“നിന്നോട് ഞാൻ പറഞ്ഞേയല്ലേ പോസ്റ്റ് ആകുമെന്ന്…ഇതൊക്കെ ഞാൻ എത്ര കണ്ടെയാണെന്ന് അറിയോ…”
അത് കേട്ടവളുടെ മുഖമൊന്ന് വാടി..അത് കണ്ട ജോ അവളെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു
“സാരമില്ല..എന്തായാലും ഇവിടെ വന്നെയല്ലേ…എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സാധനം ഒണ്ടിവിടെ…ബാ കാണിച്ചു തരാം…”
അവനവളെയും ചേർത്തു പിടിച്ചുകൊണ്ടു ക്യാന്റീനിലേക്ക് നടന്നു..എവിടേക്കാണ് പോകുന്നതെന്ന് മനസിലാവാതെ അവളും കൂടെ നടന്നു….
അവൾക്കിരിക്കാൻ ഒരു കസേര വലിച്ചിട്ടുകൊണ്ട് അവൻ മറുവശത്തു പോയിരുന്നു
“ഇവിടെയെന്താ ജോ…?
ഒന്നും മനസിലാവാതെയവൾ ചോദിച്ചു
”അതൊക്കെ ഒണ്ട്…ചേച്ചി രണ്ടു ചായ…പിന്നെ പതിവ് സാധനവും എടുത്തോ…!!
അപ്പുറത്തായി ചായ അടിച്ചു കൊണ്ടിരുന്ന ചേച്ചിയെ നോക്കിയവൻ വിളിച്ചു പറഞ്ഞു…അധികം വൈകാതെ തന്നെ നിറഞ്ഞൊരു ചിരിയുമായി അവർ രണ്ടു ചായ കൊണ്ടുവന്ന മേശപ്പുറത്തു വച്ചു…പിറകെ തന്നെ ആവി പറക്കുന്ന മൊരിഞ്ഞ നാലു പഴംപൊരിയും…തിളച്ച എണ്ണ കുടിച്ചു തിളങ്ങി നിൽക്കുന്ന അതിൽ നിന്നൊന്നെടുത്തവൻ പതിയെ കടിച്ചു…ചൂട് ഉള്ളത് കൊണ്ടു തന്നെ സാവധാനം ആസ്വദിച്ചു കൊണ്ടാണവൻ തിന്നുന്നത്…അത് കണ്ട ആദിയും ഒന്നെടുത്തു കഴിച്ചു നോക്കി….പാകമായ എത്തപ്പഴവും ചേച്ചിയുടെ സ്‌പെഷ്യൽ മാവും ചേർത്തുണ്ടാക്കിയ പഴംപൊരിയുടെ സ്വാദിലവൾ ലയിച്ചു നിന്നു..അത് കണ്ട ജോ എങ്ങനെ ഉണ്ടെന്ന് കണ്ണുകൾ കൊണ്ടു ചോദിച്ചു….
“പോരാ..ഇതിന് മധുരമില്ല…?
അവനെയൊന്ന് പറ്റിക്കാൻ വേണ്ടിയവൾ പറഞ്ഞു…
”ഏഹ് മധുരമോ…?
താൻ കഴിച്ചു പകുതിയാക്കിയ പഴംപൊരിയെ നോക്കിയവൻ ചോദിച്ചു….
“ഇതിനെങ്ങനെ മധുരം വരാനാ….പഴത്തിന്റെ മധുരം ആണേൽ കറക്ട് പോയിന്റിൽ ആണല്ലോ..?
അവളെ നോക്കിയവൻ ചോദിച്ചു…
”ആണോ..ചിലപ്പോ എനിക്ക് കിട്ടിയതിന്റെ കുഴപ്പമാകും നിന്റെയൊന്ന് തന്നെനോക്കട്ടെ..“
എന്നും പറഞ്ഞവൾ അവന്റെ കയ്യിലിരുന്ന പാതി പഴംപൊരി വാങ്ങി കടിച്ചു നോക്കി…
”ഹ്മ്മ് നേരാ ഇതിലെ മധുരം ഓൺ പോയിന്റിൽ ആണ്…കൊള്ളാമല്ലേ….?
അതാസ്വദിച്ചു കൊണ്ടവൾ അവന്റെ മുഖത്തേക്ക് ഒന്നുമറിയാത്ത ഭാവത്തിൽ നോക്കി പറഞ്ഞു..ആദ്യമൊന്ന് അത്ഭുതപ്പെട്ടെങ്കിലും പിന്നെയാതൊരു ചെറു പുഞ്ചിരിയായി മാറ്റിയവൻ അവളുടെ മുൻപിലിരുന്ന പാതി പഴംപൊരി എടുത്തു കഴിച്ചു…