കിച്ചു കൃഷ്ണനെ നോക്കിക്കണ്ടു, അയഞ്ഞ കറുപ്പ് ജുബ്ബയും നര വീണു പിന്നി തുടങ്ങിയ കറുത്ത കാവി മുണ്ടും, കരിവാളിച്ച മുഖവും കൈകളും, താടി കുറച്ചു നീണ്ട മുഖം മുടി കൊഴിഞ്ഞു നെറ്റിയിലേക്ക് കേറിയിട്ടുണ്ട്, പണ്ടുള്ളതിനെക്കാൾ മെല്ലിച്ച ശരീരം. കൃഷ്ണൻ തന്റെ മുൻപിൽ കൊണ്ടു വെച്ച ഗ്ലാസ്സിലെ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി.
“മരിക്കാൻ തന്നെയാ എഴുതി വെച്ചു പോയത് വല്യച്ച…പക്ഷെ വിധി കരുതി വെച്ച ബാക്കി കൂടി അനുഭവിക്കാതെ എങ്ങനെയാ പോവാൻ കഴിയ…”
കൃഷ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ കിച്ചു വാതിൽ പടിയിൽ നിന്ന അമ്മയിലേക്ക് നോക്കി. തന്നെപ്പോലെ മരവിച്ചു കൃഷ്ണനെ നോക്കി നിൽക്കുന്ന അമലയെ കണ്ട കിച്ചു വീണ്ടും ഉലഞ്ഞു. അവന്റെ കണ്ണുകൾ വീണ്ടും നീണ്ടു, എന്നാൽ കണ്ണിൽ എവിടെയും താൻ തേടിയവളെ പെട്ടില്ല..തന്റെ പാതിയെ, അവൾ അറിഞ്ഞു കാണുമോ എന്നവൻ ഭയന്നു, അറിഞ്ഞാൽ താൻ വീണ്ടും ഒരു രണ്ടാമൂഴക്കാരനായി മാറുമോ എന്ന ഭയം അവനിൽ നിറഞ്ഞു.
“നീ എന്തിനാ മോനെ മരിക്കാൻ ഒക്കെ തീരുമാനിച്ചെ…നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കുന്നവരെ ഒക്കെ എങ്ങനെ മറക്കാൻ പറ്റി…”
ലോകത്തു വെച്ചു ഏറ്റവും കാണാൻ കൊതിച്ചത് കൃഷ്ണനെ ആയിരുന്നു എന്ന കണക്ക് സുമ കണ്ണീരൊഴുക്കി കള്ളം പറഞ്ഞു.
മരിച്ചവർ തിരിച്ചു വന്നാൽ ശെരിക്കും സന്തോഷമാണോ, സങ്കടമാണോ തോന്നേണ്ടത്, ഏട്ടൻ മരിച്ചിട്ടില്ല എന്നറിയുമ്പോൾ അനിയന് സ്വാഭാവികമായും സന്തോഷവും, മൂത്ത മകൻ കൊള്ളിവെക്കാൻ ഉണ്ടെന്നു അറിയുമ്പോൾ വൈധവ്യം തീണ്ടിയ അമ്മയ്ക്ക് പുണ്യവുമാണ് തോന്നേണ്ടത്, എന്നാൽ കൃഷ്ണൻ തിരികെ വന്നപ്പോൾ മനസ്സിൽ നിറയുന്നതെന്തെന്നു തിരിച്ചറിയാൻ അമലയ്ക്കും കിച്ചുവിനും ചുഴിഞ്ഞു നോക്കിയിട്ടും മനസിലായില്ല… മുകളിൽ മുറിയിൽ നൂല് കൊണ്ട് കെട്ടിയ ജീവിതത്തിന് ഇനി എത്ര ആയുസ്സ് കാണുമെന്നു പോലും ചിന്തിക്കാൻ ആവതില്ലാത്ത പെണ്ണിന്റെ തേങ്ങലുകൾ കിടക്കയിലെ തുണിവിരി ഏറ്റുവാങ്ങി.
“കാശിയിൽ തന്നെ യാത്ര തീർക്കണം ന്നാ വല്യച്ഛ കരുതിയെ, ഗംഗയിൽ ലയിക്കാൻ, ഇറങ്ങിയതാ,…പടിക്കെട്ടിൽ ഇരുന്ന് പ്രാര്ഥിക്കുമ്പോഴാ, ഒരു ഗുരു വന്നു വിളിക്കുന്നത്, നല്ല പ്രായം ഉണ്ടാവും,മുടി ഒക്കെ നരച്ചു കാഷായം ധരിച്ചു ജഡ മൂടിയ മുഖവുമായി,… ഗുരു കൈലാസത്തിലേക്ക് പോകുവാണ് കൂടെ ചെല്ലാൻ പറഞ്ഞു.