അമലയെ എഴുന്നേൽപ്പിച്ചു നീരജയ്ക്ക് അടുത്തേക്ക് അയച്ചുകൊണ്ടു രാഘവൻ കസേരയിലേക്ക് ഇരുന്നു മുന്നിൽ വന്ന സമസ്യയ്ക്ക് ഉത്തരം തേടി.
കിച്ചു സർവ്വം തകർന്ന കണക്ക് വാതിൽപ്പടിയിൽ ചാരി കൃഷ്ണൻ കഴിച്ചു ബാക്കി വെച്ച പാത്രത്തിലേക്ക് നോക്കി നിന്നു, അവന്റെ മനസ്സ് മരവിപ്പ് അറിഞ്ഞു. തലയിൽ എന്തെന്നറിയാത്ത കനം വന്നു നിറഞ്ഞു.
“ഞാൻ പറയുന്നത് എന്താന്നു വെച്ചാൽ, നീരജ കൃഷ്ണന്റെ കൂടെ തന്നെ കഴിയട്ടെ…”
സുമ പറഞ്ഞതു കേട്ടതും കിച്ചു ഞെട്ടി അവരെ നോക്കി, അവന്റെ നെഞ്ചു പിളർന്നു വാള് കേറിയ മുറിവിൽ രക്തമൊഴുകി.
“നീ ഇതെന്താ സുമേ…കുട്ടി നിക്കുന്നത് കണ്ടില്ലേ…അവന്റെ ഭാര്യയാ ഇപ്പൊ പെണ്ണ്,….”
രാഘവൻ ഒച്ചയിട്ടു…
“ഇവര് തമ്മിൽ അങ്ങനെയൊരു സാഹചര്യത്തിൽ കെട്ടിയതല്ലേ ഏട്ടാ…പിന്നെ ഇവരിപ്പോഴും ഭാര്യഭർതൃ ബന്ധം ഒന്നും ഇല്ലെന്ന എനിക്ക് തോന്നണെ…ഇവർക്കിപ്പോഴും അതൊന്നും അംഗീകരിക്കാൻ കഴിഞ്ഞിട്ടിണ്ടാവില്ല, അല്ലേൽ എപ്പോഴെങ്കിലും ഇവരെ നമ്മൾ അങ്ങനെ കണ്ടിട്ടുണ്ടോ…എന്തേ കിച്ചു…”
അവനു നേരെ നീട്ടി അവർ ചോദ്യമെറിഞ്ഞപ്പോൾ നീരജ തന്റെയാണെന്നു പറയാൻ കിച്ചുവിന്റെ നാവു പൊന്തിയതും ഗോവണി കരയുന്ന സ്വരം കേട്ടു എല്ലാവരും നോക്കി. അമലയുടെ തോളിൽ ചാരി തന്റെ പ്രാണൻ മിഴികൾ നിറച്ചു ഇറങ്ങി വരുന്നത് കണ്ട അവൻ ഉരുകി ഒലിച്ചു.
നീരജയെ കൊണ്ടു വന്നു കസേരയിൽ ഇരുത്തി അമല ഗ്ലാസ്സിൽ വെള്ളം എടുത്തു കുടിപ്പിച്ചു. മൂക്ക് വലിച്ചുകൊണ്ട് അമല കൊടുക്കുന്ന വെള്ളം തളർന്നൊടിഞ്ഞു മുത്തി കുടിക്കുന്ന പെണ്ണിനെ കണ്ട കിച്ചുവിന് അവളോട് സഹതാപവും വാത്സല്യവും തോന്നി.
“നീരജയെ കൃഷ്ണന്റെ തന്നെ കൂടെ വിടുന്നതാ നല്ലത് എന്ന് പറയാരുന്നു അമലേ ഞാൻ അതല്ലേ അതിന്റെ ശെരി….”
കിച്ചുവിനോടുള്ള ചോദ്യം മറന്ന കണക്ക് സുമ അമലയോട് തീരുമാനം കണക്ക് പറഞ്ഞു.
“ഏടത്തി എന്താ ഈ പറയുന്നേ എന്നു വല്ല ബോധം ഉണ്ടോ.….”
പെട്ടെന്നത് കേട്ടു എക്കിയ നീരജയെ തന്നിലേക്ക് ചേർത്തു പിടിച്ചു സ്വരം കൂർപ്പിച്ചു അമല ചോദിച്ചു.
“പിന്നെ…അവനെ എന്താക്കാൻ പോണു….ഇപ്പൊ തിരിച്ചു വന്നു ഇനി ചിലപ്പോൾ വന്നില്ലെങ്കിലോ,….അല്ലേൽ തന്നെ ഇവര് തമ്മിൽ ഇപ്പോഴും പഴയ കണക്കാ ഒന്നിച്ചായിട്ടില്ല എന്നു നീ തന്നെ അല്ലെ എന്നോട് പറയാറ്…”