്ഞു..എന്നാലും അവിടെ നിന്ന് പോകാൻ കൂട്ടാക്കാതെ അവൾ നിന്നു….
”ചെല്ല് പെണ്ണെ…അമ്മേടെ അടുത്ത് പോയി നിന്നോ..ഞാൻ പെട്ടന്ന് വരാം…“
സ്വരം മായപ്പെടുത്തി കൊണ്ടവൻ അവളുടെ തോളിൽ പിടിച്ചു തള്ളി….മുൻപോട്ട് നടന്ന ആദി പേടിയോടെ ബൈക്കിൽ ഇരിക്കുന്നവരെയും ജോയെയും മാറിമാറി നോക്കി
”അവരൊന്നും ചെയ്യില്ല നിന്നെ…!!
അവന്റെ ഉറച്ച വാക്കുകൾ കേട്ടതും അവൾ ചുരിദാറിന്റെ തുമ്പും കൂട്ടി പിടിച്ചോടി…ജീവനും കൊണ്ടോടുന്ന ആദിയെ കണ്ടവന്മാർ ഒരു പുച്ഛം നിറഞ്ഞൊരു നോട്ടം ജോയ്ക്ക് നൽകി
“അല്ലേലും പെണ്ണിനെ ഞങ്ങൾക്ക് വേണ്ടെടാ…നിന്നെ മാത്രം മതി…”