നേരമിരുട്ടി തുടങ്ങിയതും അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു
കോഴിക്കോട് നഗരത്തിനുള്ളിലേക്ക് കടന്നതും ജോലി കഴിഞ്ഞും ക്ലാസ്സ് കഴിഞ്ഞും പോകുന്ന ആളുകളുടെ തിരക്ക് കാരണം വലിയൊരു ട്രാഫിക് തന്നെ അവനനുഭവപ്പെട്ടു…വീടുകൾ ലക്ഷ്യമാക്കി പായുന്ന ഒരുപാട് ജീവനുകൾ…വഴിയോരത്തെ കടകളെല്ലാം പലവിധ അലങ്കാരബൾബുകൾ കൊണ്ട് ആവശ്യക്കാരെ ആകർഷിക്കാനായി പ്രകാശിച്ചു തുടങ്ങി….ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനനിരയിലൂടെ ദേവും വളരെ പതിയെ വണ്ടിയോടിച്ചു…
തൊണ്ടയാട് ഭാഗത്ത് എത്തിയപ്പോ പതിവിന് വിപരീതമായി വലിയൊരു ബ്ലോക്ക് തന്നെ ഉണ്ടായിരുന്നു….ഒരുപാട് നേരമവൻ അവിടെ കാത്തു നിന്നു…മുൻപിലെ സിഗ്നൽ തൂണിൽ പച്ച നിറം കത്തി നിൽക്കുന്നെങ്കിലും വണ്ടികൾ ഒന്നും നീങ്ങാതെ നിൽക്കുന്ന കണ്ടവൻ ആശ്ചര്യത്തോടെ ചുറ്റിനും നോക്കി….സിഗ്നലിനു താഴെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാത്ത ചിലർ പിറകിൽ നിന്ന് ഹോണടിച്ചു കൊണ്ടിരുന്നു…അവയുടെ നീണ്ടു നിൽക്കുന്ന ശബ്ദം ആരോചകമായി തോന്നിയ ദേവ് ഡോർ തുറന്നു പുറത്തിറങ്ങി….മുൻപിൽ കെട്ടി കിടക്കുന്ന കാറുകൾക്കും ബസ്സുകൾക്കും ഇടയിലൂടെ അവൻ നടന്നു…
അവൻ നടന്നു പോകുന്നത് കണ്ടിട്ടെന്നവണ്ണം ഒരു ബസ്സിൽ നിന്നിറങ്ങി നോക്കിയ കണ്ടക്ടർ വിളിച്ചു പറഞ്ഞു
“അവിടേക്ക് പോകാൻ നിൽക്കണ്ട…അടിയാണ്….”
ആ വാക്കുകൾ അവൻ കേട്ടെങ്കിലും അതൊന്നും വക വെക്കാതെ ദേവ് മുൻപോട്ട് തന്നെ നടന്നു…അത് കണ്ട കണ്ടക്ടർ സൈഡിൽ ഇരുന്ന ഒരു യാത്രകാരനെ നോക്കി പറഞ്ഞു
“ഇതിവിടെ സ്ഥിരമാണെന്നെ…ഏതോ വണ്ടി തട്ടിയെന്നും പറഞ്ഞു ഒച്ചപ്പാടും ബഹളവുമാ…മെഡിക്കൽ കോളേജ് തൊട്ട് ഇനി ബ്ലോക്ക് ആയിരിക്കും…”
അതും പറഞ്ഞയാൾ ഡോറടച്ചു അകത്തു കയറി….ദേവി മുൻപിൽ കൂടി നിന്ന ബൈക്ക് യാത്രക്കാർക്ക് ഇടയിലൂടെ അവിടേക്ക് എത്തിയപ്പോ കണ്ട കാഴ്ച്ച ഒരു മധ്യവയസ്കൻ എന്ന് തോന്നിക്കും വിധം പ്രായമുള്ള ഒരാളെ നോക്കി കയർത്തു സംസാരിക്കുന്ന ഒരുത്തനെ ആണ്….അവന് ഏറിപോയാൽ 20-23 വയസ്സ് മാത്രമേ കാണൂ..കാറിനു മുന്നിൽ മറിഞ്ഞു കിടക്കുന്ന ഒരു ബൈക്കിനെ ചൂണ്ടി കാണിച്ചവൻ ഉച്ചത്തിൽ സംസാരിക്കുവാണ്…ചുറ്റും നിൽക്കുന്ന ആരും തന്നെ അതിൽ ഇടപെടുന്നില്ല…പ്രായമായ അയാളുടെ പിറകിൽ ഒരു വയസ്സായ സ്ത്രീയും മകളെ പോലെ തോന്നിക്കുന്ന ഒരു പെണ്ണും ഉണ്ടായിരുന്നു…ഇരുവരും പേടിച്ചു നില്കുകയാണ്….ദേവാ പെണ്ണിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കി….എന്താ നടക്കുന്നതെന്ന് അറിയാതെ അത് കരച്ചിലായിരുന്നു…സാധാരണ മേൽ പാലത്തിനു കീഴിൽ കാണാറുള്ള പോലീസ് വണ്ടിയവിടെ ഉണ്ടോയെന്നു ദേവ് നോക്കി…എന്നാലവിടം ശൂന്യമായിരുന്നു