അവർ കടന്നു പോയതും നാസുമിയുടെയും ഡെജിന്റെയും കാർ ഒരു കുലുക്കത്തോടെ റോഡിലേക്ക് വീണു…അത്രയും നേരമാ വണ്ടിയുടെ പിൻ ടയറുകളും ടിക്കിയും പിറകിലേയി വന്നിടിച്ച കാറിനു മുകളിൽ ആയിരുന്നു…ആ വണ്ടി റിവേഴ്സ് എടുത്തു വന്ന വേഗതയിൽ തന്നെ തിരിച്ചു പോയി…..
ഹൈവേയിലൊരു അപകടം നടന്നെന്ന് ആരോ വിളിച്ചു പറഞ്ഞതനുസരിച് അതെ സമയം തന്നെയൊരു പോലീസ് കാറും ആംബുലൻസും അവിടേക്ക് പാഞ്ഞെത്തി…..
“ഹേയ്…are you ok…?
നാസുമിയുടെ കാറിന്റെ ഡോറ് തുറക്കാൻ ശ്രമിച്ചുകൊണ്ടൊരു പോലീസുകാരൻ ചോദിച്ചു….
അതിനവൾ പേടി നിറഞ്ഞ മുഖം കൊണ്ടു അതെ എന്ന ഭാവത്തിൽ തലകുലുക്കി പിന്നെ അപ്പുറത്തായി ബോധം മറഞ്ഞ നിലയിലിരിക്കുന്ന ഡെജിനെ നോക്കി….അപ്പോഴേക്കും രണ്ടു പേർ ചേർന്നു ഡോർ ചവുട്ടി തുറന്നവനെ വെളിയിൽ എടുത്തിരുന്നു….
ഡെജിനെ ആംബുലൻസിൽ കയറ്റിയതും നാസുമിയും ഓടി വന്നതിൽ കയറി…ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങിയത് കൊണ്ടു തന്നെ അവൾ യൂണിഫോമിലായിരുന്നു…പിറകെ തന്നെ ഒരു പോലീസ് ഓഫീസറും വന്നു കയറി….
നഗരത്തിലെ തന്നെ പ്രധാന ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആംബുലൻസ് പാഞ്ഞു
————————————-
അമാൻഡയുമായി വൈകുന്നേരം കറങ്ങാൻ ഇറങ്ങിയതായിരുന്നു ദേവ്….നഗരത്തിലെ പ്രധാന മാളിലും മറ്റും കയറി ഷോപ്പിങ് കഴിഞ്ഞിറങ്ങും നേരമായിരുന്നു അമാൻഡ അവനോട് താൻ റഷ്യക്ക് തിരിച്ചു പോകുന്ന കാര്യം പറഞ്ഞത്
“നിനക്ക് ഇപ്പൊ പോണമെന്നുണ്ടോ…?
അല്പം വിഷമത്തോടെ അവൻ ചോദിച്ചു…അവന്റെ ഉള്ളിലെന്താണെന്ന് മനസിലായ അവളൊരു ചിരിയോടെ ദേവിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു
”ദേവ്…ഞാൻ ഏറിപ്പോയാൽ ഒരാഴ്ച…അതിനുള്ളിൽ തിരിച്ചു വരും….എനിക്ക് ആവശ്യമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് അവിടെ…അതെല്ലാം എടുത്തു കൊണ്ടു വരണം…ഇനി അതവിടെ ഇരിക്കേണ്ട ആവശ്യമില്ലലോ..പിന്നെ ഓർഫാനെജിൽ പോണം..അവരോടും യാത്ര പറഞ്ഞു ഞാൻ പെട്ടെന്നിങ്ങു വരുമെടാ ചെക്കാ…!
തമാശയായി അവളതു പറഞ്ഞിട്ടും ദേവിന്റെ ഉള്ളിലെ വിഷമം മാറിയില്ല….എന്നാലും അവളാദ്യമായി ആവശ്യപ്പെട്ട കാര്യമതായത് കൊണ്ടവൻ എതിരൊന്നും പറഞ്ഞില്ല…
“ഹ്മ്മ്…നീ പോകുന്നത് ഒക്കെ ശെരി…എന്ന് കരുതി അവിടെ പോയി അലമ്പ് ഒന്നും കാണിച്ചേക്കല്ല്…ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ട നിന്റെ ഹിസ്റ്ററി ഒന്ന് ക്ലീൻ ആക്കി എടുത്തത്…മനസ്സിലായോ…?