നെവില്‍ ഒന്ന് നിര്‍ത്തി.
“ഞാനും കുറെ നാള്‍ സ്കൂളില്‍ പോയില്ല…അതിന്‍റെ ഷോക്കില്‍…”
അവന്‍ തുടര്‍ന്നു.
“കുറെ നാള്‍കൂടി സ്കൂളില്‍ പോയതിന്‍റെ ആദ്യ ദിവസം…കെമിസ്ട്രി ക്ലാസ് ആണ്…കെമിക്കല്‍ ബോണ്ടിനെക്കുറിച്ചോ എന്തോ ഒരു ചോദ്യം ചോദിച്ചു, ടീച്ചര്‍…അയാള്‍ ഒരു സ്പാനിയാഡ് ആണ്..അതുകൊണ്ട് തന്നെ പ്രോനൌന്‍സിയേഷനൊക്കെ മഹാ അബദ്ധമാണ്…എനിക്ക് അന്‍സര്‍ ചെയ്യാന്‍ പറ്റിയില്ല….ഒന്നാമത് മമ്മയെ ഓര്‍ത്ത് എപ്പോഴും ഉള്ളില്‍ ഒരു നീറ്റലാ…അപ്പോഴാണ് അയാടെ അമ്മേടെ ഒരു ചോദ്യം…”
അവന്‍റെ വാക്കുകളില്‍ ദേഷ്യം കുമിഞ്ഞുകൂടുന്നത് താന്‍ അറിഞ്ഞു.
“അന്‍സര്‍ പറയാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഏതേലും പെണ്ണിനെ ഓര്‍ത്തോണ്ടിരിക്കുവാണോ എന്ന് എന്‍റെ അടുത്ത് വന്ന് ചെവീല്‍ അയാടെ ഒരു ചോദ്യം…”
നെവില്‍ തുടര്‍ന്നു.
“ഞാന്‍ എന്‍റെ പാവം മമ്മയെ ഓര്‍ത്തുകൊണ്ട് ഇരിക്കയാണ് സാര്‍ എന്ന് ഞാന്‍ പറഞ്ഞു…അപ്പോള്‍ ആ ബാസ്റ്റാര്‍ഡ് ചോദിക്കുവാ, എന്താടാ അവള് വല്ലവന്‍റ്റെ കൂടേം ഒളിച്ചോടിപ്പോയോ എന്ന്…”
ഹോസ്പൈപ്പ് നിലത്തിട്ട് നെവില്‍ വലത് മുഷ്ടിചുരുട്ടി തന്നെ നോക്കി.
എന്നിട്ട് മൈക്ക് ടൈസന്‍ ഹോളിഫീല്‍ഡിനെ നോക്കുന്നത് പോലെ എന്നെ നോക്കി.
ഇനി കലി കയറി അവന്‍ തന്നെയെങ്ങാനും ഇടിച്ചു നിലത്തിടുമോ എന്ന് താന്‍ ഭയപ്പെട്ടു.
“എന്‍റെ മൊത്തം കണ്ട്രോളും പോയി….”
നെവില്‍ തുടര്‍ന്നു.
“കൈ മുകളിലേക്ക് പൊങ്ങിയത് മാത്രമേ ഓര്‍മ്മയുള്ളൂ…എത്ര തവണ അയാളുടെ മൂക്കും മുഖവും നോക്കി ഇടിച്ചു എന്ന് എനിക്ക് അറിയില്ല..ചോരയില്‍ കുളിച്ച് നിലത്ത് വീണു കിടന്ന അയാളെ ഹോസ്പ്പിറ്റലില്‍ എത്തിക്കാന്‍ പോലും ക്ലാസ്സില്‍ ആരുമുണ്ടായിരുന്നില്ല, എന്‍റെ മട്ടും ഭാവവും കണ്ടിട്ട് ക്ലാസ്സിലുള്ളവര്‍ മൊത്തം പേടിച്ച് പുറത്തേക്ക് ഓടിയിരുന്നു…”
തന്‍റെ കണ്ണുകള്‍ അവിശ്വസനീയത കൊണ്ട് വിടര്‍ന്നു.
“ കൌണ്ടി പോലീസ് ബില്‍ഡിങ്ങില്‍ എത്തിയപ്പോള്‍ അവിടെ മറ്റൊരു ട്വിസ്റ്റ്…”
നെവില്‍ തുടര്‍ന്നു.
“ഷെറീഫ് [പോലീസ് സ്റ്റേഷന്‍ ഒഫീസറെ ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ അങ്ങനെയാണ് വിളിക്കുന്നത്] ഇയാളുടെ മൂത്ത സഹോദരനാണ്… ഞാനിട്ട വകുപ്പ് വെച്ച് നായിന്‍റെ മോനെ, നീ കുറെ കഷ്ട്ടപ്പെടും, അയാള്‍ എന്നോട് പറഞ്ഞു. മമ്മയും അറ്റോര്‍ണിയും കരഞ്ഞു കാലുപിടിച്ചിട്ടും അയാള്‍ അനങ്ങിയില്ല…കോര്‍ട്ടില്‍ എന്തായാലും എഴുതി ചേര്‍ത്ത വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയൊന്നും തന്നില്ല…”