“അമ്മേണ്ടാക്കിയ എല്ലാത്തിനും എന്ത് രുചിയ…. ഇതൊരിക്കൽക്കൂടി ഇങ്ങനെ വയറു നിറയെ ഉണ്ണാൻ പുണ്യം കിട്ടിയല്ലോ…”
കൃഷ്ണൻ പറഞ്ഞത് കേട്ട അമലയുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങി…മാത്ര്‌വാത്സല്യത്താൽ അവരുടെ കൈ അവർ പോലും അറിയാതെ കൃഷ്ണന്റെ മുടിയിലൂടെ ഒഴുകി നടന്നു.
“തെറ്റു മാത്രമേ ഞാൻ നിങ്ങളോടൊക്കെ ചെയ്തിട്ടുള്ളൂ, ഇനി എനിക്ക് കാണേണ്ടത് അവളെയ നീരജയെ…കാലു പിടിച്ചിട്ടാണെങ്കിലും അവളെ കൂട്ടിക്കൊണ്ടു വരണം, പൊന്നുപോലെ നോക്കണം…”
“അതിന് അവൾ ഇവിടെ ഉണ്ടല്ലോ…”
കൃഷ്ണൻ പറഞ്ഞതുകേട്ട സുമ എടുത്തടിച്ച പോലെ പറഞ്ഞതും കൃഷ്ണന്റെ നെറുകയിൽ ഓടിയ അമലയുടെ കൈ വിറച്ചു.
“എഹ്…എന്നിട്ട് എവിടെ…ഇത്ര നേരായിട്ടും അവളെ കണ്ടില്ലല്ലോ….ഞാൻ വന്നെന്നു അവൾ അറിഞ്ഞില്ലേ, അതോ എന്നോടുള്ള ദേഷ്യം കൊണ്ടാണോ…”
കൃഷ്ണൻ പെട്ടെന്ന് മുകളിലേക്ക് തങ്ങളുടെ മുറിയിലേക്കും അമലയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഉത്തരം പറയാനാവാതെ നാവു കുഴഞ്ഞു നിന്ന അമലയെ നോക്കി മറുപടിക്ക് കാത്തു നിന്ന കൃഷ്ണനെ തളർത്തിക്കൊണ്ടു സുമ തന്റെ കയ്യിലെ അവസാന ആണി ആഞ്ഞടിച്ചു.
“മോനെ…അവളിപ്പോൾ കിച്ചുവിന്റെ ഭാര്യയാ…നീരജയെ ഞങ്ങൾക്ക് കിച്ചുവിനെക്കൊണ്ടു കല്യാണം കഴിപ്പിക്കേണ്ടി വന്നു….”
“സുമേ….”
അലർച്ച പോലെ രാഘവന്റെ സ്വരം അവിടെ മുഴങ്ങി.
“നിന്റെ നാവാട്ടം നിർത്തിക്കൊ…”
“അതിനു ഞാൻ ഇല്ലാത്തത് വല്ലോം പറഞ്ഞോ…”
സുമ വീണ്ടും മുറുമുറുത്തു, എന്നാൽ രാഘവന്റെ കൂർത്ത നോട്ടം തന്നിലേക്ക് നീളുന്നതറിഞ്ഞ സുമ പതുങ്ങി അടുക്കളയിലേക്ക് കയറി.
കയ്യിൽ ഉരുട്ടിയെടുത്ത ഉരുള പാത്രത്തിലേക്ക് തന്നെ കയ്യിൽ നിന്ന് ഊർന്നു വീഴുമ്പോൾ കൃഷ്ണന്റെ കണ്ണു നിറയുന്നത് കണ്ട അമലയുടെ ഹൃദയം നുറുങ്ങി.
വിളിക്കാൻ ആഞ്ഞെങ്കിലും ഒരക്ഷരം മിണ്ടാതെ ഉണ്ട കൈ കഴുകാതെ പുറത്തേക്ക് നടന്ന കൃഷ്ണനെ കണ്ടു അമല സാരിതുമ്പെടുത്തു കൈമുറുക്കി പിടിച്ചു കസേരയിലിരുന്ന് കണ്ണീർ വാർത്തു.
“അമലേ….എന്താ നമ്മൾ ഇപ്പൊ ചെയ്യ…”
രാഘവൻ അമലയുടെ തോളിൽ പിടിച്ചു ചോദിച്ചു.
“എനിക്കറിയില്ല ഏട്ടാ….ആരുടെ കൂടെയാ ഞാൻ നിക്കാ…പറഞ്ഞു വരുമ്പോൾ ഈ പാതകം ചെയ്യിച്ചത് ഞാൻ തന്നെ അല്ലെ…”
നിലവിളി പോലെ അമലയുടെ ശബ്ദം ഇടറിയപ്പോൾ തോളിൽ തട്ടി രാഘവൻ പെങ്ങളെ ആശ്വസിപ്പിച്ചു.
“നീ മേലേക്ക് ചെന്നു മോളെ നോക്ക്, അവളെ തനിച്ചു വിടണ്ട….അവളുടെ അവസ്‌ഥ എന്തായിരിക്കും…”