ഏട്ടത്തി 3 [Achillies] [Climax]

Posted by

കൃഷ്ണൻ സഞ്ചി തൂക്കി എഴുന്നേറ്റു.

വിശപ്പിനെക്കുറിച്ചു പറഞ്ഞ മകനെ ഓർത്തു അമലയുടെ ഹൃദയം വിങ്ങി കണ്ണിൽ നീര് പൊടിഞ്ഞു.

“നീരജയെ കണ്ടില്ലല്ലോ…അവൾ ഇവിടെ ഇല്ലേ…വീട്ടിലേക്കു പോയോ…. അവളെ കണ്ടു സംസാരിക്കണം മാപ്പു പറയണം, കൂട്ടിക്കൊണ്ടു വന്നു ഇനിയുള്ള കാലം അവളെ പോറ്റണം…”

“അതിന്..മോനെ നീരജ…”

സുമ പറയാൻ തുടങ്ങിയത് കണ്ടു ഭയന്ന അമലയുടെ മുഖം വിളറി വെളുത്തു.

“അമലേ…നീ കൃഷ്ണനെ അകത്തേക്ക് കൂട്ടി പോ, അവനു എന്തേലും ഭക്ഷണം കൊടുക്ക്, നിന്റെ കൈകൊണ്ടു എന്തെങ്കിലും കഴിക്കാൻ അവനു കൊതിയുണ്ടാവും…”

പെങ്ങളുടെ മുഖം പിടഞ്ഞത് കണ്ട രാഘവന്റെ വാക്ക് കേട്ടതും അമല കൃഷ്ണനെ ഒന്നു നോക്കി, അകത്തേക്ക് നടന്നു. എഴുന്നേറ്റു മുണ്ട് ഒന്നു കുടഞ്ഞുടുത്തു അമ്മയുടെ പുറകെ അനുസരണയോടെ കൃഷ്ണനും നടക്കുന്നത് കണ്ടു നിന്ന കിച്ചുവിന്റെ തോളിൽ രാഘവന്റെ കൈ തങ്ങി നിന്നു.

“മോനൊന്നു വാ…വല്യച്ഛനു കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”

രാഘവൻ എന്താവും പറയാൻ പോവുന്നത് എന്നു അറിയില്ലെങ്കിലും, അത് തന്നെയും ചക്കിയെയും തകർക്കുന്ന ഒന്നായിരിക്കരുതെ എന്നു പ്രാര്ഥിച്ചുകൊണ്ടു കിച്ചു അയാളുടെ ഒപ്പം നടന്നു.

“കിച്ചു….നിന്നോട് ഇപ്പൊ എന്തു പറയണം എന്ന് എനിക്ക് അറിഞ്ഞുകൂടാ…നിന്റെ അവസ്‌ഥ എന്താണ് എന്ന് എനിക്ക് മനസിലാവും,….പക്ഷെ….”

വല്യച്ഛൻ പറഞ്ഞു നിർത്തി ഒന്നു ശ്വാസം എടുത്ത സമയം കിച്ചുവിന്റെ ബോധം അറ്റ് പോവുമ്പോലെ തോന്നി. കേൾക്കാൻ പാടില്ലാത്തത് എന്തോ പറയാനുള്ള തയ്യാറെടുപ്പ് പോലെ നിശബ്ദത ചുറ്റും പരന്നു.

“ഇപ്പോൾ അവനോടു ഒന്നും പറയേണ്ട, നീരജയെ നീ കല്യാണം കഴിച്ചതോ ഒന്നും… അവൻ ഒന്നു പൊരുത്തപ്പെടാൻ ഉള്ള അവസ്‌ഥ എത്തുമ്പോൾ നയത്തിൽ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞോളാം…”

തോളിൽ കൈ വെച്ചു രാഘവൻ പറയുമ്പോൾ പ്രജ്ഞയറ്റവനെ പോലെ തലയാട്ടി കിച്ചു നിന്നു, ഉള്ളിൽ പുകയുന്ന നേരിപ്പൊട് പുറത്തേക്ക് വരാതെ അവൻ ചെറു ചിരിയാൽ മറച്ചു. തോളിൽ തട്ടി നടന്നു നീങ്ങുന്ന വല്യച്ഛനെ നോക്കി, മുറ്റത്ത് അവൻ ലോകം നഷ്ടപ്പെട്ടവനെ പോലെ നിന്നു.

അകത്തു കൃഷ്ണൻ അമല വിളമ്പി കൊടുത്ത ചോറ് വാരി ആർത്തിയോടെ കഴിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *