“ഹ്മം…ഏത് സ്ട്രീമാണ്?”
“സയന്‍സ്…ബയോ വിത്തൌട്ട് മാത്സ്….സാന്ദ്രയോ?”
“ഞാന്‍ ബേസിക് മാത്സ് വിത്ത് അക്കൌണ്ടന്‍സി…”
അന്നു വൈകുന്നേരം തന്നെ താന്‍ അടുത്ത കൂട്ടുകാരായ എറിക്കിനേയും ജഗ്ഗു എന്ന ജഗദീഷിനേയും ഫിലിപ്പിനെയും അവന്‍റെ ഗേള്‍ഫ്രണ്ട് രവീണയേയും കൂട്ടിക്കൊണ്ടുവന്നു. അവരോടൊക്കെ അവന്‍ പെട്ടെന്നടുത്തു. അവര്‍ക്കും ആദ്യനിമിഷം തന്നെ തോന്നി, തങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പെര്‍ഫെക്റ്റ് മാച്ചാവുന്ന സുഹൃത്താണ് അവനെന്ന്.
അപ്പോള്‍ തന്നെ താനവന് ഹൃദയം നല്‍കി ആഗ്രഹിച്ചു. ഇത് മറ്റു പ്രണയങ്ങള്‍ പോലെയല്ല. ഇവനെ സ്വന്തമാക്കണം. ജീവിത പങ്കാളിയാക്കണം. അവസാനം വരെ. പലപ്പോഴും നോട്ടങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും ആലിംഗനങ്ങളിലൂടെയും അവന് സൂചന നല്‍കി. അടുത്ത്, തൊട്ടടുത്ത് തന്നെ ആയിരുന്നു താന്‍ എപ്പോഴും അവന്‍റെ . എന്നും തന്നെ അവന്‍റെ വീട്ടില്‍ പോകും. അവന്‍റെ മമ്മ കാതറിന്‍ ആന്‍റിയുമായും താന്‍ വളരെ അടുത്തു.
അവന്‍ പറഞ്ഞത് ശരിയായിരുന്നു, എങ്ങനെ തോന്നി സ്റ്റീഫന്‍ അങ്കിളിന് കാതറിന്‍ ആന്‍റിയെ ഡിവോഴ്സ് ചെയ്യാന്‍!
അത്ര സുന്ദരിയായിരുന്നു കാതറിന്‍ ആന്‍റി. അവരുടെ മുഴുവന്‍ സൌന്ദര്യമാണ് നെവിലിനു കിട്ടിയിരിക്കുന്നത്.
ഒരു മാസം മുമ്പ്, സ്പ്രിംഗ് ബ്രേക്കില്‍ വാള്‍ഡന്‍ ലേക്കില്‍ ടെന്‍റ്റ് കെട്ടി അവധിക്കാലം ചെലവിടുന്ന സമയം. എറിക്കും ജഗ്ഗുവും ഫിലിപ്പും രവീണയും ലേക്കിന്‍റെ സൈഡില്‍ മീന്‍ പിടിക്കുമ്പോള്‍ താന്‍ അവനെ വിളിച്ചു.
“വരൂ, എനിക്ക് സംസാരിക്കണം,”
താന്‍ പറഞ്ഞു.
“പ്രൈവറ്റായിട്ടോ?”
അവന്‍ ചോദിച്ചു.
“യെസ്, ഇന്‍ പ്രൈവസി….”
വികാരം നിയന്ത്രിക്കാന്‍ ശ്രമിച്ച് താന്‍ പറഞ്ഞു.
താന്‍ അവന്‍റെ കൈപിടിച്ച് ഒരു മേപ്പിള്‍ മരത്തിന്‍റെ തണലിലേക്ക് ചെന്നു.
ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതത്തില്‍നിന്ന് നേര്‍ത്ത മഞ്ഞിന്‍റെ ആവരണം അപ്പോള്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. പര്‍വ്വത ശിഖരങ്ങള്‍ ഇളം ചൂടുള്ള വെയിലിന്‍റെ പുതപ്പില്‍ സുഖമായി അമര്‍ന്നു. ചുവന്ന റോബിനുകള്‍ മേപ്പിള്‍ ചില്ലകളിലേക്ക് പറന്നു വന്നു തങ്ങളെ നോക്കി.
താന്‍ തിരിഞ്ഞു നോക്കുമ്പോള്‍ എറിക് പെരുവിരല്‍ ഉയര്‍ത്തി വിജയമാശംസിച്ചു.
“എന്താടീ, ഇത്ര സീക്രട്ട്?”
മേപ്പിള്‍ മരത്തിനു ചുവട്ടില്‍ വെച്ച് അവന്‍ ചോദിച്ചു.
താന്‍ അവന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“നെവിലിനു എന്നെ ഇഷ്ടമല്ലേ?”
“പിന്നെ ഇഷ്ടമല്ലേ? മോണ്‍ട്രിയോളിലെ എന്‍റെ ആദ്യത്തെ ഫ്രണ്ട് അല്ലെ നീ?”