എങ്ങനെ എങ്കിലും ഇതൊത്തു തീർപ്പ് ആക്കിയാലേ തനിക്ക് പോകാൻ പറ്റുമെന്ന് മനസിലായ ദേവ് അവിടേക്ക് ചെന്നു
“ചേട്ടാ എന്താ പ്രശ്നം…ബ്ലോക്ക് ആയത് കണ്ടില്ലേ…?
മുൻപിൽ നിൽക്കുന്ന വയസ്സനോട് അവൻ ചോദിച്ചു…
”ബ്ലോക്ക് ആയാൽ നിനക്ക് എന്താടാ…ടോ താൻ ഞാൻ ചോദിച്ചതിന് സമാധാനം പറ…“
വീണ്ടും മുൻപിൽ നിൽക്കുന്ന പ്രായമായ ആളെ നോക്കി ആ ചെറുപ്പക്കാരൻ അലറി…എന്നാൽ ദേവിനെ ഒന്ന് ദയനീയമായി നോക്കുക മാത്രാണ് അയാൾ ചെയ്തത്…അത് കണ്ട ദേവിന് അയാളൊരു പാവമെന്ന് തോന്നി
”ചേട്ടൻ കാര്യം പറ..എന്താ പ്രശ്നം..?
വളരെ സൗമ്യമായി അവൻ ചോദിച്ചു
“അത് മോനെ…ഇവിടെ മുൻപോട്ട് പോകാനുള്ള സിഗ്നൽ വന്നപ്പോ ഞാൻ വണ്ടി മുൻപിലേക്ക് എടുത്തത…പെട്ടെന്നാണ് മറുവശത്തു നിന്നീ പയ്യൻ വണ്ടിയുമായി വന്നത്…ബ്രേക്ക് പിടിച്ചെങ്കിലും ഈ ബൈക്ക് വന്നു തട്ടിയിരുന്നു…കുഞ്ഞിനു സുഖമില്ലാത്തതു കൊണ്ട് ആശുപത്രിയിൽ പോകാൻ ഇറങ്ങിയത അപ്പോളാ ഇങ്ങനൊരു പ്രശ്നം…”
അയാൾ സങ്കടം നിഴലിച്ച സ്വരത്തിൽ പറഞ്ഞു
“കൂടെ വേറെ ആണുങ്ങൾ ഒന്നുമില്ലേ…?
പിറകെ നിക്കുന്ന സ്ത്രീകളെ നോക്കിയവൻ ചോദിച്ചു
”മരുമോൻ ഉണ്ടായിരുന്നു കൂടെ…ഓഫീസിൽ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു വിളി വന്നതോടെ പാതി വഴിക്ക് അവനെ ഇറക്കി പോന്നതാ ഞങ്ങൾ..“
അയാളുടെ സംസാരം കേട്ടപ്പോഴേ ദേഷ്യം കൊണ്ടാ പയ്യൻ ദേവിനെ തള്ളി മാറ്റി വയസ്സനു മുൻപിൽ കേറിനിന്ന് ചീറി
”മരുമോനേം മോളേം ഒണ്ടാക്കാൻ പോണതിന് താൻ എന്തിനാടോ പരട്ടെ എന്റെ വണ്ടിയിൽ വന്നു കുത്തിയത്…ഏഹ്..!!!
“മോനെ സിഗ്നൽ കണ്ട് ഞാൻ മുൻപോട്ട് എടുത്തതല്ലേ….മോനല്ലേ ഇങ്ങോട്ട് വന്നിടിച്ചത്…”
അയാൾ തന്റെ ഭാഗം പറഞ്ഞവനെ മനസിലാക്കിക്കാൻ ശ്രമിച്ചു..എന്നാലാ പയ്യൻ അമ്പിനും വില്ലിനും അടുക്കാത്ത വിധം നിന്ന് ഒച്ചപ്പാടുണ്ടാക്കി
“എടാ നിന്നോടല്ലേ അയാള് കാര്യം പറഞ്ഞെ…സംശയം ആണേൽ പോലീസ് വരട്ടെ…ഇവിടെ ചുറ്റിനും ക്യാമറ ഉള്ളതാ ആരാ വന്ന് ഇടിച്ചതെന്ന് അപ്പോ നോക്കാം…!
അവർക്കിടയിലേക്ക് കയറിക്കൊണ്ട് ദേവ് പറഞ്ഞു…എന്നാലാ പയ്യൻ ഇവനാരടെ എന്ന ഭാവത്തിൽ ദേവിനെ നോക്കി