ചുവന്ന ടീ ഷര്‍ട്ട്, കറുത്ത ഷോട്ട്സ്. അലസമെങ്കിലും ഭംഗിയുള്ള തലമുടി. അവന്‍ പെട്ടെന്ന് മുഖം തിരിച്ചു നോക്കിയപ്പോള്‍ തന്‍റെ മാറിടം തുടിച്ചത് താന്‍ വ്യക്തമായി അറിഞ്ഞു.
ജീസസ്! എന്ത് ഭംഗിയുള്ള കണ്ണുകള്‍! വിടര്‍ന്ന, പ്രകാശമുള്ള, നീലക്കണ്ണുകള്‍. അതിന്‍റെ കാന്തിക ഭംഗി! നിറ താരുണ്യം വഴിഞ്ഞൊഴുകുന്ന മിഴിവ്!
ഒറ്റ നോട്ടത്തില്‍ തന്നെ തന്‍റെ ദേഹം ചൂട് പിടിച്ച് വിറച്ചത് അന്നറിഞ്ഞു. ആണ്‍കുട്ടി ഒരു അദ്ഭുതമായി തനിക്ക് തോന്നിയത് അന്നാണ്. ഇതുവരെ ഇഷ്ട്ടപ്പെട്ടതും പ്രണയിച്ചതുമൊക്കെ പ്ലാസ്റ്റിക് ചെക്കന്മാരെയാണ് എന്നുപോലും തോന്നി.
ശില്‍പ്പഭംഗിയുള്ള ഉടലിന്‍റെ താരുണ്യ സൌന്ദര്യം ടീ ഷര്‍ട്ടിനുള്ളില്‍ നിറഞ്ഞു തുളുമ്പുന്നു. ഷോട്ട്സിന് താഴെ തടിച്ച, ഷേപ്പുള്ള തുടകളുടെ അപാര സൌന്ദര്യം.
“ആരാ?”
അവന്‍ ചോദിച്ചു. ഇംഗ്ലീഷില്‍. ശബ്ദവും എന്തൊരു മാധുര്യം!
“ഞാന്‍ സാന്ദ്ര…അതാണ് എന്‍റെ വീട്…”
താന്‍ റോഡിനപ്പുറത്തുള്ള തന്‍റെ വീട്ടിലേക്ക് വിരല്‍ ചൂണ്ടി.
“ഈ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു…ഇവിടെ ആരൊ നില്‍ക്കുന്നത് കണ്ടു..അതാരാണ് എന്നറിയാന്‍…അറിയാന്‍ വന്നു നോക്കിയതാ ഞാന്‍…”
അവന്‍റെ മുമ്പില്‍ തന്‍റെ വാക്കുകള്‍ വിറച്ചത് അന്നറിഞ്ഞു.
അന്നുവരെ ആണ്‍കുട്ടികളായിരുന്നു തന്‍റെ മുമ്പില്‍ സംസാരിക്കുമ്പോള്‍ വിറച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍…എന്ത് പറ്റി തനിക്ക്?”
“മലയാളിയാണോ?”
പെട്ടെന്നവന്‍ ചോദിച്ചു. താന്‍ വിസ്മയഭരിതയായി.
“അതേ….യൂ?”
“യെസ്, ഞാനും…”
“പേര്?”
“നെവില്‍ സ്റ്റീഫന്‍…നെവില്‍…”
“എന്താ പേര്?”
അവന്‍ ചോദിച്ചു.
“സാന്ദ്ര, സാന്ദ്ര ജെയിംസ്….”
അത് പറഞ്ഞു കഴിഞ്ഞാണ് താന്‍ കാണുന്നത് അവന്‍റെ ഇടത് കാലില്‍ ഉപ്പൂറ്റിയോട് ചേര്‍ന്ന് ടി വി റിമോട്ട് പോലെ എന്തോ കൊളുത്തിക്കെട്ടിവെച്ചിരിക്കുന്നു. വലത് കാലില്‍, കാല്‍മുട്ടിന് പിമ്പില്‍ മൈക്രോച്ചിപ്പ് പോലെ മറ്റെന്തോ തിളങ്ങുന്നു.
താന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അവന്‍റെ മുഖത്തെ പ്രസന്നത മാഞ്ഞു. പുഞ്ചിരി മാറി ദേഷ്യം കടന്ന് വന്നു. പെട്ടെന്ന് ദേഷ്യവും മാറി, മുഖം നിറയെ നിര്‍വ്വികാര ഭാവം നിറഞ്ഞു.
“നെവില്‍…അത് …? എന്താ അത്?”
ഇടത് കാലിന്‍റെ ഉപ്പൂറ്റിയിലേക്ക് നോക്കി താന്‍ ചോദിച്ചു.
“കെമിസ്ട്രി ടീച്ചറുടെ മൂക്ക് ഇടിച്ചു പരത്തിയതിന് കിട്ടിയ സമ്മാനം!”
ഭാവഭേദം കൂടാതെ അവനത് പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഷോക്കടിച്ചത് പോലെയായി.