“നീയൊപ്പോ എന്താ പറഞ്ഞു വരുന്നേ…?
ഒടുക്കം ഷെമകെട്ട് ആന്റണി പയ്യനോട് ചോദിച്ചു
”വണ്ടിക്ക് പണി ഒണ്ട്….പൈസ കിട്ടണം..“
അത് കേട്ട ദേവ് അവനിടയിൽ കയറി പറഞ്ഞു
”നിന്റെ വണ്ടിക്ക് എവിടെ പണി വന്നെന്ന പറയുന്നേ..നീയീ ബമ്പർ കണ്ടായിരുന്നോ…വന്നു ഇടിച്ചതു നീ എന്നിട്ടോ കാശ് അങ്ങോട്ട് തരണമെന്നോ…“
അവന്റെ വാക്കുകൾ കേട്ട ആന്റണിക്കും അത് കാര്യമായാണ് തോന്നിയത്
”ആ പറഞ്ഞത് നേരാ..കണക്ക് നോക്കിയാൽ നീ ഇങ്ങോട്ട് പൈസ കൊടുക്കേണ്ടി വരും…“
അയാളത് പറഞ്ഞതും ഇത് കേട്ടു കൊണ്ടിരുന്ന വയസ്സൻ ഇടക്ക് കേറി
”പൈസയൊന്നും വേണ്ട സാറെ…അറിയാണ്ട് പറ്റിയത് ആവും…സാരമില്ല..“
ബമ്പർ മാറുന്ന ചിലവ് ഓർത്തെങ്കിലും പയ്യന്റെ കയ്യിൽ അത്രയും കാശ് കാണില്ലെന്ന് തോന്നിയ വയസ്സൻ പറഞ്ഞു
അത്രയും കേട്ടതും ജോ സൈഡിൽ നിന്ന് വിളിച്ചു പറഞ്ഞു
”അറിയാണ്ട് ഒന്നുമാവില്ല…അവൻ വെള്ളമടിച്ചു വന്നു കേറിയത് അല്ലെ…!
അത്രയും നേരം അവിടെ കൂടി നിന്നവർ പെട്ടെന്ന് ജോയെ തിരിഞ്ഞു നോക്കി….ആന്റണി ആണെങ്കിൽ അവനെ കണ്ണുരുട്ടി കാണിച്ചു
വെള്ളമടിച്ചു നിൽക്കുന്നവരോടെ എത്ര പറഞ്ഞാലും കാര്യമില്ലെന്ന് അയാൾക്ക് അറിയാം അത് കൊണ്ടു തന്നെ ആണ് അവർ അത്രയും നേരം ആ വിഷയം മാത്രം പുറത്തെടുത്തു ഇടാതിരുന്നത്…..അത് കൂടെ കേട്ടതും പയ്യനൊരു സമനില തെറ്റിയത് പോലെ ജോയുടേ നേരെ ചാടാൻ ശ്രമിച്ചു…അപ്പോളേക്കും ദേവും ആന്റണിയും അവനെ വട്ടം പിടിച്ചു
“വെള്ളമടിച്ചെന്ന് നിന്നോടരാടാ പറഞ്ഞെ…വായീ തോന്നിയത് വിളിച്ചു പറഞ്ഞാ നീയീ ജില്ല വിട്ട് പുറത്തു പോവില്ല…!!
ജോയെ നോക്കി വിരലു ചൂണ്ടികൊണ്ടവൻ അലറി…..
”എടാ മോനെ നീയൊന്ന് സമാധാനപ്പെട്…“
അവനെ പിടിച്ചു വെച്ചുകൊണ്ട് ആന്റണി പറഞ്ഞു….
”മാറി നിക്കെടോ…എനിക്കും ഒണ്ട് ചോദിക്കാനും പറയാനും ആൾക്കാർ…ഇപ്പൊ വരും..അതുവരെ കാണണം നിന്നെയൊക്കെ ഇവിടെ…!
ആന്റണിയെ പിടിച്ചു പിറകിലേക്ക് തള്ളികൊണ്ടവൻ പറഞ്ഞു…പെട്ടെന്നുള്ളയാ തള്ളലിൽ അയാൾ പിറകിലേക്ക് വേച്ചു പോയി…എന്നാൽ ദേവിനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും പാറക്കല്ല് നിൽക്കുന്നത് പോലവനെ പിടിച്ച പിടിയാലേ ഉറച്ചു നിന്നു