അത് കേട്ട് തന്‍റെ മുഖം ആശ്വാസം കൊണ്ട് നിറഞ്ഞു.
“നടന്ന സംഭവം ഞാന്‍ വിവരിച്ചത് ജഡ്ജ് വിശ്വസിച്ചിട്ടുണ്ടാവണം…”
നെവില്‍ തുടര്‍ന്നു.
“രണ്ടു മാസത്തെ ഡിറ്റന്‍ഷന്‍ കിട്ടി…വീടിന്‍റെ കോമ്പൌണ്ട് വിട്ട് വെളിയില്‍ പോകരുത്…പോയാല്‍ രണ്ട് മാസമെന്നുള്ളത് നാലുമാസമാകും…എന്‍റെ മൂവ്മെന്‍റ് മോണിട്ടര്‍ ചെയ്യാനാണ് ഇതിങ്ങനെ കാലില്‍ വെച്ചു കെട്ടിയിരിക്കുന്നത്…”
അവന്‍ പുഞ്ചിരിച്ചു, താനും.
“കോമ്പൌണ്ട് ബോര്‍ഡര്‍ ബ്രേക്ക് ചെയ്താല്‍ ആങ്കിള്‍ മോണിട്ടറില്‍ ചുവന്ന ബള്‍ബ് കത്തും…പോലീസ് സ്റ്റേഷനിലേക്ക് അലര്‍ട്ട് മെസേജ് പോകും…അലറിവിളിച്ചുകൊണ്ട് പോലീസ് കാര്‍ വരും…ഇപ്പോള്‍ ഫുള്‍ മനസിലായില്ലേ, എന്‍റെ ടെററിസ്റ്റ് ബാക്ക്ഗ്രൌണ്ട്?”
അവന്‍ ചോദിച്ചു..
“എന്തിനാ ഇങ്ങനെ ടെററിസ്റ്റ് എന്നൊക്കെ കൂടെക്കൂടെ പറയുന്നത്?”
താന്‍ അങ്ങനെ ചോദിച്ചു.
“എന്നെക്കൂടാതെ ഇങ്ങനെ ആങ്കിള്‍ മോണിട്ടറും പ്രോക്സിമിറ്റി സെന്‍സറും കിട്ടിയിട്ടുള്ളത് ടെററിസ്റ്റുകള്‍ക്കായതുകൊണ്ട്…”
അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അതിന്‍റെ മനോഹാരിതയിലേക്ക് താന്‍ സ്വയം മറന്നു നോക്കി നിന്നു അല്‍പ്പ സമയം.
ക്യൂബെക്കിലെ പ്രശസ്തമായ സെയിന്‍റ്റ് ജോണ്‍സ് സ്കൂളിലെ സമര്‍ത്ഥരായ വിദ്യാര്‍ഥികളില്‍ ഒരുവനായിരുന്നു അവന്‍. സ്കോളര്‍ഷിപ്പോടെ പഠനം. പങ്കെടുക്കുന്ന കള്‍ച്ചറല്‍, സ്പോര്‍ട്സ് ഇനങ്ങളിലോക്കെ മെഡലുകള്‍. കമ്യൂണിറ്റി ആക്റ്റിവിറ്റീസിലോക്കെ മുന്‍പന്തിയില്‍.
അവന്‍റെ ഡേറ്റിങ്ങിനു പെണ്‍കുട്ടികള്‍ കാത്തുനിന്നു.
“അപ്പോള്‍ ഇവിടെ നിന്ന് ക്യൂബെക്കിലെക്ക് എങ്ങനെ എന്നും പോകും?”
താന്‍ ചോദിച്ചു.
“ഡോമിലോ ഹോസ്റ്റലിലോ നില്‍ക്കേണ്ടേ?”
ക്യുബെക്കിലേക്ക് മോണ്‍ട്രിയോളിലെക്ക് ഏകദേശം ഇരുനൂറ്റി എണ്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നുവെച്ചാല്‍ കുറഞ്ഞത് മൂന്ന്‍ മണിക്കൂര്‍ എങ്കിലും വേണ്ടിവരും അവിടെയെത്താന്‍.
“അതിനിനി ആര് പോകുന്നു അങ്ങോട്ട്?”
അവന്‍ പറഞ്ഞു.
“അവിടുന്ന് ട്രാന്‍സ്ഫര്‍ വാങ്ങി….ഇവിടെ സെയിന്‍റ് ലോറന്‍സില്‍ ചേര്‍ന്നു…മമ്മയും ട്രാന്‍സ്ഫര്‍ വാങ്ങി..ഇവിടുത്തെ തോറോ സെന്‍ട്രല്‍ ലൈബ്രറിയില്‍… ഞാന്‍ പട്ടിയെ വളര്‍ത്തുന്നില്ല…ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ, എന്‍റെ പട്ടി പോകും അങ്ങോട്ടെന്ന്‍!”
“സെയിന്‍റ് ലോറന്‍സിലോ? സെയിന്‍റ് ലോറന്‍സിലാണോ നെവില്‍ ചേര്‍ന്നത്? ”
അത് ചോദിക്കുമ്പോള്‍ തന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ചു കത്തിയിരുന്നു.
“എന്താ? എന്തേലും പ്രോബ്ലാമുണ്ടോ, അവിടെ?”
“പ്രോബ്ലമോ?”
താന്‍ ചിരിച്ചു.
“തമാശ പറയല്ലേ നെവില്‍…അവിടെയാണ് ഞാന്‍ പഠിക്കുന്നത്…!”
“റിയലി?”
അപ്പോള്‍ അവനും ചിരിച്ചു. എന്തൊരു മുടിഞ്ഞ ചിരിയാണ് ചെറുക്കന്‍റ്റെ! എത്ര വര്‍ഷം വേണമെങ്കിലും തപസ്സിരിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകും അവനങ്ങനെ ചിരിച്ചാല്‍!