നീരജ അന്ന് ഉറങ്ങിയത് അമ്മയോടൊപ്പം ആയിരുന്നു, കിച്ചുവിനെ അപ്പോഴേക്കും ഭയം പിടിമുറുക്കി തുടങ്ങിയിരുന്നു. സ്വപ്നം കണ്ട് കൊതിച്ച ജീവിതം കൈകളിലൂടെ ഊർന്നു പോവുമോ എന്ന ഭയം. അതിന് നേരിപ്പൊട് നിറച്ചു കൊണ്ടു നീരജയുടെ മൗനം തീ ആളിക്കത്തിച്ചു കൊണ്ടിരുന്നു.
തുടർന്ന് രണ്ടു മൂന്നു ദിവസം രാഘവനും അമലയും സുമയും കൊണ്ടു പിടിച്ചു ആലോചനകൾ നടത്തി, നീരജ രണ്ടു പേരുടെയും ഭാര്യയായി ജീവിക്കട്ടെ എന്നു വരെ സുമ അഭിപ്രായം പറഞ്ഞു, പക്ഷെ നീരജയുടെയോ കിച്ചുവിന്റെയോ അഭിപ്രായം ആരും ചോദിച്ചില്ല…
“കൃഷ്ണന് ഇവിടെ ഇപ്പൊ ഇനി എന്താ അമലേ ബാക്കിയുള്ളെ….കെട്ടിയ പെണ്ണ് കൂടി ഇല്ലെങ്കിൽ പിന്നെ അവനെന്തിനാ ജീവിക്കണേ…”
സുമ കൃഷ്ണന് വേണ്ടി ആഘോരം വാദിക്കുന്നത് കണ്ട കിച്ചുവിന് പലപ്പോഴും പെരുവിരലിൽ നിന്നു അരിച്ചു കയറി. കൃഷ്ണൻ അപ്പോഴും നിസ്സഹായനെ പോലെ മൗനിയായി ഒരു ഭാഗത്തു ഇരുന്നു. നീരജ ആരുടെയും മുന്നിൽ വന്നില്ല…അവൾ എപ്പോഴും അടഞ്ഞ മുറി പോലെ എല്ലാവരെയും ഒരുപോലെ പുറത്താക്കി.
***********************************
കൃഷ്ണൻ വന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു. തീരുമാനം ഇല്ലാതെ ഭർത്താവുള്ളപ്പോൾ തന്നെ വൈധവ്യം അനുഭവിച്ച നീരജ ഇപ്പോൾ അതേ വൈധവ്യതിനേക്കാൾ കയ്പുള്ള നിമിഷങ്ങളും അനുഭവിക്കേണ്ട ഗതികേടിൽ നീറിപ്പുകഞ്ഞു. മനസ്സ് ഇതിനകം പതിനായിരം വട്ടം കിച്ചുവിനെ കൊതിച്ചെങ്കിലും, എന്നോ കെട്ടിയ ആദ്യ താലിയുടെ അവകാശി വീണ്ടും മുന്നിൽ വന്നപ്പോൾ ഇതുവരെ അവൾ കണ്ടെത്തിയ ധൈര്യം മുഴുവൻ എവിടെയോ പോയി നശിച്ചിരുന്നു.
***********************************
പത്തായപ്പുര…
“ഇതെവിടുന്നാട…”
കൃഷ്ണൻ നീട്ടിയ സ്വർണ മാല വാങ്ങി കഴുത്തിൽ വെച്ചുകൊണ്ട് സുമ ചോദിച്ചു.
“ഓഹ് പോയിട്ട് കുറെ കാലം ആയില്ലേ പണിയെടുത്തു അവൾക്ക് വേണ്ടി വാങ്ങീതാ, ഇനിയിപ്പോൾ അവൾക്ക് വേണ്ട എനിക്ക് വേണ്ടി ഒരുപാട് വയിട്ടലക്കുവല്ലേ നിങ്ങൾക്ക് ഇരിക്കട്ടെ…”
“അതെന്തായാലും നന്നായി,…അവൾക്കല്ലേലും എന്തിനാ…നീ എന്തു പണി ആയിരുന്നെട അവിടെയൊക്കെ മുഴുവൻ സമയം സ്വാമീടെ കൂടെ ആയിരുന്നോ…”
“കിട്ടുന്ന പണിയൊക്കെ എടുത്തു, എപ്പോഴും തെണ്ടി ജീവിക്കാൻ പറ്റില്ലല്ലോ….”
സുമയെ ഉഴിഞ്ഞു നോക്കി കൃഷ്ണൻ മുണ്ട് അരയിൽ വെച്ചു കൂട്ടി തിരുമ്മി പറഞ്ഞു.
“അവളും കിച്ചുവും തമ്മിൽ ഒന്നും നടന്നിട്ടില്ല എന്നു പറഞ്ഞത് സത്യമല്ലേ…അവര് കെട്ടുകഴിഞ്ഞു ഒത്തിരി ആയതല്ലേ…”