—————————-
തിരിച്ചു പോകാനായി ഒരു ചെറിയ ബാഗിൽ തുണികളും മറ്റും പാക്ക് ചെയ്യുകയായിരുന്നു അമാൻഡ…അവൾക് പിറകിൽ തന്നെ വിഷമം കലർന്ന ഭാവവുമായി നീലുവും നിൽപ്പുണ്ടായിരുന്നു
“ചേച്ചിക്ക് ഇന്ന് തന്നെ പോണമെന്നുണ്ടോ..?
വിരലുകൾ ഞൊടിച്ചുകൊണ്ടവൾ ചോദിച്ചു
വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ഇരുവരും വല്ലാതെ അടുത്തിരുന്നു..
”നീലു…മോളെ ഞാൻ ഏറി പോയാൽ പത്തു ദിവസം..അതിന് മുന്നേ ഇങ്ങെത്തുമന്നേ…“
ബാഗ് അടച്ചു കൊണ്ടവൾ പറഞ്ഞു..അത് കേട്ടിട്ടും മുഖത്തൊരു തെളിച്ചമില്ലാതെ നിൽക്കുന്ന നീലുവിനെ അമാൻഡ ചേർത്തു പിടിച്ചു..
”നല്ല കുട്ടിയായി ഇരിക്കണേ..ഞാൻ വരുന്നത് വരെ..“
”മമ്…“
അമാഡയുടെ വാക്കുകളെ മൂളിക്കേട്ട നീലു ബാക്കി സാധനങ്ങൾ കൂടെ പാക്ക് ചെയ്യാൻ സഹായിച്ചു…വീട്ടിൽ നിന്നിറങ്ങാൻ നേരം നൈലയെയും ഡാനിയെയും കണ്ടവൾ സംസാരിച്ചു…അവർക്കും വിഷമം ഉണ്ടായിരുന്നു അവൾ പോകുന്നതിൽ…എന്നാൽ ദേവ് മാത്രം അവർക്കിടയിലേക്ക് കടന്നു വരാതെ മാറി നിന്നു
അമാൻഡ പോകാനായി ഇറങ്ങിയതും അവനവളുടെ ബാഗുകൾ എടുത്തു കാറിന്റെ പിറകിലേക്ക് വച്ചു…പിന്നെ വണ്ടിക്കകത്തു കയറി അവൾ വരാനായി കാത്തിരുന്നു….എല്ലാവരെയും കണ്ട് ഒന്നുകൂടെ യാത്രപറഞ്ഞവൾ മിറ്റത്തേക്ക് ഇറങ്ങി
കാറിന്റെ സ്റ്റിയറിങ്ങിൽ താളം പിടിക്കുന്ന ദേവിനെ ഒരു വിഷമത്തോടെ നോക്കി കൊണ്ടവൾ മുൻപിലെ ഡോർ തുറന്നകത്തു കയറി…അവന്റെ ഒരു നോട്ടം പോലും തന്നിലേക്ക് വരുന്നില്ലല്ലോ എന്നോർത്തവൾ വിഷമത്തോടെ ഇരുന്നു….
”ദേവ്…“
വണ്ടി വീടിന്റെ ഗേറ്റ് കടന്നതും അവളവനെ വിളിച്ചു….എന്നാൽ അവനതിന് ഉത്തരമായൊന്ന് മൂളുക മാത്രമാണ് ചെയ്തത്
”ദേവ് എനിക്ക് പോയെ പറ്റു…നിന്നെ വിട്ട് പോകാൻ ആഗ്രഹം ഉണ്ടായിട്ടല്ല…ഞാനായി തുടങ്ങി വച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടവിടെ…എനിക്കാതെല്ലാം അവസാനിപ്പിക്കണം…എന്നാലേ സ്വസ്ഥമായി നിന്റെ കൂടെനിക്ക് ജീവിക്കാൻ പറ്റു….എന്നെ നീയൊന്ന് മനസിലാക്ക്…“
നിറഞ്ഞു തുടങ്ങിയ കണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി….അത്ര വരെയെ ദേവിന്റെ അവഗണക്ക് സ്ഥാനമുണ്ടായിരുന്നുള്ളു…അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ടതോടെ വാശി മാറ്റി വെച്ചവനവളുടെ കൈയ്യിൽ പിടിച്ചു
”നിന്റെ ഇഷ്ടം പോലെ ചെയ്യ്…പക്ഷെ പോവുന്നത് എങ്ങനെ ആണോ അതുപോലെ തന്നെ തിരിച്ചു വന്നേക്കണം…“