***********************************
അമലയും സുമയും അമ്പലത്തിലേക്ക് പോവുന്നത് കണ്ടാണ് കൃഷ്ണൻ തൊടിയിൽ നിന്നും വീട്ടിലേക്ക് കയറിയത്, മനസ്സിൽ ഒരു പദ്ധതി ഒരുക്കിയ കൃഷ്ണൻ നീരജയോട് സംസാരിക്കണം എന്ന ചിന്തയിൽ അവളെ തേടി വീട്ടിൽ കടന്നു. വാതിൽ അടച്ചു അമ്മയുടെയും നീരജയുടെയും മുറിയിൽ കയറുമ്പോൾ കിച്ചു മുകളിൽ ഉണ്ടെങ്കിലും അവനോടു മുൻപ് പറഞ്ഞ കാര്യങ്ങൾ വെച്ചു ധൈര്യം സംഭരിച്ചിരുന്നു കൃഷ്ണൻ.
മുറിയിൽ നീരജയെ കണ്ടില്ലെങ്കിലും ബാത്റൂമിലെ വെള്ളം വീഴുന്ന സ്വരത്തിൽ നിന്നും അവൾ അകത്തുണ്ടെന്നു കണക്ക് കൂട്ടി കൃഷ്ണൻ മുറിയിൽ തന്നെ ഇരുന്നു.
മുഖം കഴുകി തുടച്ചു പുറത്തിറങ്ങിയ നീരജ കട്ടിലിൽ ഇരിക്കുന്ന കൃഷ്ണനെ കണ്ടു ഞെട്ടി. പുറത്തിറങ്ങിയ നീരജയെ കണ്ടു ഉഴിഞ്ഞു നോക്കിയ കൃഷ്ണൻ അവളെ നോക്കി ചിരിച്ചു. നനഞ്ഞു വെള്ളം ഇറ്റുന്ന മുടിയും ചുറ്റി നനഞ്ഞു നിൽക്കുന്ന നയ്റ്റിയിൽ സൗന്ദര്യം നിറച്ചു നിൽക്കുന്ന നീരജയെ കണ്ണിമ വെട്ടാതെ കൃഷ്ണൻ നോക്കി. തിരികെ വന്ന ശേഷം ആദ്യമായി ആയിരുന്നു കൃഷ്ണൻ അവളെ കാണുന്നത്.
അപ്പോഴും കൃഷ്ണനെ നേരിൽ കണ്ട പകപ്പിൽ ആയിരുന്നു നീരജ. അവളുടെ വിരലുകൾ നയ്റ്റിയിലെ തുണി കൂട്ടി തെരുപിടിപ്പിച്ചു.
“വന്ന ദിവസം തൊട്ടു ഞാൻ നോക്കുവായിരുന്നു….എന്താ എന്റെ അടുത്തു വരാതിരുന്നെ…”
കൃഷ്ണൻ അവളെ നോക്കി പറഞ്ഞു. നീരജ അപ്പോഴും വിളറി നിന്നതെയുള്ളൂ.
“എനിക്കറിയാം…. ഞാൻ ജീവിച്ചിരിക്കെ കിച്ചുവിനെ കെട്ടേണ്ടി വന്ന സങ്കടം നിനക്ക് ഉണ്ടാവും എന്നു….അതുകൊണ്ടാ എന്നെ കാണാൻ നിനക്ക് ബുദ്ധിമുട്ട് തോന്നിയതെന്നു,….സാരമില്ല… ആ സമയം നിനക്ക് വേറെ വഴി ഇല്ലാതിരുന്നത് കൊണ്ടാണ് അവന്റെ താലി സ്വീകരിച്ചതെന്ന് ആരും പറഞ്ഞില്ലെങ്കിലും എനിക്കറിയാം….ആ എല്ലാം നടക്കാനുള്ളതായിരുന്നു…അതെല്ലാം നടന്നു,കഴിഞ്ഞത് കഴിഞ്ഞു, ഇനി ജീവിക്കാനുള്ളത് നമ്മളാ…”
കൃഷ്ണൻ പറഞ്ഞത് കേട്ടതും നീരജ പകപ്പോടെ അയാളെ നോക്കി.
അവനോട് ഞാൻ സംസാരിച്ചു, നിന്റെ ഇഷ്ടം എന്താണോ അതിന് അവൻ എതിര് നിൽക്കില്ലെന്നു,…അല്ലെങ്കിലും ഏട്ടത്തിയെ കെട്ടി ജീവിക്കുന്നതൊക്കെ അവനു നാണക്കേടല്ലേ.”
കൃഷ്ണൻ ചൂഴ്ന്നു പറഞ്ഞ ശേഷം നീരജയെ വീണ്ടും നോക്കി.
“അമ്മയും എല്ലാവരും വരുമ്പോൾ നീ പറഞ്ഞാൽ മതി…പിന്നെ ഇവിടെ നിക്കേണ്ട…ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്..ഇവിടെ ഇനി നിനക്കും നിൽക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നറിയാം. അതിനുള്ള വഴിയും ഞാൻ കണ്ടിട്ടുണ്ട് നീ ഒന്നും പേടിക്കണ്ട..”